അരങ്ങും കാണിയും

കെ. എം. സന്തോഷ് കുമാര്‍

കേരള സംഗീത നാടക അക്കാഡമി സംഘടിപ്പിച്ച എട്ടാമത് അന്താരാഷ്ട്ര നാടകോത്സവം( ഇറ്റ് ഫോക്ക്) നാടകാസ്വാദര്‍ക്കും കലാ പ്രവര്‍ത്തകര്‍ക്കും ഇക്കുറിയും സമ്പന്നമായ സര്‍ഗ്ഗ അനുഭവമായിത്തീര്‍ന്നു. പതിനൊന്ന് അന്തര്‍ദേശീയ നാടകങ്ങളും ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള അഞ്ചു ദേശീയ നാടകങ്ങളും നാല് മലയാള നാടകങ്ങളുമാണ് ഫെസ്റ്റിവെല്ലില്‍ അവതരിപ്പിക്കപ്പെട്ടത്.

12049266_10153132544437197_8353006501511701165_n
ഖസാക്കിന്റെ ഇതിഹാസം

മലേഷ്യയില്‍ നിന്നുള്ള ഫൈവ് ആര്‍ട്‌സ് സെന്റിന്റെ ബാലിംഗ്, ലെബനീസ് നാടകമായ സില്‍ക്ക് ത്രെഡ്, ഇറാനില്‍ നിന്നുള്ള ഐ കാണ്ട് ഇമാജിന്‍ റ്റുമാറോ , ജപ്പാന്‍ നാടകമായ കളേഴ്‌സ് ഓഫ് അവര്‍ ബ്ലഡ്, ടര്‍ക്കിഷ് നാടകമായ ഗാര്‍ബേജ് മോണ്‍സ്റ്റര്‍, മാജിക് ട്രീ, വെയിറ്റിംഗ് ( ഇറാക്ക് – ബെല്‍ജിയം) , തലാമസ് ( ജര്‍മ്മന്‍), ദി ബാറ്റില്‍ സീന്‍ ( ലെബനോന്‍) , ചീയര്‍ ലീഡര്‍ ഓഫ് യൂറോപ്പ് ( സിംഗപ്പൂര്‍) തുടങ്ങിയവയായിരുന്നു പ്രധാനപ്പെട്ട വിദേശ നാടകങ്ങള്‍.
ഖസാക്കിന്റെ ഇതിഹാസം( കെ. എം. കെ. സ്മാരക കലാസമിതി തൃക്കരിപ്പൂര്‍, കാസര്‍കോട്). മറിയാമ്മ, ( പ്ലേറൈറ്റ്‌സ് തിരുവനന്തപുരം), അദ്ദേഹവും മൃതദേഹവും ( ഫ്‌ളോട്ടിന്‍ ഐലന്‍ഡ് ആക്‌റ്റേഴ്‌സ് ഗ്രൂപ്പ്, കൊച്ചി), മത്തി ( മലയാള കാലനിലയം നാടകവേദി, കൂത്തുപറമ്പ്, കണ്ണൂര്‍) എന്നിവയായിരുന്നു മലയാള നാടകങ്ങള്‍
കേരളത്തില്‍ നാടകങ്ങള്‍ സംസ്‌കൃത സ്വാധീനത്തിന് അടിപ്പെട്ടിരുന്ന കാലത്ത് എഴുതപ്പെട്ട യഥാര്‍ത്ഥ മലയാള നാടകമായിരുന്നു കൊച്ചീപ്പന്‍ തരകന്റെ മറിയാമ്മ. കേരളത്തിലെ സുറിയാനി ക്രിസ്ത്യന്‍ കുടുംബങ്ങളിലെ ജീവിതവും കുടുംബങ്ങള്‍ക്കുള്ളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളുമായിരുന്നു 1878 ല്‍ എഴുതിയ ഈ നാടകത്തിന്റെ ഇതിവൃത്തം. ആയിരത്തി തൊളളായിരങ്ങളില്‍ വരെ തെക്കന്‍ കേരളത്തില്‍ ഈ നാടകം അവതരിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് നാടകരംഗവും സാഹിത്യ ചരിത്രവും മറിയാമ്മയെ മറന്നു. 138 വര്‍ഷങ്ങള്‍ക്കു ശേഷം ഈ നാടകം പുനരവതരിപ്പിച്ചപ്പോള്‍ അതിന്റെ കാലികമായ പ്രസക്തിയും കലാപരമായ മേന്മയും അതിരറ്റത് തന്നെയായി. മറിയാമ്മയെ വീണ്ടും അരങ്ങിലേക്ക് കൊണ്ടുവന്ന് പുതിയ കാലത്തിന്റെ വെളിച്ചത്തില്‍ നിര്‍ത്തുമ്പോള്‍ അതൊരു ചരിത്ര ദൗത്യവും രാഷ്ട്രീയ ഇടപെടലും ആകുകയാണ് ചെയ്തത്.

