‘അമ്മ’ നടീനടന്മാര്‍ക്ക് നാണക്കേട്; കപടമാതൃത്വം പിരിച്ചുവിട്ട് താരങ്ങള്‍ സ്വന്തം കാര്യം നോക്കണം;പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവര്‍ത്തകയുടെ ആത്മാഭിമാനം: അമ്മയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഗണേഷ് കുമാര്‍

സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കെ.ബി. ഗണേഷ് കുമാർ, പ്രസിഡന്റ് ഇന്നസെന്റിന് അയച്ച കത്ത് പുറത്ത്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഗണേഷ് കുമാറിന്റെ രൂക്ഷവിമർശനം. നടിക്ക് ക്രൂരമായ അനുഭവമുണ്ടായപ്പോൾ ‘അമ്മ’ ഇടപെട്ടില്ല. അമ്മയുടെ കപടമാതൃത്വം പിരിച്ചുവിട്ട് എല്ലാവരും സ്വന്തം കാര്യം നോക്കണമെന്നും ഗണേഷ് കുമാർ കത്തിൽ പറയുന്നു.

കഴിഞ്ഞ ദിവസം ചേർന്ന ‘അമ്മ’യുടെ യോഗത്തിന് മുൻപ് അയച്ച കത്താണ് ഇപ്പോൾ പുറത്തുവന്നത്. യോഗശേഷം നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് രൂക്ഷമായി പ്രതികരിച്ച ഗണേഷിന്റെ നടപടി വിമർശനത്തിന് വഴിവെച്ചിരുന്നു.

നടി ആക്രമിക്കപ്പെട്ടപ്പോൾ ‘അമ്മ’യുടെ നേതൃത്വം തിരശീലയ്ക്ക് പിന്നിലൊളിച്ചു. പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവർത്തകയുടെ അത്മാഭിമാനമാണെന്ന് ഒാർക്കണം. സംഘടന നടീനടൻമാർക്ക് നാണക്കേടാണെന്നും ഗണേഷ് കത്തിൽ പറയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവം ഉണ്ടായപ്പോൾ നെറികെട്ട സമീപനമാണ് ‘അമ്മ’ സ്വീകരിച്ചത്. ഇക്കാര്യം സിനിമാ ലോകത്ത് മാത്രമല്ല, പൊതുസമൂഹത്തിലും ചർച്ചയായതാണ്. നടിക്ക് ക്രൂരമായ അനുഭവമുണ്ടായപ്പോൾ ഗൗരവപൂർവം ആ വിഷയത്തിൽ ഇടപെടുവാനോ ശക്തമായ ഒരു പ്രതിഷേധ സ്വരം ഉയർത്തുവാനോ ‘അമ്മ’ തയാറായില്ലെന്നും ഗണേഷ് കുമാർ കത്തിൽ പറഞ്ഞു.

ഇന്നസെന്റിനെതിരെയും രൂക്ഷമായ വിമർശനമാണ് ഗണേഷ് കുമാർ കത്തിൽ ഉന്നയിക്കുന്നത്. താൻ ആവശ്യപ്പെട്ടിട്ടും ഈ വിഷയങ്ങളിൽ ഇന്നസെന്റ് ഇടപെട്ടില്ല. എന്തായിരുന്നു ‘അമ്മ’യുടെ പ്രവർത്തന ലക്ഷ്യങ്ങൾ. ഏത് മാനദണ്ഡപ്രകാരമാണ് ഈ സംഘടന രജിസ്റ്റർ ചെയ്യപ്പെട്ടത് തുടങ്ങിയ കാര്യങ്ങളിലേക്ക് ഒന്നു തിരിഞ്ഞുനോക്കിയാൽ ഇന്നത്തെ സംഘടനയുടെ മുഖം പ്രസിഡന്റായിരിക്കുന്ന അങ്ങയെപ്പോലും ലജ്ജിപ്പിക്കും. ‘അമ്മ’യുടെ ഭൂതകാലം അറിയുന്ന മഹാഭൂരിപക്ഷം അംഗങ്ങളും അങ്ങനെ തന്നെ കരുതും എന്നാണ് വിശ്വസിക്കുന്നതെന്നും ഗണേഷ് കത്തിൽ വ്യക്തമാക്കുന്നു.

You must be logged in to post a comment Login