‘അമ്മ’യുടെ ആരോഗ്യത്തെ കുറിച്ച് സോഷ്യല്‍ മീഡിയ വഴി അഭ്യൂഹം പരത്തി; തമിഴ്‌നാട് പൊലീസ് രജിസ്റ്റര്‍ ചെയ്തത് 50 കേസുകള്‍

jayalalithaa
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരത്തിയെന്ന ആരോപണത്തില്‍ പൊലീസ് 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സോഷ്യല്‍ മീഡിയ വഴി ‘അമ്മ’യുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വിവരങ്ങള്‍ കൈമാറിയവര്‍ക്കെതിരെയാണ് കേസുകളില്‍ അധികവും. വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് എന്നിവയിലൂടെ ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചവരാണ് കുടുങ്ങിയത്. എട്ടു പേരെ ഇതുവരെ അറസ്റ്റ് ചെയ്തു.

എഐഎഡിഎംകെ അധ്യക്ഷ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ഒരു മാസത്തോളമായി ചികില്‍സയിലാണ്. എന്നാല്‍ ആശുപത്രി അധികൃതരോ പാര്‍ട്ടി ഉന്നതരോ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടാഞ്ഞതാണ് വലിയ അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. രഹസ്യമാക്കിയാണ് ചികില്‍സ വിവരങ്ങള്‍ സൂക്ഷിച്ചത്. പനിയും നിര്‍ജലീകരണവും മൂലം സെപ്തംബര്‍ 22ന് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ്‌നാട് മുഖ്യമന്ത്രിയെ ശ്വാസകോശ സംബന്ധമായ അണുബാധ മൂലം വിദഗ്ധ ചികില്‍സ നല്‍കുകയാണ്.

ആശുപത്രി അധികൃതര്‍ രഹസ്യ സ്വഭവം ചികില്‍സയുടെ കാര്യത്തില്‍ സ്വീകരിച്ചതോടെയാണ് വലിയ അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ ജയലളിതയുടെ ആരോഗ്യത്തെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയവരെ വേട്ടയാടുന്ന തമിഴ്‌നാട് പൊലീസിന്റെ നടപടി കടുത്ത എതിര്‍പ്പിനും പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.

ഓടിനടന്ന് കേസെടുക്കുന്ന തമിഴ്‌നാട് പൊലീസിന്റെ രീതി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായിരുന്ന എച്ച്എല്‍ ദത്തു ചോദ്യം ചെയ്തു. ജനങ്ങള്‍ക്ക് ചോദ്യം ഉന്നയിക്കാന്‍ അവകാശമുണ്ടെന്നും അത് അവരുടെ മൗലിക അവകാശമാണെന്നും എച്ച്എല്‍ ദത്തു പറഞ്ഞു. ജയലളിതയുടെ ആരോഗ്യത്തെ കുറിച്ച് സംസാരിക്കുന്നവരെ എല്ലാം പിടിച്ച് അകത്തിടുന്ന നടപടി ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login