അമേരിക്കയിൽ നിന്നും വോട്ടുചെയ്യാനെത്തി; വോട്ടർ പട്ടിക കണ്ട് ഞെട്ടി നടൻ ജോജു

സമ്മതിദാനവകാശം വിനിയോ​ഗിക്കുയെന്നത് ഒരു പൗരന്റെ പ്രധാനകർത്തവ്യമാണെന്ന് കരുതുന്നവരാണ് ഏറെയും. മറ്റെല്ലാം മാറ്റിനിർത്തി  ജനാധിപത്യത്തിന്റെ ഉത്സവമായി തെരഞ്ഞടുപ്പിനെ പൊതുജനം മാറ്റാറുമുണ്ട്. ഇത്തവണ നടന്‍ ജോജു ജോര്‍ജ് വോട്ടുചെയ്യാന്‍ എത്തിയത് അമേരിക്കയില്‍ നിന്നായിരുന്നു. ഒരു സിനിമയുടെ ലൊക്കേഷന്‍ കാണാനായിരുന്നു അമേരിക്കന്‍ യാത്ര. പുലര്‍ച്ചെ അഞ്ചു മണിക്കാണ് നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്.

രാവിലെ പത്തു മണിയോടെ വോട്ടു ചെയ്യാന്‍ കുഴൂര്‍ ഗവണ്‍മെന്റ് സ്കൂളില്‍ എത്തി. രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ ബൂത്തില്‍ ചെന്ന് വോട്ടര്‍പട്ടിക പരിശോധിച്ചു. ക്രമനമ്പര്‍ അറിയാനായിരുന്നു പരിശോധിച്ചത്. വോട്ടര്‍ പട്ടിക രണ്ടു തവണ തിരഞ്ഞിട്ടും പേരു കണ്ടില്ല. ഇനി, പഴയ വീടിരിക്കുന്ന സ്ഥലത്താകും വോട്ടെന്നു കരുതി. അവിടെ ചെന്നും വോട്ടര്‍ പട്ടിക പരിശോധിച്ചു. അവിടെയും വോട്ടില്ല.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാമെന്ന ജോജുവിന്റെ ആഗ്രഹം നടന്നില്ല. സിനിമയുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ അമേരിക്കന്‍ യാത്ര പ്ലാന്‍ ചെയ്തപ്പോള്‍ മടങ്ങി വരവ് തിരഞ്ഞെടുപ്പ് ദിവസം പുലര്‍ച്ചെതന്നെ ആക്കിയതും വോട്ടു രേഖപ്പെടുത്താനുള്ള ആഗ്രഹം കൊണ്ടായിരുന്നു.പഴയ വീടിരിക്കുന്ന സ്ഥലത്തെ വോട്ടു പരിശോധനയില്‍ അവിടെ താമസമില്ലെന്ന് ഉദ്യോഗസ്ഥര്‍ കരുതിക്കാണും. പുതിയ വീടിരിക്കുന്ന സ്ഥലത്താണെങ്കില്‍ വോട്ടു ചേര്‍ക്കുന്ന കാര്യം ചിന്തിച്ചതുമില്ല.

You must be logged in to post a comment Login