ഖസാക്കിന്റെ ഇതിഹാസം
ഖസാക്കിന്റെ ഇതിഹാസം

ഒ.വി വിജയന്റെ വിഖ്യാതനോവലായ ഖസാക്കിന്റെ ഇതിഹാസത്തിന്റെ ദീപന്‍ ശിവരാമന്‍ സംവിധാനം ചെയ്ത നാടകാവിഷ്‌ക്കാരം ഈ ഇറ്റ്‌ഫോക്കിന്റെ ഏറെ സവിശേഷമായ കലാവിഭവമായിരുന്നു. തൃക്കരിപ്പൂര്‍ ഗ്രാമത്തിലെ വലിയൊരു ജനവിഭാഗത്തിന്റെ പങ്കാളിത്തം കൊണ്ടാണ് ഈ നാടകം സാധ്യമായത്. ഇരുപത്തിയെട്ട് അഭിനേതാക്കളും അത്രത്തോളം ആളുകള്‍ പിന്നണിയിലുമുണ്ട് ഈ നാടകത്തില്‍.തുറന്ന അരങ്ങില്‍ വിസ്മയകരമായ ദീപവിന്യാസത്തിലാണ് ഖസാക്കിന്റെ ഇതിഹാസം അവതരിപ്പിക്കപ്പെട്ടത്.ചില സാങ്കേതിക തകരാറുകള്‍ മൂലം നാടകാവതരണം രണ്ടു മണിക്കൂര്‍ വൈകിയിട്ടും മുന്നു മണിക്കൂര്‍ ഇരുപത്തിയഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ നാടകം അതീവ അച്ചടക്കത്തോടെ സഹൃദയര്‍ ഏറ്റുവാങ്ങുകയായിരുന്നു.
നോവല്‍ നമ്മുടെ ഓര്‍മ്മകളിലേക്ക് കൊണ്ടുവരുന്നത് ഖസാക്കിലെ ഏകാധ്യാപക വിദ്യാലയത്തില്‍ അധ്യാപകനായെത്തുന്ന രവിയുടെ അസ്തിത്വ വിഹ്വലതകളും ദുഃഖവും സ്വാന്തനവും സ്‌നേഹവും പാപവും പ്രണയവും രതിയും എല്ലാമാണ്. എന്നാല്‍ നാടകം രവിയില്‍ മാത്രം കേന്ദ്രീകരിക്കാതെ, മലയാളിയുടെ ഇതിഹാസഭൂമിയായി മാറിയ ഖസാക്കിലെ ഒട്ടേറെ ജീവിതങ്ങളെ ആവിഷ്‌ക്കരിക്കുകയാണ്. അള്ളാപ്പിച്ചമൊല്ലാക്കയും കുപ്പുവച്ചനും ചാന്തുമ്മയും നൈജാമലിയും അപ്പുക്കിളിയും ശിവരാമന്‍ നായരും തുന്നല്‍ക്കാരന്‍ മാധവനും നീലിയും കെട്ടിയോനും ചായക്കടക്കാരന്‍ ബീരാനും കുട്ടാടന്‍ പൂശാരിയുമെല്ലാം പ്രേക്ഷകരില്‍ തീവ്രാനുഭവമായി മാറുകയായിരുന്നു. നാടകം അരങ്ങില്‍ അഭിനയിക്കപ്പെടുകയല്ല കാണികള്‍ക്കിടയില്‍ അനുഭവിപ്പിക്കപ്പെടുകയാണുണ്ടായത്.


