അരങ്ങൊഴിഞ്ഞ അച്ഛന്റെ ഓര്‍മ്മയില്‍

തോപ്പില്‍ ഭാസി ചരിത്രമായിട്ട് കാല്‍ നൂറ്റാണ്ട്,
മകന്‍ തോപ്പില്‍ സോമന്റെ ഓര്‍മ്മകളിലൂടെ…

  • സനില്‍ രാഘവന്‍

ജനസമൂഹത്തിന്റെ പൊള്ളുന്ന ജീവിതയാഥര്‍ത്ഥ്യങ്ങളിലൂടെ സഞ്ചരിച്ച് ഉടലുമുയിരും ചുട്ടുപൊള്ളിയ ഒരു വ്യക്തിത്വമായിരുന്നു തോപ്പില്‍ ഭാസി. ചരിത്രത്തിലെന്നതിനേക്കാള്‍ നാടിന്റെ ചരിത്രത്തില്‍ പതിഞ്ഞു കിടക്കുന്ന തോപ്പില്‍ ഭാസി ഒരംശമായി മാറിയിരുന്നു. മലയാളക്കരയില്‍ ചെങ്കൊടിയുയര്‍ത്തി അരനൂറ്റാണ്ടിലധികമായി കേരളത്തെ അനുണാഭമാക്കിയ തോപ്പില്‍ഭാസി നമ്മെ വിട്ടു പിരിഞ്ഞിട്ട് ഡിസംബര്‍ എട്ടിന് അരനൂറ്റാണ്ടായി. തോപ്പില്‍ ഭാസിയുടെ ഒളിമങ്ങാത്ത ഓര്‍മ്മകളുമായി മകന്‍ അഡ്വ. ബി സോമകുമാര്‍ എന്ന തോപ്പില്‍ സോമന് അച്ഛനെ പറ്റി പറയുവാനാണെങ്കില്‍ ഏറെയുണ്ട്. തോപ്പില്‍ ഭാസി ജീവിതാവസാനം വരെ ഒരു കമ്മ്യൂണിസ്റ്റായിട്ടാണ് ജീവിച്ചത്. പച്ചയായ മനുഷ്യന്റെ ജീവിതമാണ് അദ്ദേഹത്തില്‍ കണ്ടത്. സാധാരണക്കാരനും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവനും വേണ്ടി എന്നും നിലകൊണ്ടു. അവിടെ അദ്ദേഹം ഒരു വിട്ടുവീഴചയ്ക്കും തയ്യാറായില്ല.തന്റെ ചുറ്റുപാടും ഉള്ള കഷ്ടപ്പെടുന്നവനുവേണ്ടി ശബ്ദമുയര്‍ത്തി. എവിടെമാനവിക മുല്യങ്ങള്‍ക്ക് വിലകല്‍പിക്കാതിരിക്കുന്നുവോ അപ്പോള്‍ അദ്ദേഹം പ്രതികരിക്കും. ‘എനിക്കു പറയുവാനുള്ളുപ്പോള്‍ ഞാന്‍ എന്റെ പേന ചലിപ്പിക്കും. അതു ചിലപ്പോള്‍ അധികാര വര്‍ഗത്തിന് എതിരായിരിക്കാം. എനിക്ക് അതില്‍ ഒട്ടും സന്ദേഹമില്ല’. തോപ്പില്‍ ഭാസിയുടെ ഭൗതികശരീരം വിട്ടു പോയിട്ട് 25 വര്‍ഷം കഴിഞ്ഞെങ്കിലും അദ്ദേഹം ഉയര്‍ത്തിയ ദര്‍ശനങ്ങള്‍ക്ക് ഇന്നും പ്രസക്തിയേറുന്നു.

