അമ്പെയ്ത് ഇന്ത്യ വെള്ളി വീഴ്ത്തി; കൂടുതല്‍ മെഡല്‍ പ്രതീക്ഷയുമായി ഇന്ത്യന്‍ നിര ഇന്ന് ഫൈനല്‍ പോരാട്ടത്തിന്

ഏഷ്യന്‍ ഗെയിംസിന്റെ പത്താം ദിനത്തിലും വെള്ളി തിളക്കത്തോടെ ഇന്ത്യയ്ക്ക് തുടക്കം. അമ്പെയ്ത്ത് വനിതാ വിഭാഗം കോംപൗണ്ട് ഫൈനലില്‍ ഇന്ത്യ വെള്ളി നേടി. ദക്ഷിണ കൊറിയയോട് പരാജയം ഏറ്റുവാങ്ങിയാണ് ഇന്ത്യ വെള്ളിയിലൊതുങ്ങിയത്. അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ മികച്ച തുടക്കമിട്ട ഇന്ത്യയ്ക്ക് അവസാന സെറ്റിലാണ് കാലിടറിയത്. ആദ്യ മൂന്നു സെറ്റുകള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയ്ക്കും ദക്ഷിണകൊറിയയ്ക്കും 173 പോയിന്റ് വീതമായിരുന്നു.

എന്നാല്‍, നാലാം സെറ്റില്‍ ദക്ഷിണകൊറിയ 58 പോയിന്റ് നേടിയപ്പോള്‍, ഇന്ത്യയ്ക്ക് 55 പോയിന്റേ നേടാനായുള്ളൂ.സ്‌കോര്‍: 231-228.ഏഷ്യന്‍ ഗെയിംസിന്റെ പത്താം ദിനത്തില്‍ ഇന്ത്യയുടെ സുവര്‍ണനേട്ടം 10 കടക്കുമോ എന്ന ആകാംക്ഷയിലാണ് കായിക പ്രേമികള്‍. ആകെ മെഡല്‍നേട്ടത്തില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കുമോ എന്നും രാജ്യം ഉറ്റുനോക്കുന്നു. നിലവില്‍ എട്ടു സ്വര്‍ണവും 14 വെള്ളിയും 20 വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയ്ക്ക് 42 മെഡലാണുള്ളത്.

Priya Kathiravan@PriyaKathir7

She be my favourite, consistent 10 in all three rounds! Go girls!

ബാഡ്മിന്റന്‍ താരം പി.വി. സിന്ധു ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരക്കൂട്ടം ഇന്നു കളത്തിലിറങ്ങുന്നുണ്ട്. അമ്പെയ്ത്ത് പുരുഷ വിഭാഗത്തിലും ഇന്ത്യന്‍ ടീം ഇന്ന് ഫൈനലിനിറങ്ങും. ദക്ഷിണ കൊറിയ തന്നെയാണ് എതിരാളികള്‍. ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്‌പേയിയുടെ തായ് സൂ യിങ്ങാണ് സിന്ധുവിന്റെ എതിരാളി. വനിതാ വിഭാഗം 200 മീറ്ററില്‍ ഇന്ത്യയുടെ ദ്യുതി ചന്ദും ഹിമാ ദാസും സെമിയില്‍ കടന്നു. 23.37 സെക്കന്‍ഡില്‍ ഓടിയെത്തിയ ദ്യുതി ചന്ദ് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍, സ്വന്തം ഹീറ്റ്‌സില്‍ നാലാമതായാണ് ഹിമയുടെ സെമി പ്രവേശം. ഇന്നു വൈകിട്ടാണ് ഈ ഇനത്തില്‍ ഫൈനല്‍. പുരുഷ വിഭാഗം 800 മീറ്ററില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സനും ഇന്നു കലാശപ്പോരിനിറങ്ങും.

അതേസമയം, മികച്ച പ്രകടനത്തിലൂടെ (88.06 മീറ്റര്‍) സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തി പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര സ്വര്‍ണം നേടി. വനിതകളുടെ ലോങ്ജംപില്‍ 6.51 മീറ്റര്‍ താണ്ടി മലയാളി താരം നീന പിന്റോ വെള്ളി നേടി. 2006ല്‍ അഞ്ജു ബോബി ജോര്‍ജ് വെള്ളി നേടിയ ശേഷം ഈയിനത്തില്‍ മെഡല്‍ നേടുന്ന ആദ്യതാരമാണ് നീന. പുരുഷന്‍മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ധരുണ്‍ അയ്യസ്വാമി, വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ സുധ സിങ് എന്നിവരും വെള്ളി നേടി.

ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ജപ്പാന്റെ അകാനെ യമാഗുച്ചിയെ തോല്‍പിച്ച് പി.വി.സിന്ധു ഫൈനലില്‍ കടന്നു. മറ്റൊരു സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം തായ്‌വാന്റെ തായ് സു യിങ്ങിനോടു തോറ്റ സൈന നെഹ്‌വാള്‍ വെങ്കലം നേടി. ബാഡ്മിന്റണ്‍ ഫൈനല്‍ ഇന്ന് നടക്കും.

വനിതാ ഹോക്കിയില്‍ തായ്ലന്‍ഡിനെ 5-0ന് തോല്‍പിച്ച് ഇന്ത്യന്‍ വനിതകള്‍ ഗ്രൂപ്പ് ജേതാക്കളായി. സെമിയില്‍ മലേഷ്യയെയോ ജപ്പാനെയോ നേരിടും. സ്‌ക്വാഷ് ടീമിനത്തില്‍ പുരുഷ, വനിതാ ടീമുകള്‍ ആദ്യ റൗണ്ട് മത്സരം ജയിച്ചു. നിലവിലെ സ്വര്‍ണ ജേതാക്കളാണ് പുരുഷ ടീം. വനിതാ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളിതാരം ആര്‍.അനു നാലാമതായി (56.92 സെക്കന്‍ഡ്). ജൗന മര്‍മു ആറാം സ്ഥാനം നേടി. ഗെയിംസ് റെക്കോര്‍ഡോടെ ബഹ്‌റൈന്റെ ഒലുവാക്കെമി അഡെക്കോയ സ്വര്‍ണം നേടി (54.48). പുരുഷ 800 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണ്‍ ഫൈനലില്‍ കടന്നു.

ബോക്‌സിങ്ങില്‍ ലൈറ്റ്‌വെയ്റ്റ് 60 കിലോ വിഭാഗത്തില്‍ ശിവ താപ്പ തോറ്റു. മുഹമ്മദ് ഹുസുദ്ദീനും മനോജ് കുമാറും പരാജയമേറ്റു വാങ്ങി. വിവിധ വിഭാഗങ്ങളിലായി അമിത് കുമാര്‍, ധീരജ്, വികാസ് കൃഷ്ണന്‍ എന്നിവര്‍ ക്വാര്‍ട്ടറിലെത്തി. വനിതാ വോളിയില്‍ ഇന്ത്യന്‍ വനിതകള്‍ ചൈനയോടും തോറ്റു (18-25, 19-25, 9-25).

You must be logged in to post a comment Login