അരങ്ങില്‍ ഉരുളാന്‍ വെമ്പിയചക്രക്കസേര

 

ജോണ്‍ ടി വേക്കന്‍

നാടകരംഗത്തോട് തീവ്രമായ അഭിനിവേശം പുലര്‍ത്തിയിരുന്നു സൈമണ്‍ ബ്രിട്ടോ എന്നെന്നും… ഒരു നാടകത്തിന്റെ അണിയറ പ്രവര്‍ത്തനത്തിന്റെ ഇടയിലാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ തിരശ്ശീല വീഴുന്നതും. പ്രമുഖ നാടകസംവിധായകനും ബ്രിട്ടോയുടെ ചിരകാല സുഹൃത്തുമായ ജോണ്‍ ടി വേക്കന്‍ അദ്ദേഹവുമായി പങ്കുവച്ച നാടകപ്രവര്‍ത്തന ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു.  വേക്കന്‍ സംവിധാനം ചെയ്ത ‘കാഞ്ചനസീത’ നാടകത്തില്‍ ബ്രിട്ടോയുടെ ഭാര്യ സീന, ഊര്‍മ്മിളയായി അഭിനയിച്ചിട്ടുമുണ്ട്. 

അച്ഛന്‍, എന്റെ  ബാല്യകാലത്ത് പറഞ്ഞു തന്ന് പഠിപ്പിച്ച പല കാര്യങ്ങളില്‍ അതുമുണ്ടായിരുന്നു  കമ്മ്യൂണിസം. പിന്നെ സോഷ്യലിസം. പക്ഷെ അതെല്ലാം ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ എന്നെ പ്രാപ്തനാക്കിയത്, അച്ഛന്റെ  കര്‍മ്മങ്ങളായിരുന്നു. വൈക്കത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരായ ഡോ. വര്‍ഗീസ് മൂത്തേടന്‍, അഡ്വക്കേറ്റ് ജോര്‍ജ് ഇടമറ്റം എന്നിവരോടൊപ്പമാണ് അച്ഛന്‍ പ്രവര്‍ത്തിച്ചത്. കമ്മ്യൂണിസ്റ്റുകാരെ വകവരുത്താന്‍ ശ്രമിച്ചിരുന്നഅക്കാലത്ത് മലപ്പുറം കത്തി അരയില്‍ താഴ്ത്തി നടന്ന കാര്യം അച്ഛന്‍ പറഞ്ഞത് ഇന്നും ഓര്‍ക്കുന്നുണ്ട്. പിന്നീട് ഇന്ത്യന്‍ നേവിയില്‍ ജോലിക്ക് ചേര്‍ന്നപ്പോള്‍ കമ്മ്യൂണിസം മനസ്സില്‍ മാത്രം  കൊണ്ടുനടന്നു. ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധകാലത്ത് ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐ. എന്‍. എസ്. വിക്രാന്തിലായിരുന്നു സേവനം അനുഷ്ടിച്ചത്. വിദ്യാര്‍ഥിയായിരുന്ന എന്റെ പഠനമുറിയിലെ ബുക്ക് ഷെല്‍ഫില്‍ മോസ്‌കോ പ്രോഗ്രസ്സ് പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച കാറല്‍ മാര്‍ക്‌സിന്റെ ”ദസ് ക്യാപ്പിറ്റലി”ന്റെ  ഇംഗ്ലീഷിലുള്ള മൂന്നു വോള്യം ഇരിക്കുന്നതു കണ്ട അച്ഛന്‍ എന്നെ നോക്കിയപ്പോഴുള്ള അച്ഛന്റെ മുഖഭാവം മനസ്സില്‍ ഇപ്പോഴും ഫ്രെയിമിലുണ്ട്. അതിനുശേഷം കുറേക്കാലത്തെ വിദേശ ജോലിയും കഴിഞ്ഞ് അദ്ദേഹം നാട്ടിലെത്തിയപ്പോള്‍ കേരളത്തിലെ കമ്മ്യൂണിസത്തിന്റെ അപചയത്തെ അപലപിച്ച് സംസാരിച്ചതും മറന്നിട്ടില്ല. പക്ഷെ, കമ്മ്യൂണിസം കൈകാര്യം ചെയ്ത കേരളത്തിലെ പല നേതാക്കളില്‍ നിന്നു മനുഷ്യത്വം വറ്റിത്തുടങ്ങിയ കാലത്തും അച്ഛനിലെ കമ്മ്യൂണിസ്റ്റായ മനുഷ്യന്‍ പറഞ്ഞത് ഞാനോര്‍ക്കുന്നു.”You  should be more than a communist…’

സ്‌കൂളില്‍ ഞാന്‍ പഠിച്ചിരുന്ന കാലത്ത് അദ്ധ്യാപകരും വിദ്യാര്‍ഥികളും എന്നെ വേക്കന്‍ എന്നു വിളിച്ചുകൊണ്ടിരുന്നതിനാല്‍ അതാണെന്റെ പേരെന്ന് പലരും കരുതി. സുപരിചിതമല്ലാത്ത ആ പേര് കോളേജു വിദ്യാഭ്യാസം കഴിഞ്ഞ് മുഴുവന്‍ സമയ നാടകപ്രവര്‍ത്തകനായപ്പോഴും അഭിമാനപൂര്‍വ്വം കൊണ്ടുനടന്നു. ആ കാലത്ത് ഗൗരവമുള്ള ചില പരിചയപ്പെടലുകള്‍ സമൂഹത്തില്‍ നിന്നും എനിക്ക് നേരിടേണ്ടിവന്നു. വേക്കന്‍ എന്ന പേരിലെ ജാതി തിരിച്ചറിയായ്ക. ജാതി പിടികിട്ടാതെ നാണംകെട്ട് നേരിട്ട് ചോദിച്ചവര്‍ പക്ഷേ മലയാളികള്‍ മാത്രമായിരുന്നു. ജാതി ചോദിക്കാതിരിക്കാന്‍വേണ്ടിയാണ് എന്റച്ഛന്‍ എനിക്കിട്ട ജോണ്‍ ടി. വേക്കന്‍ എന്ന മുഴുവന്‍ പേര് പിന്നീട് ഉപയോഗിച്ചു തുടങ്ങിയത്. അപ്പോള്‍ ക്രിസ്ത്യാനിയാണല്ലേ എന്ന് ചോദിച്ചവരോട് അച്ഛന്‍ പറഞ്ഞ വാചകം നവീകരിച്ചു ഞാന്‍ പറയാന്‍ തുടങ്ങി ‘i am morethan a communist…’

നിങ്ങള്‍ നല്ല കമ്മ്യൂണിസ്റ്റായിരിക്കാം. നല്ല ക്രിസ്റ്റ്യനുമായിരിക്കാം. എന്നാല്‍ നല്ല ഹ്യൂമാനിസ്റ്റാവുക എന്നതാണ് പ്രധാനം, ശ്രമകരം. അത്തൊരുമൊരു ഹ്യൂമനിസ്റ്റിനെ എന്റെയും ഹ്യൂമനിസ്റ്റുകളെ സ്‌നേഹിക്കുന്നവരുടെയും ഇടയില്‍ നിന്നു മരണം തട്ടിയെടുത്തതാണ് യഥാര്‍ത്ഥ ഹ്യൂമനിസ്റ്റുകള്‍ക്ക് സൈമണ്‍ ബ്രിട്ടോയുടെ നഷ്ടപ്പെടലിലൂടെ സംഭവിച്ചിരിക്കുന്നത്. കാരണം ഹ്യൂമനിസമില്ലാത്ത കമ്മ്യൂണിസ്റ്റും ഹ്യൂമനിസമില്ലാത്ത ക്രിസ്റ്റ്യനും പാഴ്ജന്മമാണ്. സൈമണ്‍ ബ്രിട്ടോ മലയാളികളുടെ മനസ്സില്‍ നല്ല ഹ്യൂമനിസ്റ്റായിതന്നെ നിലനില്‍ക്കും.

ഇന്ത്യയിലെ ആദ്യത്തെ സ്ഥിരം നാടകവേദിയായ വൈക്കം തിരുനാള്‍ നാടകവേദിയുടെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് സ്ഥിരമായി നാടകങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന കാലത്താണ്, നാടകക്കളരി പ്രസ്ഥാനത്തിന്റെ മുപ്പത്തഞ്ചാം വാര്‍ഷികവും നാടകക്കളരി പ്രസ്ഥാനത്തിന്റെ സ്ഥാപകാംഗമായ സി. എന്‍. ശ്രീകണ്ഠന്‍നായരുടെ ഇരുപത്തഞ്ചാം ചരമവാര്‍ഷിഷകവും സംയുക്തമായി നടത്താന്‍ ശ്രീകണ്ഠന്‍ നായരുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളായ എം. വി. ദേവനും ഡോ. അയ്യപ്പപ്പണിക്കരുംഎം. കെ. സാനുവും തോമസ് മാത്യുവും ഒപ്പം ഞാനും നാടകചര്‍ച്ച  നടത്തുന്നത്. ചര്‍ച്ചയ്‌ക്കൊടുവില്‍ കാഞ്ചനസീത നാടകം അവതരിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചെങ്കിലും ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കി ല്‍ അത്തരമൊരു നാടകം അവതരിപ്പിക്കാന്‍ ഞാന്‍ വിസമ്മതിക്കുകയായിരുന്നു. അങ്ങനെയാണ്”കാഞ്ചനസീത ‘വരയും വായനയും’ എന്ന നവീനകലാരൂപത്തിന് ദൃശ്യഭാഷ്യമൊരുക്കിയത്. അരങ്ങില്‍ അഭിനേതാക്കള്‍ ഒരുപോലെയുള്ള പ്രത്യേക വേഷത്തില്‍ പുല്ലാങ്കുഴലിന്റെയും തബലയുടെയും സംഗീത പശ്ചാത്തലത്തില്‍, പ്രത്യേക പ്രകാശ സംവിധാനത്തില്‍ നാടകം വായിക്കുകയും സദസ്സില്‍ കേരളത്തിലെ ചിത്രകലാഗോപുരങ്ങളായ എം. വി. ദേവന്‍, നമ്പൂതിരി, സി. എന്‍. കരുണാകരന്‍ എന്നിവര്‍ നാടകം ഉള്‍ക്കൊണ്ടു ചിത്രം വരക്കുകയും ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ കലാപരിപാടി അരങ്ങേറുന്നത്. പിറ്റേ ദിവസത്തെ എല്ലാ പത്രങ്ങളിലും ആ പരിപാടിയെക്കുറിച്ച് മുക്തകണ്ഠം പ്രശംസിച്ചു വാര്‍ത്ത വന്നിരുന്നു. അത് വായിച്ചാണ് ബ്രിട്ടോയ്ക്ക് എന്നോട് താല്‍പര്യം ഉണ്ടാകുന്നത്. ഇതുവരെ തുടര്‍ന്ന ഞങ്ങള്‍ തമ്മിലുള്ള ദീര്‍ഘ സൗഹൃദത്തിന്റെ തുടക്കം അതില്‍നിന്നായിരുന്നു.