ഖസാക്കിലെ വെളിമ്പറമ്പിന്റെ അകലങ്ങളില്‍ നിന്ന് ആളിക്കത്തിയെത്തുന്ന ഈരച്ചൂട്ടുകളുടെ വെളിച്ചത്തില്‍ നിന്ന് ആരംഭിക്കുന്ന നാടകം സര്‍വ്വവും വിമലീകരിക്കുന്ന മഴയിലാണ് അവസാനിക്കുന്നത്. പല സന്ദര്‍ഭങ്ങളിലും പലവിധങ്ങളില്‍ സൃഷ്ടിക്കപ്പെടുന്ന അഗ്നിജ്വാല, രംഗാവിഷ്‌ക്കാരത്തിലെ സവിശേഷ സാന്നിധ്യമാണ്. മുങ്ങാംകോഴി രാവുത്തരുടെ ജീവിതഖണ്ഡവും നൈജാമലിയുടെയും മൈമുനയുടെയും കൗമാരാപ്രണയാനുഭവവും മൈമുനയുടെ നിക്കാഹും അച്ഛനെക്കുറിച്ചുള്ള രവിയുടെ ഓര്‍മ്മകളും ഇടയ്‌ക്കെപ്പെഴോ സ്മൃതിയും സ്മൃതിഭംഗവുമായി സാന്നിധ്യപ്പെടുന്ന രവിയുടെ പ്രണയിനി പത്മുവും… ഇതിന്റെയൊക്കെ ആവിഷ്‌ക്കാരം സര്‍ഗവിസ്മയങ്ങള്‍ തന്നെയായിരുന്നു. ഉജ്ജ്വലപ്രതിഭയായ ഒരു സംവിധായകന്റെ കരസ്പര്‍ശം ഓരോ മിനിറ്റിലും അനുഭവപ്പെടുന്ന ഒന്നായി മാറുകയായിരുന്നു ഖസാക്കിന്റെ ഇതിഹാസം.
എന്നാല്‍ ചില പരിമിതികളായി ചൂണ്ടിക്കാണിക്കാനുള്ളത്, നാം വായിച്ചറിഞ്ഞ നോവലിലെ ഗാഢവും തീക്ഷ്ണവും അഗാധവുമായ ചില സന്ദര്‍ഭങ്ങളെ ഈ നാടകം കാണാതെ പോയി എന്നുള്ളതാണ്. –ഉദാഹരണമായി പിതൃ- ഗുരു സ്‌നേഹ വാത്സല്യ നിറവില്‍ രവിയുടെ മടിത്തട്ടില്‍ ഇരിക്കുമ്പോഴാണ് കുഞ്ഞാമിന ഋതുമതിയാകുന്നത്; രവി ആഗ്രഹിക്കുന്ന സ്ത്രീകളെല്ലാം അയാള്‍ക്ക് വഴങ്ങുകയാണ് ചെയ്യുന്നത്. എന്നാല്‍ സ്വന്തം ചില നിലപാടുകളുടെയും കരുതലിന്റെയും ഭാഗമായി ചാന്തുമ്മ മാത്രമാണ് നോവലില്‍ മറ്റൊരു സ്ത്രീവ്യക്തിത്വമാകുന്നത്; രാജാവിന്റെ പള്ളിയില്‍ അറബിക്കുളത്തില്‍ കുളിച്ചുവന്ന് ജ്വരം വിട്ടൊഴിയാത്ത രവിയുമായി രതിയിലേര്‍പ്പെട്ടതിനു ശേഷം റാക്ക് കുടിച്ചു അര്‍ദ്ധമയക്കത്തിലുള്ള മൈമുനയുടെ കാതിലേക്ക് ഒരു മയ്യത്ത് യാത്രയുടെ പ്രാര്‍ത്ഥനാ ശബ്ദമെത്തുന്നു. ആരുടെയോ മയ്യത്ത് യാത്രയാണെന്ന് മൈമുന അലക്ഷ്യമായി പറയുമ്പോള്‍ അവള്‍ അറിയുന്നുണ്ടോ അത് അവളുടെ ബാപ്പ അള്ളാപിച്ചമൊല്ലാക്കയുടേതാണെന്ന് . —- ഈ സന്ദര്‍ഭങ്ങളുടേയൊക്കെ ദൃശ്യാവിഷ്‌ക്കാര സാധ്യതയെ കൈയൊഴിഞ്ഞത് സംവിധായകന്റെ പരിമിതിയല്ല ബോധപൂര്‍വ്വമായ ഒഴിഞ്ഞുമാറ്റമാണ് എന്നു വിലയിരുത്തേണ്ടിവരും.

