അമ്പിളിക്കൊരു അമ്പിളി വേർഷൻ; വീഡിയോ

സൗബിൻ ഷാഹിർ കേന്ദ്രകഥാപാത്രമാകുന്ന അമ്പിളിയുടെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഒന്നര മിനിട്ട് ദൈർഘ്യമുള്ള ടീസറിൽ സൗബിന്റെ നൃത്തമാണ് ഹൈലൈറ്റ്. ‘ഞാൻ ജാക്‌സനല്ലെടാ, ന്യൂട്ടനല്ലെടാ, ജോക്കറല്ലെടാ’ എന്ന ഗാനം സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ഈ ഗാനത്തിന് ജഗതി ശ്രീകുമാറിന്റെ ചില രംഗങ്ങൾ ചേർത്ത് തയ്യാറാക്കിയ വീഡിയോ ഇപ്പോൾ വൈറലാണ്. ജഗതി ശ്രീകുമാറിന് അമ്പിളി എന്നൊരു വിളിപ്പേര് കൂടിയുള്ളത് സംഗതി ക്ലാസാക്കി.


ഗപ്പിക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. വ്യത്യസ്തമായ ലുക്കിലാണ് സൗബിൻ ചിത്രത്തിലെത്തുന്നത്. പ്രശസ്ത തമിഴ് ഗായകൻ ആന്റണി ദാസനാണ് ടീസറിലെ ഗാനം ആലപിച്ചിരിക്കുന്നത്. സൂര്യയുടെ താനാ സേർന്ത കൂട്ടം എന്ന ചിത്രത്തിലെ ‘സൊടക്കുമേലെ’ എന്ന ഗാനം ആലപിച്ചത് ആന്റണിയാണ്. ദുൽഖർ സൽമാൻ ആണ് അമ്പിളിയുടെ ടീസർ റിലീസ് ചെയ്തത്. അടുത്തിടെ കണ്ട ഏറ്റവും മനോഹരമായ ടീസറെന്നാണ് ദുൽഖർ കുറിച്ചത്. സൗബി മച്ചാനും സംഘത്തിനും ആശംസകൾ നേരുന്നുവെന്നും ദുൽഖർ പറഞ്ഞു. ഒറ്റ ഷോട്ടിലാണ് ടീസറിലെ രംഗം ചിത്രീകരിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

You must be logged in to post a comment Login