ദീര്‍ഘകാലം ബ്രിട്ടോ മനസ്സില്‍ കൊണ്ടുനടന്ന സ്വപ്‌നനോവല്‍-‘അഗ്രഗാമി, കേരള സര്‍വകലാശാല യൂണിയന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് പ്രകാശനം ചെയ്യാന്‍ തീരുമാനിച്ചിരുന്ന സമയം കൂടിയായിരുന്നു അത്. ബ്രിട്ടോയുടെ വീടിനടുത്തുനിന്നു നാടകക്കളരിയില്‍ വന്നുകൊണ്ടിരുന്ന മാര്‍ട്ടിനോട് പറഞ്ഞയച്ചാണ് വായിച്ചുമാത്രം കേട്ടറിഞ്ഞിരുന്ന ബ്രിട്ടോയെ ഞാനാദ്യമായി കാണുന്നത്. പുസ്തകപ്രകാശനം കഴിഞ്ഞ് ലോകത്തിലെ ഏറ്റവും ശ്രേഷ്ടമായ അഭിനയകലയായ കൂടിയാട്ടം നടത്താനായിരുന്നു ബ്രിട്ടോയുടെ ആഗ്രഹം. എന്നാല്‍ വരയും വായനയും എന്ന പ്രോഗ്രാമിനെക്കുറിച്ചറിഞ്ഞതോടെ ബ്രിട്ടോ തീരുമാനം മാറ്റി. കൂടിയാട്ടത്തിനുപകരമാണ് വരയും വായനയും നടത്തിയത്. നാടകക്കളരി പ്രസ്ഥാനം കച്ചവടസ്ഥാപനമല്ലാത്തതുകൊണ്ട് അവതരണച്ചിലവുമാത്രം മതിയായിരുന്നു പ്രോഗ്രാം നടത്താന്‍.

ബ്രിട്ടോയുടെ ഏതു പരിപാടി സ്ഥലത്തും ബ്രിട്ടോ ദിവസങ്ങള്‍ക്കു മുമ്പെത്തി സംഘാടനത്തിന് നേതൃത്വം കൊടുക്കും. പുസ്തകപ്രകാശനത്തിന് നേരത്തേ പോകുമെന്നുള്ളതിനാലും പ്രകാശനം കഴിഞ്ഞ് തിരക്കിലായിരിക്കുമെന്നതിനാലും ബ്രിട്ടോ ചെയ്തുവെച്ച കാര്യങ്ങള്‍ മനസ്സില്‍ മായാതെയുണ്ട്. എറണാകുളത്തുനിന്നു രാവിലെ പുറപ്പെടുമെന്നുള്ളതിനാല്‍ പ്രഭാതഭക്ഷണം, നാടകക്കളരിസംഘാംഗങ്ങള്‍ കൂടുതലുള്ളതിനാല്‍ സൗരകര്യപൂര്‍വ്വം യാത്രചെയ്യാന്‍ വലിയ ബസ്, തിരുവനന്തപുരത്തെത്തിയാല്‍ ഒരുക്കങ്ങള്‍ക്കുള്‍ക്കുവേണ്ടിയുള്ള ക്രമീകരണങ്ങള്‍, പ്രോഗ്രാം കഴിഞ്ഞ് ചില സംഘാടകര്‍ കലാകാരന്മാരെ അനാഥമാക്കുന്ന രീതിക്കു പകരം ആദിഥ്യ മര്യാദയനുസരിച്ച് ആതിഥേയയായ സീനയുടെ നേരിട്ടുള്ള ചുമതലയില്‍ രാത്രിഭക്ഷണം, പ്രോഗ്രാമിന്റെ പ്രതിഫലം കൈമാറല്‍ തുടങ്ങി എന്തെല്ലാം കാര്യങ്ങളാണ് ബ്രിട്ടോ ഏര്‍പ്പാടാക്കിയത്. ശാരീരിക പരിമിതികളുള്ള ഒരൊറ്റയാന്‍ നടത്തുന്നസംഘാടന മികവ് സര്‍വ്വമാനവശേഷിയും സാമ്പത്തികശേഷിയുമുള്ള കേരളത്തിലെ പ്രോഗ്രാം സംഘാടക സംഘങ്ങള്‍ കണ്ടുപഠിക്കേണ്ടതായിരുന്നു. പ്രകാശനം കഴിഞ്ഞ് വിശിഷ്ടാതിഥികളുടെ പിന്നാലെ പോയില്ല ബ്രിട്ടോ. സദസ്സിലേക്കിറങ്ങി മുന്‍നിരയില്‍ വന്നിരുന്നു. നാടകവായനയില്‍ മുഴുകി. ബ്രിട്ടോയെപ്പോലെ യഥാര്‍ത്ഥ കലാസ്വാദകര്‍ കേരളത്തില്‍ ഒരുപാടില്ല. കേരളത്തിലന്ന് ‘പാര’ എന്നൊരു വിനോദമാസിക ഇറങ്ങിയിരുന്നു. പുസ്തകപ്രകാശനം കഴിഞ്ഞ് പുറത്തുവന്ന ‘പാര’യില്‍ ”നിങ്ങളെന്നെ കാഞ്ചനമാക്കി” എന്ന തലക്കെട്ടോടുകൂടിയ പത്രാധിപക്കുറിപ്പില്‍ പ്രൊഫ. സി. ആര്‍. ഓമനക്കുട്ടനെഴുതിയതിങ്ങനെ—‘സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ ഭാര്യാസമേതം ആത്മഹത്യ ചെയ്തു. രണ്ടു കുഞ്ഞുങ്ങള്‍ക്കും കൂടി വിഷം നല്‍കിയെങ്കിലും പാവം കുഞ്ഞുങ്ങള്‍ മരണത്തില്‍നിന്നും