അമേരിക്കന്‍ അത്‌ലറ്റ് ജെസി ഓവന്റെ ഒളിമ്പിക് മെഡല്‍ ലേലത്തിന്

കറുത്തവനോടുള്ള അവഗണനയ്‌ക്കെതിരെ തന്റെ പ്രകടനത്തിലൂടെ പ്രതികരിച്ച അമേരിക്കന്‍ അത്‌ലറ്റ് ജെസി ഓവന്റെ ഒളിമ്പിക് മെഡല്‍ ലേലത്തിന്. 1936ലെ ബെര്‍ലിന്‍ ഒളിമ്പിക്‌സില്‍ നേടിയ നാല് സ്വര്‍ണമെഡലുകളില്‍ ഒന്നാണ് ലേലത്തിന് വെച്ചിരിക്കുന്നത്. നവംബര്‍ 20 മുതല്‍ ഡിസംബര്‍ ഏഴ് വരെ മെഡല്‍ ലേലത്തിന് വെയ്ക്കുമെന്ന് ഓണ്‍ലൈന്‍ ലേലകമ്പനിയായ എസ്‌സിപിയാണ് അറിയിച്ചിരിക്കുന്നത്.

ജര്‍മ്മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുടെ നാസി വാഴ്ച്ചയുടെ കാലത്ത് നടന്ന 1936ലെ ഒളിമ്പിക്‌സില്‍ അപമാനങ്ങള്‍ ഏറെ സഹിച്ചായിരുന്നു ഓവന്‍സ് വിജയത്തിന്റെ വെന്നിക്കൊടി നാട്ടിയത്. ഹിറ്റ്‌ലര്‍ നോക്കിയിരിക്കെ നാല് തവണയാണ് ആ കറുത്ത മനുഷ്യന്‍ വിജയം ആവര്‍ത്തിച്ചത്. 100,200 മീറ്റര്‍ സ്പ്രിന്റുകളിലും ലോംഗ് ജംപിലും ഒന്നാമതായി ഫിനിഷ് ചെയ്ത ഓവന്‍ 4ത100 മീറ്റര്‍ റിലേയില്‍ സ്വര്‍ണ്ണം നേടിയ അമേരിക്കന്‍ ടീമംഗം എന്ന നിലയില്‍ നാലാമത്തെ സ്വര്‍ണ്ണവും തന്റെ പേരിനൊപ്പം ചേര്‍ത്തു.

1936ലെ ഒളിമ്പിക്‌സിനു ശേഷം ട്രാക്കിനോട് വിടപറഞ്ഞെങ്കിലും കോച്ചായും ഫിസിക്കല്‍ ട്രെയിനറായും ഓവന്‍സ് കായികരംഗത്ത് തുടര്‍ന്നു. 1980 മാര്‍ച്ച് 31ന് ശ്വാസകോശാര്‍ബുദം ബാധിച്ചാണ് ജെസി ഓവന്‍സ് ഈ ലോകത്തോട് വിടപറഞ്ഞത്.

You must be logged in to post a comment Login