അമേരിക്കയില്‍ സുഹൃത്തിനെ പേടിപ്പിച്ച ഇന്ത്യന്‍ പെണ്‍കുട്ടി വെടിയേറ്റു മരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സുഹൃത്തിനെ ഭയപ്പെടുത്താനായി തമാശ കാട്ടിയ ഇന്ത്യന്‍ വംശജയായ പതിനെട്ടുകാരി സുഹൃത്തിന്റെ വെടിയേറ്റു മരിച്ചു. വെള്ളിയാഴ്ച രാത്രി കൊളറാഡോയിലായിരുന്നു അപകടം. വീടിനുള്ളില്‍ അതിക്രമിച്ചുകയറിയ അക്രമിയാണെന്നു തെറ്റിദ്ധരിച്ച സുഹൃത്ത് പ്രമീള ലാലാല്‍ എന്ന പെണ്‍കുട്ടിയെ വെടിവച്ചുവീഴ്ത്തുകയായിരുന്നു. പ്രമീളയുടെ കുടുംബ സുഹൃത്തായ നെരേക്ക് ഗാലി എന്ന ഇരുപത്തിയൊന്നുകാരനാണ് അബദ്ധത്തില്‍ വെടി വച്ചത്.
അടുത്തനാളിലാണ് പ്രമീളയുടെ കുടുംബം മറ്റൊരു വീട്ടിലേക്ക് താമസം മാറ്റിയത്. നെരേക്ക് ഗാലിയാണ് ഇവരുടെ ആദ്യവീട്ടില്‍ താമസിച്ചിരുന്നത്.

 

വെള്ളിയാഴ്ച രാത്രി പ്രമീളയും ബന്ധുവും ചേര്‍ന്നാണ് ഗാലി താമസിക്കുന്ന വീട്ടിലെത്തിയത്. ഈ സമയം പ്രമീളയുടെ സഹോദരനുമൊപ്പം ഗാലി കമ്പ്യൂട്ടര്‍ ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഗാലിയെ ഭയപ്പെടുത്താനായി പ്രമീളയും ബന്ധവും ആരുമറിയാതെ വീടിനുള്ളില്‍ കടന്നു.

 

ശബ്ദംകേട്ട ഗാലി അപരിചിതര്‍ വീടിനുള്ളില്‍ കടന്നതായി മനസിലാക്കി. വാതില്‍ തുറന്നപ്പോള്‍ ഒച്ചവച്ച് പേടിപ്പിച്ച പ്രമീളയുടെ നേര്‍ക്ക് അക്രമിയെന്നു കരുതി ഗാലി നിറയൊഴിക്കുകയായിരുന്നെന്നു പ്രമീളയുടെ പിതാവ് പറഞ്ഞു. പെണ്‍കുട്ടിയുടെ മരണം കരുതിക്കൂട്ടി നടത്തിയതല്ലെന്നും സംഭവം അതിദാരുണമാണെന്നും പോലീസ് പറഞ്ഞു. സ്‌പോര്‍ട്‌സ് താരമായിരുന്ന പ്രമീള കഴിഞ്ഞയാഴ്ച നടത്തിയ ക്രോസ് കണ്‍ട്രി മത്സരത്തില്‍ വിജയിയായിരുന്നു. ഗാലിക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തു.

You must be logged in to post a comment Login