രക്ഷപ്പെട്ടു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള തത്രപ്പാടില്‍ കലണ്ടറും ഡയറിയും പോസ്റ്ററുമൊക്കെ അച്ചടിക്കാനുള്ള ഓര്‍ഡര്‍ തേടി സംഘം സെക്രട്ടറിയും മറ്റും നെട്ടോട്ടമോടുകയാണ്. സംഘത്തില്‍നിന്നും പുസ്തകങ്ങളൊന്നും പുറത്തുവരുന്നില്ല; കാശുമുടക്കി പുസ്തകമച്ചടിച്ച് വിതരണത്തിന് ഏല്‍പിക്കുന്നുമില്ല ആരും. എങ്കിലും, ഏഴെട്ടു മാസത്തിനുശേഷം സംഘം ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. സഖാവ് സൈമണ്‍ ബ്രിട്ടോയുടെ നോവല്‍ ‘അഗ്രഗാമി’. ആയതിന്റെ ഔദ്യോഗിക  പ്രകാശനം കഴിഞ്ഞനാള്‍ ഏ.കെ.ജി. സെന്ററില്‍വച്ച് സഖാവ് പിണറായി വിജയനും സഖാവ് എം.ഏ. ബേബിയും സഖാവ് എം. എന്‍. വിജയനും ഒക്കെക്കൂടി നിര്‍വഹിച്ചു. അത് നന്നായി, ചിന്ത ആറേഴു വര്‍ഷം ഇരട്ടവാലന് തിന്നാന്‍ വെച്ചിരുന്ന ‘അഗ്രഗാമി’യേയല്ലെ സംഘം ഒടുക്കപ്പുസ്തകമായി അച്ചടിച്ചിറക്കിയിരിക്കുന്നത്! തകഴി ശിവശങ്കരപ്പിള്ളയുടെ കഥകളായിരുന്നല്ലോ തുടക്കപ്പുസ്തകം. ബ്രിട്ടോയുടെ നോവലിന്റെ പ്രമുക്തിയല്ല ശ്രദ്ധേയം. തുടര്‍ന്നുണ്ടായ ചരിത്രസംഭവമാണ് കോള്‍മയിര്‍ കൊള്ളിക്കുന്നത്.

 

1967-ല്‍ ധീരസഖാക്കള്‍ എം. ഗോവിന്ദന്‍, ജി. അരവിന്ദന്‍, സി. എന്‍. ശ്രീകണ്ഠന്‍നായര്‍, ജി. ശങ്കരപ്പിള്ള, കെ. എസ്. നാരായണപിള്ള, പി. കെ. വേണുക്കുട്ടന്‍നായര്‍, എം. തോമസ് മാത്യു എന്നിവര്‍ തുടക്കം കുറിച്ച നാടകക്കളരി പ്രസ്ഥാനം. നാടകക്കളരിയുടെ തുടര്‍ച്ചയായ എറണാകുളം നാടകക്കളരിസി. എന്‍. ശ്രീകണ്ഠന്‍ നായരുടെ ‘കാഞ്ചനസീത’ വായിച്ചവതരിപ്പിക്കുന്നു. ”ഭേഷ്! ‘മാനവീയ’ത്തെക്കാള്‍ മധുരമനോഹര മനോജ്ഞം… 1965-ല്‍ ആലുവാപ്പുഴയുടെ തീരത്ത് നടന്ന സാഹിത്യശിബിരവും ’66-ല്‍പമ്പാതീരത്തു നടന്ന സര്‍വമതസമ്മേളനവും 67 ല്‍ ശാസ്താംകോട്ട തടാകക്കരയില്‍ സംഘടിപ്പിച്ച നാടകക്കളരിയും ഗോവിന്ദനും നമ്പ്യാരും തമ്പിയുമെല്ലാരും കൂടിചെയ്ത സി.ഐ.എ. പരിപാടിയായിരുന്നല്ലേ പറഞ്ഞു പരത്തിയിരുന്നത്? സി.ഐ.എ. ഇല്ലേലും, അല്ലേലും, അന്ന് തുടക്കം കുറിച്ച നാടകക്കളരി അതിന്റെ  ലക്ഷ്യം സാധിച്ചു. സജീവമായിരുന്ന ഒരു ജനകീയനാടകത്തെ പാവപ്പെട്ടവന്റെ നാടകവേദിയെ ഇല്ലായ്മ ചെയ്തു. ഇത്രയും സമ്പൂര്‍ണമായ വിജയം വേറൊരു പ്രസ്ഥാനത്തിനുമുണ്ടായിട്ടില്ലിവിടെ. നാട്ടില്‍ തലങ്ങും വിലങ്ങും നിറഞ്ഞുനിന്ന നാടകംകളി നിലച്ചു. നാടകമെഴുത്തുപോലും മലയാളത്താന്മാര്‍ മറന്നു. ഭാസിയും ആന്റണിയും ചെറുകാടും മുഹമ്മദും സദാനന്ദനും എല്ലാം പര്യാമ്പുറത്തു. പാവങ്ങള്‍! കരിവെള്ളൂരിലെയും പിരപ്പന്‍കോട്ടേയും മുരളിമാരുടെ ഗതി എങ്ങോട്ടാണോ, എന്തോ! ഏ.കെ.ജി.