mariyamma-drama-main-pic.jpg.image.784.410
മറിയാമ്മ

വലിയ സാമ്പത്തിക ചിലവും തയ്യാറെടുപ്പും ആവശ്യമുള്ള നാടകമാണ് ഖസാക്കിന്റെ ഇതിഹാസം. മറ്റു നാടകങ്ങളെപ്പോലെ വ്യാപകമായി അവതരിപ്പിക്കപ്പെടുവാന്‍ ഇക്കാരണങ്ങളാല്‍ തടസമാകുന്ന ഈ നാടകം ആസ്വദിക്കാനുള്ള അവസരമൊരുക്കി ഇറ്റ്‌ഫോക്ക് എന്നുള്ളത് നാടകപ്രേമികള്‍ക്ക് ഏറെ അനുഗ്രഹമായി.
നാടകങ്ങള്‍ കാണുവാന്‍ വിദൂര നാടുകളില്‍ നിന്നും ബുദ്ധിമുട്ടിയെത്തുന്ന എല്ലാ ആസ്വാദകര്‍ക്കും നാടകത്തിനുള്ള പ്രവേശന പാസ് ലഭിക്കാതെ പോകുന്നതും, ഇറ്റ്‌ഫോക്കിലേക്കുള്ള നാടകങ്ങള്‍ തെരഞ്ഞെടുക്കുന്നതിലെ സൂക്ഷ്മതക്കുറവും കേരളത്തിലെമ്പാടുമുള്ള ചെറുഗ്രാമ നാടകസമിതികളുടെ പങ്കാളിത്തം ഉറപ്പിക്കാനാവാത്തതും പോലെയുള്ള ഒട്ടേറെ വിമര്‍ശനങ്ങള്‍ അന്താരാഷ്ട്ര നാടകോത്സവത്തിനെതിരെ പതിവായി ഉയരാറുണ്ടെങ്കിലും പരിഹാരത്തിനുള്ള ശ്രമങ്ങള്‍ അക്കാദമിയുടെ ഭാഗത്തുനിന്ന് ഇന്നും വേണ്ടവണ്ണം ഉണ്ടാകുന്നില്ല. പകലിരവുകളെ കാഴ്ചയുടെയും അനുഭവത്തിന്റെയും ഉത്സവമാക്കിത്തീര്‍ത്ത ഇറ്റ്‌ഫോക്കിന്റെ തിരശ്ശീല താഴ്ന്നു. ഇനി അടുത്ത വര്‍ഷത്തേക്കുള്ള കാത്തിരിപ്പ്.

 

You must be logged in to post a comment Login