അയോധ്യാവിധി നിരാശാജനകമെന്ന് മുസ്ലിം ലീഗ്

അയോധ്യ കേസിലെ സുപ്രിം കോടതി വിധി നിരാശാജനകമെന്ന് മുസ്ലിം ലീഗ്. വിധി പൊരുത്തക്കേടുകൾ നിറഞ്ഞതാണന്നും നിരാശപ്പെടുത്തിയെന്നും ലീഗ് കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം നേതാക്കൾ വ്യക്തമാക്കി. സുപ്രിം കോടതി വിധിയെ ബഹുമാനിക്കുന്നുണ്ടെന്നും സമാധാനം നിലനിർത്താൻ കഴിഞ്ഞതിന് എല്ലാവരെയും അഭിനന്ദിക്കുന്നതായും നേതാക്കൾ പറഞ്ഞു.

അയോധ്യ കേസിലെ സുപ്രീംകോടതി വിധി ചർച്ച ചെയ്യുന്നതിനായി സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗ ശേഷമാണ് ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കിയത്‌. യോഗത്തിൽ ഉന്നതതല അധികാര സമിതി അംഗങ്ങളും പോഷക ഘടകങ്ങളുടെ നേതാക്കളും പങ്കെടുത്തിരുന്നു. യോഗ തീരുമാനം വ്യക്തമാക്കിയ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്‌തീൻ, സുപ്രീംകോടതി വിധി നിരാശജനകമാണന്നും മുസ്ലിങ്ങൾ അസംതൃപ്തരാണെന്നും ചൂണ്ടിക്കാട്ടി.

മറ്റ് മുസ്ലിം സംഘടനകളുമായും മതേതര പാർട്ടികളുമായി ചർച്ച നടത്തുന്നതിനും വിധിയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനും കാദർ മൊയ്‌തീൻ അധ്യക്ഷനായ സമിതിയെയും യോഗം ചുമതലപ്പെടുത്തി. അതേസമയം മഹാരാഷ്ട്രയിലെ കോൺഗ്രസ് നിലപാട് സംബന്ധിച്ച് ഇപ്പോഴൊന്നും പറയാനില്ലന്നായിരുന്നു ലീഗ് നേതൃത്വത്തിന്റെ പ്രതികരണം.

You must be logged in to post a comment Login