യുടെ പേരിലുള്ള എ. സി. ഹാളില്‍ വായിക്കേണ്ടതും കേള്‍ക്കേണ്ടതും ‘കാഞ്ചനസീത’തന്നെ! ഗോപാലനും ശങ്കരനുമൊക്കെ അഭിനയിച്ച ‘പാട്ടബാക്കി’യോ, കരുണാകരനും മാധവനും മറ്റും അഭിനയിച്ച ‘കമ്മ്യൂണിസ്റ്റാക്കി’യൊ, ആന്റണിയും പ്രേംജിയുമെല്ലാം അഭിനയിച്ച ‘നമ്മളൊന്നോ’ ഒന്നും മാനവീയാന്തസ്സിനു ചേര്‍ന്നതല്ലല്ലോ… നാടകം നന്നാകുകയോ നശിക്കുകയോ ചെയ്യട്ടെ. ഏക്കേജി ഹാളിലെ കാഞ്ചനസീതാലാപനം, പക്ഷെ, ചരിത്രപാഠമാകുന്നു. ഉരുവിട്ട് പഠിക്കേണ്ട പാഠം. ചിലപ്പോള്‍, പാതാളക്കുഴിയില്‍ പതിച്ച സാഹിത്യസംഘം പിടിച്ചെടുത്തുദ്ധരിച്ച് ഏഴുനിലമാളികയാക്കിയപോലെ ഏട്ടിലെപ്പശുവായിക്കിടന്ന നാടകക്കളരി വെടക്കാക്കി തനിക്കാക്കിയെടുക്കാനുള്ള പാര്‍ട്ടിപ്പരിപാടിയായിരിക്കുമോ ‘അഗ്രഗാമി’ക്കു പിന്‍ഗാമിയായി സംഭവിച്ചത്? എങ്കില്‍, കളരിപ്പയറ്റ് സിന്ദാബാദ് ! അന്ന്, ‘കലി’യെ കൂവിയവര്‍ക്ക്  പൂ…പൂഹോയി!”—-. ‘പാര’യുടെ ഈ പത്രാധിപക്കുറിപ്പിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ബ്രിട്ടോ പറഞ്ഞു… ”പോയി പണി നോക്കാന്‍ പറ മാഷേ…” അതാണ് ബ്രിട്ടോ. തനിക്കു ശരിയെന്നു തോന്നുന്നത് ബ്രിട്ടോ ചെയ്തിരിക്കും. ശരിയെന്ന് തോന്നുന്നതേ ചെയ്യൂ.ബ്രിട്ടോയുടെ പുസ്തകപ്രകാശനം കഴിഞ്ഞ് തിരുവന്തപുരത്തുനിന്ന് വെളുപ്പാന്‍കാലത്ത് എറണാകുളത്തെത്തിയപ്പോള്‍, ലക്ഷമണനെ വായിച്ച വടക്കന്‍ പറവൂര്‍ സ്വദേശിയായ എന്‍ജിനീയര്‍ ബിരുദധാരിയായ എസ്.ബൈജു എന്റടുത്തുവന്നു പറഞ്ഞു-‘മാഷേ,കാഞ്ചനസീത നമുക്കവതരിപ്പിക്കണ്ടേ…?” ഞാന്‍ പറഞ്ഞു,”വേണം, ബൈജു… പക്ഷേ, എനിക്ക് മൂന്നുകാര്യങ്ങള്‍ ഉറപ്പാക്കണം… ഒന്ന്, കാഞ്ചനസീതയില്‍ അഭിനയിച്ച് പൂര്‍ണതയിലെത്തിക്കാന്‍ വളരെ പ്രയാസമുള്ള രാമനെ അവതരിപ്പിക്കാന്‍ നല്ല ഒരു നടന്‍ വേണം. സി. എന്‍. നാടകമെഴുതിയപ്പോള്‍ മനസ്സില്‍ ടി. ആര്‍. സുകുമാരന്‍നായരെ കണ്ടാണെഴുതിയത്. രണ്ട്, സീതയെ വനത്തിലുപേക്ഷിച്ച രാമനെ ചോദ്യം ചെയ്യുന്ന ശക്തമായ സ്ത്രീകഥാപാത്രം ഊര്‍മ്മിളയാണ്. ഊര്‍മ്മിളയെ അവതരിപ്പിക്കാന്‍ തക്ക ഊര്‍ജ്ജവും മനശ്ശക്തിയുമുള്ള ഒരു അഭിനേത്രിയെ കിട്ടണം. മൂന്ന്, ലവകുശന്മാരെ അവതരിപ്പിക്കാന്‍, തിരിച്ചറിയാന്‍ കഴിയാത്തവിധം സാമ്യമുള്ള ഇരട്ടകളായ സഹോദരന്മാരെ കിട്ടണം”.-അന്വേഷണങ്ങള്‍ക്കിടയിലാണ് ബ്രിട്ടോയുടെ സഹധര്‍മ്മിണി സീനയെ കണ്ടെത്തുന്നത്. ബ്രിട്ടോ പറഞ്ഞു, ”വേക്കന്‍ മാഷിന്റെ നാടകത്തിലേക്കല്ലെ, പൊയ്‌ക്കോ സീന.” അധികം വൈകാതെ ഞാന്‍ നാടകമവതരിപ്പിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. സീന അന്ന് കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ എല്‍. എല്‍. ബി.ക്കു പഠിച്ചുകൊണ്ടിരുന്ന കാലമാണ്. അവര്‍ക്ക്  കുട്ടികളുണ്ടായിട്ടില്ല. സീന നാടകക്കളരിയില്‍ എത്തുമ്പോള്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ വച്ചുണ്ടായ ദുരനുഭവങ്ങള്‍ ഭാഗികമായി മാത്രമേ എന്നോട് പറഞ്ഞിരുന്നുള്ളൂ. കളരിയുടെ ഡയറക്ടര്‍, കാഞ്ചനസീത പോലൊരു നാടകത്തിന്റെ സംവിധാന ചുമതല, ടി. ആര്‍. സുകുമാരന്‍ നായരെപ്പോലെ പ്രഗത്ഭനായൊരു നടന്‍ ആവിഷ്‌ക്കരിച്ച രാമനെ കണ്ടിട്ടുള്ള പ്രേക്ഷകരുടെ മുന്നില്‍ രാമനെ അവതരിപ്പിക്കുന്നതിന്റെ ശാരീരികവും മാനസീകവുമായ തയ്യാറെടുപ്പുകള്‍, രംഗചിത്രം, സംഗീതം, പ്രകാശസന്നിവേശം, രംഗോപകരണങ്ങള്‍, വേഷസംവിധാനം, ചമയം, സി. എന്‍.