അമിത് ഷായെ രാജ്യദ്രോഹിയെന്നും ഹാര്‍ദ്ദിക് പട്ടേലിനെ രാജ്യസ്‌നേഹിയെന്നും വിളിച്ച് കെജ്‌രിവാള്‍

kejrival
സൂറത്ത്: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ രാജ്യദ്രോഹിയാണെന്നും പതീദാര്‍ വിഭാഗത്തിന്റെ നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍ രാജ്യസ്‌നേഹിയുമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. 2017ലെ അസംബ്ലി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ ആരംഭിച്ച പ്രചാരണത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അമിത് ഷായെ ജനറല്‍ ഡയറിനോടാണ് കെജ്‌രിവാള്‍ ഉപമിച്ചത്.

സംസ്ഥാനത്തെ എ.എ.പിയുടെ ആദ്യ റാലിയില്‍, ബി.ജെ.പിയും കോണ്‍ഗ്രസും ഭര്‍ത്താവിനെയും ഭാര്യയെയും പോലെയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലും യോജിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കെജ്‌രിവാള്‍ ആരോപിച്ചു. തെരഞ്ഞെടുപ്പിന് ശേഷം നിയമസഭയില്‍ ഇരിക്കുന്നത് ആം ആദ്മി ആയിരിക്കുമെന്നും കോണ്‍ഗ്രസോ ബി.ജെ.പിയോ ആയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

2015 ഓഗസ്റ്റ് 26ന് പത്തീദാര്‍ പ്രക്ഷോപകര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ആരാണ് നിര്‍ദ്ദേശം നല്‍കിയത്? അവരും ഇന്ത്യന്‍ പൗരന്മാരാണ് അല്ലാതെ തീവ്രവാദികളല്ല. പൊലീസ് വെടിവയ്പില്‍ പതിനാല് യുവാക്കളാണ് മരിച്ചത്. എല്ലാവര്‍ക്കും അറിയാം ആരാണ് നിര്‍ദ്ദേശം നല്‍കിയതെന്ന്. അത് അമിത് ഷായാണ്. ആരാണ് ഈ സംസ്ഥാനത്തെ നിയന്ത്രിക്കുന്നതെന്ന് അറിയാമോ? അതും അമിത് ഷായാണ്. ആദ്യം ആനന്ദി ബന്‍ പട്ടേലായിരുന്നു മുഖ്യമന്ത്രി. ഇപ്പോള്‍ അത് വിജയ് രൂപാനി, അമിതാ ഷായുടെ വെറും റബര്‍ സ്റ്റാമ്പാണ് അയാള്‍ എ്ന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി.

You must be logged in to post a comment Login