അമ്മയുടെ ജനറല്‍ ബോഡി യോഗം ഇന്ന്; പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കും

 


കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ ഇന്ന് ചുമതല ഏല്‍ക്കും. മാധ്യമങ്ങളെ ഒഴിവാക്കിയാണ് യോഗം നടക്കുക.

ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കും അസ്വാരസ്യങ്ങള്‍ക്കും ഇടയിലാണ് ഇന്ന് അമ്മയുടെ ജനറല്‍ ബോഡി യോഗം നടക്കുന്നത്. സംഘടനയിലെ അഴിച്ചു പണിയുടെ ഭാഗമായി 18 വര്‍ഷം അമ്മയെ നയിച്ച ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനം ഇന്ന് ഒഴിയും. ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുന്ന മമ്മൂട്ടിക്ക് പകരം ഇടവേള ബാബു ചുമതല ഏല്‍ക്കും.

സംഘടനയുടെ മറ്റ് ഭാരവാഹികളായി എത്തുന്നത് ചെറുപ്പക്കാരും സ്ത്രീകളുമാണ് എന്നതും പ്രത്യേകതയാണ്. സംഘടനയെ ചോദ്യം ചെയ്തവരെ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇത് പ്രതിഷേധത്തിന് വഴിവെച്ചേക്കും. കഴിഞ്ഞ വര്‍ഷം ജനറല്‍ ബോഡി യോഗം നടക്കുന്നതിന്റ തലേദിവസമാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തത്. അതിനുശേഷം അമ്മയില്‍ ഉണ്ടായ ചേരിതിരിവ് ഇതുവരെ പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. താരങ്ങള്‍ക്കിടയില്‍ വനിതാ കൂട്ടായ്മ രൂപീകരിച്ചത് വിഭാഗീയത രൂക്ഷമാക്കുകയും ചെയ്തു.

ഈ പ്രശ്‌നങ്ങളിലൊക്കെ പുതിയ നേതൃത്വം സ്വീകരിക്കുന്ന നിലപാടുകള്‍ നിര്‍ണായകമായകും.

You must be logged in to post a comment Login