ന്റെ സ്മരണദിനത്തില്‍ നടത്താനുള്ള സിമ്പോസിയത്തിന്റെ കാര്യങ്ങള്‍, നാടകാവതരണ ദിവസം മുഖ്യാതിഥിയായി എത്തുന്ന ഗോപിച്ചേട്ടന്റെ (ഭരത് ഗോപി) യാത്ര, താമസം, ഭക്ഷണം, ഒപ്പം വരുന്ന സി. എന്‍.ന്റെ മകന്‍ സി. എന്‍. ഉണ്ണികൃഷ്ണന്റെ  കാര്യങ്ങള്‍,  സര്‍വ്വോപരി സാമ്പത്തികം കണ്ടെത്തല്‍ അങ്ങനെ രാവണന്റെ പത്തുതലയുണ്ടെങ്കിലും ചിന്തിച്ചും ചെയ്തും തീര്‍ക്കാന്‍ ബുദ്ധിമുട്ടുള്ള നിരവധി കാര്യങ്ങളിലായിരുന്നു ഞാന്‍. ഇതെല്ലാം മനസ്സിലാക്കാന്‍ കഴിയുന്ന സീന എന്നോട് വ്യക്തിപരമായ കാര്യങ്ങള്‍ പറയാതിരുന്നത് എത്രയോ നന്നായിരുന്നു എന്ന് 2006-ല്‍ മലയാളം വാരികയില്‍ സജി ജയിംസ് ബ്രിട്ടോയേയും സീനയേയുംകുറിച്ചെഴുതിയ ലേഖനത്തില്‍ നിന്നാണ് ഞാനറിഞ്ഞത്. രാമന്റെ അന്തസ്സംഘര്‍ഷം മുഴുവന്‍ അനുഭവിച്ചുകൊണ്ടിരുന്ന എന്നോട് സീന കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ അനുഭവിച്ച കാര്യങ്ങള്‍ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഞാനല്ലാതായേനെ. പെണ്‍മക്കളില്ലാത്ത എനിക്ക് കളരിയില്‍ വരുന്ന പെണ്‍കുട്ടികള്‍ മക്കളെപ്പോലെയായിരുന്നു. സീനയുടെ ജീവിതാനുഭവങ്ങളില്‍ നിന്നും, ബ്രിട്ടോയില്‍ നിന്നും ലഭിച്ച അനുഭവങ്ങളില്‍ നിന്നും സീന പഠിച്ച പാഠങ്ങള്‍ എത്ര പക്വതയോടും മനസംയമനത്തോടുംകൂടിയാണ് സീന കൈകാര്യം ചെയ്തത്. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ദിവസവും സീന സ്‌കൂട്ടറില്‍ നാടകക്കളരിയിലെത്തി വൈകിട്ട് ആറുമണിക്കാരംഭിച്ച് എട്ടുമണിവരെയുള്ള പരിശീലനത്തില്‍ പങ്കെടുത്തുകൊണ്ടിരുന്നു. വൈകുന്നേരങ്ങളില്‍ ബ്രിട്ടോ ഒറ്റയ്ക്കാകുന്നതിന്റെ പ്രശ്‌നങ്ങള്‍ എത്ര പരസ്പര ധാരണയോടെയാണ് ബ്രിട്ടോയും സീനയും അതിജീവിച്ചതെന്ന്, ഇന്നത്തെ യാഥാസ്ഥിതികരായ-പുരോഗമനവാദികളായ-ലിവിംഗ്ടുഗതര്‍ ശൈലിക്കാരായ ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് എല്ലാം മാതൃകയാവേണ്ടതാണ്. റിഹേഴ്‌സല്‍ പുരോഗമിച്ചപ്പോള്‍ സീന വീട്ടിലെത്താനും വൈകിത്തുടങ്ങി. ഒരുദിവസം പുച്ഛം കലര്‍ന്ന പരിഹാസത്തോടെ സീന പറഞ്ഞു-”മാഷേ, രാത്രിയില്‍ റിഹേഴ്‌സല്‍ കഴിഞ്ഞ് സ്‌കൂട്ടറില്‍ പോകുമ്പോള്‍ ചിലവമ്മാരുടെ വല്ലാത്ത നോട്ടം. ഇന്നലെ ഞാനൊരുത്തനോട് ചോദിച്ചു, എന്താടാ പട്ടി നോക്കണെ…”. സീനയ്ക്ക് അതൊന്നും ഒരു വിഷയമായിരുന്നില്ല. ഒരു സംഘടനയുടെയും പിന്‍ബലമില്ലാതെ പണ്ടും ഇന്നും രാത്രിയും പകലും ഒറ്റയ്ക്കും തെറ്റയ്ക്കും കേരളത്തില്‍ പെണ്ണുങ്ങള്‍ സഞ്ചരിക്കുന്നുണ്ട്. പക്ഷേ, അതിന് ഉശിരുവേണം. അത്തരക്കാര്‍ക്ക് ഉത്തമ മാതൃകയാണ് സീന. കേരളത്തില്‍ എത്ര പുരോഗമനം വന്നിട്ടുണ്ടെന്ന് ആരൊക്കെ പറഞ്ഞാലും ഇന്നും കേരളത്തില്‍ ഒരു സ്ത്രീ സന്ധ്യകഴിഞ്ഞ് ഒറ്റയ്ക്ക് യാത്രചെയ്യുന്നത്, വഴിയേപോകുന്നവരുടെ അനുവാദത്തോടെയാവണം എന്നാണല്ലോ വെയ്പ്.  