അമേരിക്കയിലെ വിലകൂടിയ, വേഗം കൂടിയ കാര്‍: ഉടമ ഇന്ത്യക്കാരന്‍

koenigsegg-agera-xs-2.jpg.image.470.246

വേഗമേറിയ കാറുകള്‍ നിര്‍മ്മിക്കുന്നതില്‍ പ്രധാനിയാണ് സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ കൊണിങ്‌സേഗ്. ലോകത്തിലെ ഏറ്റവും വേഗതയേറിയ പ്രൊഡക്ഷന്‍ കാറുകളിലൊന്നായ കോണിങ്‌സേഗ് അഗേര ആര്‍എസിന്റെ അമേരിക്കന്‍ ഐക്യനാടുകളിലെത്തിച്ചത് ഒരു ഇന്ത്യക്കാരന്‍. ഫ്‌ലോറിഡ ആസ്ഥാനമായുള്ള ബിസിനസുകാരന്‍ ക്രിസ് സിങ്ങാണ് സ്വീഡിഷ് കമ്പനിയുടെ വാഹനം ആദ്യമായി അമേരിക്കയില്‍ എത്തിക്കുന്നത്. സിങ്ങിന്റെ ആവശ്യപ്രകാരം കസ്റ്റമൈസ് ചെയ്ത അഗേരയ്ക്കു കമ്പനി നല്‍കിയിരിക്കുന്ന പേര് അഗേര എക്‌സ്എസ് എന്നാണ്.

ഡയമഡ് ഡസ്റ്റ് മെറ്റാലിക് ഇഫക്‌റ്റോടു കൂടിയ ഓറഞ്ചു നിറമാണു കാറിന്. കാര്‍ബണ്‍ ഫൈബറും വലിയ റിയര്‍വിങ്ങുകളുമെല്ലാം കിടിലന്‍ ലുക്കാണു കാറിനു സമ്മാനിക്കുന്നത്. 5 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി 8 എന്‍ജിന്‍ 7800 ആര്‍പിഎമ്മില്‍ 1160 ബിഎച്ച്പി കരുത്തും 4100 ആര്‍പിഎമ്മില്‍ 1280 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 2.8 സെക്കന്‍ഡു മാത്രം വേണ്ടി വരുന്ന ആര്‍എസിന്റെ 25 യൂണിറ്റുകള്‍ മാത്രമേ കമ്പനി നിര്‍മിക്കുകയുള്ളു. ഇതില്‍ 10 എണ്ണം വാഹനം പുറത്തിറങ്ങുന്നതിനു മുന്‍പേ തന്നെ വിറ്റുപോയെന്നു കമ്പനി വെളിപ്പെടുത്തി.

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഹൈപ്പര്‍ സ്‌പോര്‍ട്‌സ് കാറുകള്‍ സ്വന്തമായുള്ള ആളാണ് ഇന്ത്യന്‍ വംശജനായ ക്രിസ് സിങ്. ലോകത്ത് മൂന്നെണ്ണം മാത്രമുള്ള ലംബോര്‍ഗിനി വേവേനോ ക്രിസിന്റെ ഗ്യാരേജില്‍ അഭിമാനമായി നിലകൊള്ളുന്നു. വാഹനം കാണുന്നതിനു മുന്നേതന്നെ 4 ദശലക്ഷം ഡോളര്‍ (ഏകദേശം 26 കോടി രൂപ) നല്‍കിയാണു ഈ സൂപ്പര്‍ കാര്‍ സിങ് സ്വന്തമാക്കിയത്. കൂടാതെ ലംബോര്‍ഗിനി അവന്റഡോര്‍ റോഡ്സ്റ്റര്‍, പഗാസി ഹൈഡ്ര തുടങ്ങിയ സൂപ്പര്‍സ്‌പോര്‍ട്‌സ് കാറുകളും ക്രിസിന്റെ ഗ്യാരേജിലുണ്ട്.

You must be logged in to post a comment Login