അമേരിക്കയില്‍ ഹിജാബ് ധരിച്ചെത്തിയ യുവതിയെ ബാങ്കില്‍ നിന്ന് പുറത്താക്കി; പൊലീസിനെ വിളിക്കുമെന്ന് ഭീഷണിയും (വീഡിയോ)

ന്യൂയോര്‍ക്ക്: ഹിജാബ് ധരിച്ചതിന് അമേരിക്കന്‍ വംശജയായ മുസ്ലിം യുവതിയെ ബാങ്കില്‍ നിന്ന് പുറത്താക്കി. ഹിജാബ് അഴിച്ച് വെച്ചില്ലെങ്കില്‍ പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിയെ സൗണ്ട് ക്രെഡിറ്റ് യൂണിയന്‍ ബാങ്ക് അധികൃതര്‍ പുറത്താക്കിയത്. കാര്‍ വായ്പ തിരിച്ചടയ്ക്കാന്‍ ബാങ്കില്‍ എത്തിയ ജമേല മുഹമ്മദിനെയാണ് ഹിജാബിന്റെ പേരില്‍ ബാങ്കധികൃതര്‍ അപമാനിച്ചത്.

ബാങ്കില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ജമേല മുഹമ്മദ് ഫോണില്‍ പകര്‍ത്തിയിട്ടുണ്ട്. ബാങ്കില്‍ നടന്നത് അത്യന്തം ഹീനമായ വിവേചനമാണെന്ന് യുവതി പറഞ്ഞു. വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനാണ് ഹിജാബ് ധരിച്ച് ബാങ്കില്‍ പോയത്. സണ്‍ഗ്ലാസ്, തൊപ്പി, ഹിജാബ് എന്നിവ ബാങ്കില്‍ കയറ്റില്ലെന്നാണ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ബേസ്‌ബോള്‍ ക്യാപ്പ് ധരിച്ച് ബാങ്കില്‍ നില്‍ക്കുന്ന രണ്ട് യുവാക്കളെ താന്‍ കണ്ടെന്ന് യുവതി പറഞ്ഞു. ബാങ്കില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ യുവതി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബാങ്കിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വിഷയത്തില്‍ നടപടി സ്വീകരിക്കുമെന്നും സൗണ്ട് ക്രെഡിറ്റ് യൂണിയന്‍ ബാങ്ക് ട്വീറ്റ് ചെയ്തു. എല്ലാവര്‍ക്കും തുല്യ പരിഗണന നല്‍കണം എന്നതാണ് തങ്ങളുടെ നയം എന്നും യുണിയന്‍ ബാങ്ക് ട്വീറ്റ് ചെയ്തു.

You must be logged in to post a comment Login