ഏറ്റെടുത്ത ഉത്തരവാദിത്വം, ഊര്‍മ്മിളയെ അവതരിപ്പിക്കുക… അതിനുവേണ്ടി എന്ത് ത്യാഗവും സഹനവും എത്ര റിഹേഴ്‌സലും ചെയ്യാന്‍ സീന തയ്യാറായിരുന്നു. മാസങ്ങളോളം നീണ്ട നിരന്തര പരിശീലനത്തിനൊടുവിലാണ് കാഞ്ചനസീത അരങ്ങേറിയത്. ഊര്‍മ്മിളയുടെ വിജയത്തിന്റെ കാരണവും മറ്റൊന്നായിരുന്നില്ല. കേരളത്തില്‍ പലയിടത്തും കാഞ്ചനസീത അവതരിപ്പിച്ചപ്പോഴും നാടകക്കളരിയിലെഅച്ചടക്കത്തിനു വിധേയമായിത്തന്നെയാണ് സീന പ്രവര്‍ത്തിച്ചത്. ബ്രിട്ടോയുടെ നിരവധി കാര്യങ്ങള്‍ വന്നപ്പോഴും, നാടകത്തിന്റെ കാര്യങ്ങള്‍ക്ക് ഒരു കുറവും വരുത്താന്‍ ബ്രിട്ടോ അനുവദിച്ചിരുന്നില്ല. നാടകം അഭിനയിക്കാന്‍ വന്നത് സീനയാണെങ്കിലും ബ്രിട്ടോയും നാടകത്തിനുവേണ്ടി പലതും സഹിക്കേണ്ടിവന്നിട്ടുണ്ടെന്ന് എനിക്കറിയാം. ബ്രിട്ടോയ്ക്ക് നാടകത്തോടും സമര്‍പ്പിതരായ നാടകകലാകാരന്മാരോടുമുള്ള സ്‌നേഹവും ബഹുമാനവും ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ വളര്‍ച്ചയുടെ എത്രയോ ഘട്ടങ്ങളില്‍ ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. ബ്രിട്ടോയെപ്പോലൊരു ഭര്‍ത്താവില്ലായിരുന്നെങ്കില്‍ സീനക്കൊരിക്കലും ഊര്‍മ്മിളയെ ആവിഷ്‌ക്കരിക്കാന്‍ കഴിയുമായിരുന്നോ…? സംശയമാണ്. അതായിരുന്നു അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ  സവിശേഷത. എന്റെ ജീവിതത്തിലെ ചാരിതാര്‍ത്ഥ്യത്തിന്റ നിമിഷപ്പട്ടികയില്‍ ഇടം നേടിയ ഒരനുഭവം 2003 ഫെബ്രുവരി 14ന് എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ കാഞ്ചനസീതയുടെ ആദ്യാവതരണം നടക്കാന്‍ പോകുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കാഞ്ചനസീതയുടെ ഒരവതരണം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെ് നിരവധിയാളുകള്‍ ടിക്കെറ്റെടുത്ത് നാടകം കാണാന്‍ എത്തിയിട്ടുണ്ട്. വിശിഷ്ടാതിഥികളില്‍ ഭരത് ഗോപിയുമുണ്ട്. നാടകം കഴിഞ്ഞ് ഗോപിച്ചേട്ടനും സി. എന്നിന്റെ മകന്‍ സി. എന്‍. ഉണ്ണികൃഷ്ണനും അണിയറയില്‍ വന്ന് എന്നെ കെട്ടിപ്പിടിച്ചു.  ”വേക്കന്‍, നാടകം ഗംഭീരായി… ലക്ഷ്മണനും ഊര്‍മ്മിളയും അസ്സലായി…” തുടര്‍ വര്‍ത്തമാനത്തിനിടയില്‍ ഞാന്‍ പറഞ്ഞു, ”ഗോപിച്ചേട്ടാ, നമ്മുടെ ഊര്‍മ്മിളക്ക് നാടകത്തിലേപ്പോലെ ജീവിതത്തിലും മക്കളില്ല”. ”അയ്യോ”. ഗോപിച്ചേട്ടന്റെ പ്രതികരണം പെട്ടെന്നായിരുന്നു. നാടകത്തിന്റെ റിഹേഴ്‌സലില്‍ ഊര്‍മ്മിളയായി അഭിനയിക്കുന്ന സീനയുടെ ശിരസ്സില്‍, രാമനായി അഭിനയിക്കുന്ന ഞാന്‍ ഒരായിരം തവണയെങ്കിലും കൈവെച്ചനുഗ്രഹിച്ച് പറഞ്ഞിട്ടുണ്ട് ‘പുത്രവതിയായി