അയോധ്യ കേസ് നേരത്തെ പരിഗണിക്കാനാകില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: അയോധ്യ കേസ് നേരത്തെ പരിഗണക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന ബി.ജെ.പി നേതാവും എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഇതേത്തുടര്‍ന്ന് വിധിയില്‍ താന്‍ സന്തുഷ്ടനല്ലെന്ന് സ്വാമി കോടതിയെ അറിയിച്ചു. താങ്കള്‍ സന്തോഷിക്കേണ്ടതില്ല എന്നായിരുന്നു നീതിപീഠത്തിന്റെ മറുപടി.

അയോധ്യ കേസ് അവസാനിപ്പിക്കാന്‍ എല്ലാ പാര്‍ട്ടികളും മുന്നോട്ടുവരണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു. കേസില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും ചീഫ് ജസ്റ്റിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിലെ കക്ഷികള്‍ക്ക് താനല്ലാത്ത മറ്റേതെങ്കിലും ന്യായാധിപനെ മധ്യസ്ഥത വഹിക്കാന്‍ ആവശ്യമുണ്ടെങ്കില്‍ അനുവദിക്കാമെന്ന് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ആവര്‍ത്തിച്ചു വ്യക്തമാക്കി.

വിഷയവുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതി വിധിയടക്കമുള്ള കേസുകള്‍ വര്‍ഷങ്ങളായി സുപ്രിം കോടതിയുടെ പരിഗണനയിലാണ്. തര്‍ക്കഭൂമിയായ 2.77 ഏക്കര്‍ മൂന്നു വിഭാഗങ്ങള്‍ക്ക് വീതിച്ചു നല്‍കാനായിരുന്നു അലഹാബാദ് കോടതി വിധിച്ചത്. മുസ്ലിം, ഹിന്ദു, നിര്‍മോഹി (ഹിന്ദു വിഭാഗം) എന്നീ വീഭാഗങ്ങള്‍ക്ക് തുല്യമായി വീതിക്കണമെന്നായിരുന്ന അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയത്. എന്നാല്‍ കക്ഷികള്‍ സമവായത്തിലെത്താതെ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.

You must be logged in to post a comment Login