അയോധ്യ കേസില്‍ വിധി ഇന്ന്

 

ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന അയോധ്യ കേസ് വിധി ഇന്ന്. സുപ്രീം കോടതി അവധി ദിവസമായ ശനിയാഴ്ചയാണ് സുപ്രധാനമായ വിധി വരുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. രാവിലെ പത്തേ മുപ്പതിനാണ് വിധി പ്രസ്താവം.

അയോധ്യ വിധിയുമായി ബന്ധപ്പെട്ടു കനത്ത സുരക്ഷയാണ് രാജ്യമെമ്പാടും ഒരുക്കിയിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രശ്ന ബാധിത മേഖലകളില്‍ പൊലീസിനെ വിന്യസിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. അനാവശ്യവും നിരുത്തരവാദപരവുമായ പ്രസ്താവനകള്‍ നടത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിമാര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കി.

യുപിയിലേക്ക് 4,000 അര്‍ധസൈനികരെ അയച്ചതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. റെയില്‍വേ മന്ത്രാലയം എല്ലാ സോണുകളിലേക്കും ഏഴുപേജുള്ള സുരക്ഷാ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കി. സ്റ്റേഷനുകള്‍, പ്ലാറ്റ്ഫോമുകള്‍, തുരങ്കങ്ങള്‍, പാര്‍ക്കിങ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിരന്തര പരിശോധന നടത്തും. മെട്രോ നഗരങ്ങളിലടക്കം 78 പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ കൂടുതല്‍ കാവലൊരുക്കിയിട്ടുണ്ട്.

റെയില്‍വേ സുരക്ഷാസേനാംഗങ്ങളുടെ അവധി റദ്ദാക്കി. ട്രെയിനുകളുടെ സുരക്ഷയ്ക്ക് കൂടുതല്‍പേരെ വിന്യസിച്ചു. സ്‌കാനറുകള്‍, സിസിടിവി ക്യാമറകള്‍ എന്നിവയുടെ തകരാറുകള്‍ അടിയന്തരമായി തീര്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്നസാധ്യതയുള്ള മേഖലകളിലും സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ സാധ്യതയുള്ള ഇടങ്ങളിലും റെയില്‍വേ നിരീക്ഷണമേര്‍പ്പെടുത്തി.
ആരാധനാലയങ്ങളിലെ സുരക്ഷ കൂട്ടി. അയോധ്യ ഉള്‍പ്പെടുന്ന മേഖലയില്‍ സമൂഹമാധ്യമ ഉപയോഗത്തിനടക്കം ഡിസംബര്‍ 28 വരെ കര്‍ശന നിയന്ത്രണങ്ങളുണ്ട്. അയോധ്യയ്ക്ക് സമീപം അംബേദ്ക്കര്‍ നഗറില്‍ 8 കോളജുകളില്‍ യുപി സര്‍ക്കാര്‍ താല്‍ക്കാലിക ജയിലുകള്‍ സജ്ജമാക്കി. അയോധ്യയില്‍ ഡിസംബര്‍ 10 വരെ നിരോധനാജ്ഞ തുടരും. ക്ഷേത്ര നിര്‍മാണത്തിനായി വിഎച്ച്പി 1990 മുതല്‍ തുടങ്ങിയ കല്‍പണികള്‍ നിര്‍ത്തിവ.ച്ചു. നാട്ടുകാരായ 16,000 സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പൊലീസ് സുരക്ഷാസംഘം സജ്ജമാക്കിയിട്ടുണ്ട്.

 

You must be logged in to post a comment Login