ഭവിക്കട്ടെ…’ എന്ന്. നാടകം കഴിഞ്ഞ് അധികവര്‍ഷം കഴിയാതെ ഊര്‍മ്മിളയായി അഭിനയിച്ച സീനക്കും ബ്രിട്ടോയ്ക്കും ഒരു മോളുണ്ടായി…! നാടകക്കളരി പ്രസ്ഥാനത്തിന്റെയും സ്ഥിരം നാടകവേദിയുടെയും പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിഞാന്‍ വൈക്കത്തുനിന്ന് എറണാകുളത്ത് വന്ന് ഇതൊക്കെ ചെയ്യുന്നതിന്റെ കഷ്ടപ്പാടുകള്‍ മറ്റാരേക്കാളും ബ്രിട്ടോയ്ക്കറിയാമായിരുന്നു. എറണാകുളത്തെ ചില സ്ഥാപിത താല്‍പര്യക്കാരായ രാഷ്ട്രീയക്കാരുടെ കുതന്ത്ര ഇടപെടലിലൂടെ സ്ഥിരം നാടകവേദി എന്ന പദ്ധതി ഞാന്‍ നിര്‍ത്തി വെച്ചതില്‍ ഏറെ ദുഖിച്ചവരില്‍ ബ്രിട്ടോയുമുണ്ടായിരുന്നു. ”മാഷിങ്ങോട് വാ മാഷേ, ഞാന്‍ സ്ഥലം സംഘടിപ്പിച്ചു തരാം…” എന്നോട് പലപ്പോഴും ബ്രിട്ടോ പറഞ്ഞിട്ടുണ്ട്. വൈക്കത്തിനടുത്തുകൂടി എവിടെ യാത്ര പോയാലും ബ്രിട്ടോ വിളിക്കുമായിരുന്നു. പലപ്പോഴും അപ്രതീക്ഷിതമായാണ് ആ വിളി വരാറ്. ”വേക്കന്‍ മാഷല്ലേ…” എന്നെ പലരും അങ്ങനെ വിളിക്കാറുണ്ട്. പക്ഷെ, ബ്രിട്ടോയുടെ ആ വിളിയില്‍ സ്‌നേഹവും ബഹുമാനവും പൊതിഞ്ഞുകെട്ടിയിരിക്കും. എന്നേക്കാള്‍ പ്രായം ബ്രിട്ടോയ്ക്കാണെങ്കിലും ബ്രിട്ടോ എന്നെ അങ്ങനെയേ വിളിച്ചിരുന്നുള്ളു. കേരളത്തിലെ ഏതു മികച്ച നടന്മാരെക്കളും മികച്ച അഭിനേതാക്കളാണ് രാഷ്ട്രീയക്കാര്‍. അവരുടെയിടയില്‍ രാഷ്ട്രീയക്കാരനായിരിക്കുകയും നടനല്ലാതായിരിക്കുകയും അതേസമയം നാടകത്തെ, അഭിനയകലയെ ഹൃദയത്തില്‍ കൊണ്ടുനടക്കുകയും ചെയ്തിരുന്നു ബ്രിട്ടോ. ബ്രിട്ടോയുടെയും സീനയുടെയും മകള്‍ നിലാവിനെ ഒറ്റയ്ക്കാരുടേയും കൂടെ വിട്ടു തുടങ്ങിയിരുന്നില്ല. പക്ഷെ, ഒരിക്കല്‍ ബ്രിട്ടോയും മകള്‍ നിലാവും കൂടി കോട്ടയത്തിനു പോകാന്‍ വൈക്കം ടി. ബി.യില്‍ ഒരു രാത്രി തങ്ങേണ്ടിവന്നപ്പോള്‍ എന്റെ കൂടെ നിലാവിനെ കൂട്ടിവിട്ടു. എന്റെ സ്‌കൂട്ടറിന്റെ പിന്‍സീറ്റില്‍ കയറിയ നിലാവ് എന്നോട് ചോദിച്ചു, ”വേക്കന്‍ മാഷേ… ഞാന്‍ പുറകു തിരിഞ്ഞിരുന്നോട്ടെ?” നിലാവ് അങ്ങനെയിരുന്നു… മുന്നിലിരിക്കുന്നയാളിന്റെ മറകൊണ്ട് മുന്‍ലോകം മുഴുവന്‍ കാണാന്‍ കഴിയാത്ത നിലാവ്, പിന്തിരിഞ്ഞിരുന്നു പുറംലോകം മുഴുവന്‍ കണ്ട് എന്നോടൊപ്പം യാത്രചെയ്തു വീട്ടിലെത്തി. അതാണ് ബ്രിട്ടോ, മകള്‍ നിലാവിന് കൊടുത്ത പരിശീലനം. പെണ്‍മക്കളുള്ള അച്ഛന്മാര്‍ കണ്ടുപഠിക്കട്ടെ ബ്രിട്ടോയില്‍നിന്ന്. ഒരുകൂട്ടം മനുഷ്യദ്വേഷികള്‍ ക്രിസ്തുവിന്റെ കൈവെള്ളയില്‍ ആണിയടിച്ച് കുരിശില്‍ തറച്ചു. ക്രിസ്തു കുരിശ്ശില്‍ പ്രാണന്‍ വെടിഞ്ഞു. ഒരു കൂട്ടം രാഷ്ട്രീയകാപാലികര്‍ ബ്രിട്ടോയെ ചക്രക്കസേരയില്‍ തളച്ചു. പക്ഷെ, ബ്രിട്ടോ ആ ചക്രക്കസേര കൈവെള്ളകൊണ്ട് കറക്കി ആയുസ്സനുവദിച്ച കാലമത്രയും ക്രിയാത്മകമായി ജീവിച്ചു തീര്‍ത്തു.

You must be logged in to post a comment Login