ഒരു മകനെന്ന നിലയില്‍ അതില്‍പ്പരം അഭിമാനിക്കുവാന്‍ വെറെന്തു വേണം. തോപ്പില്‍ ഭാസി നാടകകൃത്ത്, രാഷട്രീയക്കാരന്‍, ഭരണകര്‍ത്താവ് തുടങ്ങിയ നിലകളിലെല്ലാം തിളങ്ങിയിട്ടുണ്ടെങ്കിലും പിതാവ് എന്ന നിലയില്‍ മക്കളോട് വലിയ സ്‌നേഹവും, വല്‍സല്യവുമായിരുന്നു. എന്തെല്ലാം തിരക്കുകളുണ്ടെങ്കിലും കുടുംബത്തോടൊപ്പം തമാശപറഞ്ഞും, സൊറ പറഞ്ഞും ഇരിക്കുന്നതു വലിയ ഇഷ്ടമായിരുന്നു. ഒരു കര്‍ക്കശ സ്വാഭവക്കാരനല്ലായിരുന്നു. അച്ഛനോടൊപ്പമുള്ള നിമിഷങ്ങള്‍ ഏറെ സന്തോഷമായിരുന്നു. സോമന്‍ ഓര്‍ക്കുന്നു.. മക്കളോടൊപ്പം ചീട്ടുകളിക്കുന്നതും തോപ്പില്‍ ഭാസിയുടെ വലിയ വിനോദമായിരുന്നു. തോപ്പില്‍ തറവാട്ടില്‍ വിവിധ തലങ്ങളിലുളളവര്‍ വന്നിരുന്നു. വരുന്നവരോടെല്ലാം സംസാരിക്കും. ആരെയും നിരാശപ്പെടുത്തിവിടാറില്ല. നാടകവുമായി ബന്ധപ്പെട്ട് വരുന്നവരോട് മണിക്കുറുകളോളം ചര്‍ച്ചെ ചെയ്യുമായിരുന്നു. എന്നാല്‍ അതു ഒരിക്കലും കുടുംബത്തന് ഒരു തരത്തിലും അലോസരപ്പെടുത്തിയിട്ടില്ല. തന്റെ രാഷട്രീയ.-കലാ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കുടുംബത്തിനും പ്രധാന്യം നല്‍കിയിരുന്നു. അദ്ദഹത്തിന്റെ ഏതു നാടകമാണ് ഏറ്റവും ഇഷ്ടമെന്നു ചോദിച്ചാല്‍ ഉത്തരം പറയാന്‍ മകന് കഴിയില്ല. കാലത്തിനനുസൃതമായി രൂപപ്പെട്ടിട്ടുള്ളതാണ് ഒരോ നാടകവും. ഒരോ നാടകത്തിന്റെയും ഇതിവൃത്തം വ്യത്യസ്തമാണ്. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ് ആക്കി, മുടിയനായ പുത്രന്‍, തുലാഭാരം, അശ്വമേധം, സര്‍വേക്കല്ല്, പുതിയ ആകാശം പുതിയ ഭൂമി ഇതെല്ലാം കാലത്തിന്റെ സൃഷ്ടികളാണ്. ചില നാടകളിലെ ഡയലോഗുകള്‍ ഉദ്വേഗം ജനിപ്പിക്കുന്നവയാണ്. തോപ്പില്‍ ഭാസിയുടെ ജീവിതത്തിന്റെ ഭാഗമാണ് കെപിഎസി. കടുത്ത പ്രമേഹത്തെ തുടര്‍ന്ന് 82ല്‍ കാലുമുറിക്കേണ്ടി വന്നത് അദ്ദേഹത്തിന് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. എന്നാലും തന്റെ കലയോടും, സാഹിത്യത്തോടുമുള്ള അടങ്ങാത്ത അഭിവാജ്ഞ ഏറെയായിരുന്നു. 1964ല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് ഏറെ ദുഖിതനാക്കി.

എന്നും സിപിഐ പക്ഷപാതിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നാകണമെന്നു എന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതിനായി ലയനം എന്ന നാടകം പോലും എഴുതിയിരുന്നു. നിരവിധി ചെറുതും വലുതുമായ കമ്മ്്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇന്ത്യയിലുണ്ട്. അവരെല്ലാം ഒറ്റ ചെങ്കൊടിക്ക് കീഴില്‍ വര്‍ഗവികാരം ഊട്ടിവളര്‍ത്താന്‍ ഉണ്ടാകണമെന്ന ആഗ്രഹം മരിക്കും വരെ ഉണ്ടായിരുന്നു. 1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് കാര്‍ഡ് സിപിഐ ആസ്ഥാനത്ത് കൊണ്ടു ചെന്നു കൊടുത്തു. പിന്നീട് മെമ്പര്‍ഷിപ്പ് പുതുക്കിയില്ല. എങ്കിലും തികച്ചും സിപിഐക്കാരനായിരുന്നു. ‘ഞങ്ങള്‍ ശൂരനാട്ടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികള്‍. മരുന്നു വാങ്ങാനും ആഹാരം കഴിക്കാനും വിഷമിക്കുന്നവര്‍. യാതോരു വിധ സഹായവും പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടില്ല, പാര്‍ട്ടി ഭരണത്തിലിരുന്നപ്പോള്‍ പോലും. ഞങ്ങള്‍ ഒരു സഹായവും ആവശ്യപ്പെടുന്നില്ല. ഒരപേക്ഷ മാത്രം ഞങ്ങള്‍ക്കുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നാകണം. എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായാലും ചര്‍ച്ച ചെയ്ത് തീര്‍ത്ത് ഒന്നാവണം. രക്തസാക്ഷികളോടുള്ള കടമ നമ്മള്‍ മറക്കരുത്’. ഒരു നാടിന്റെ വിപ്ലവസങ്കല്പങ്ങള്‍ ചരിത്രമാക്കിതീര്‍ത്ത ജീവിച്ചിരുന്ന രക്തസാക്ഷികളുടെ ആവശ്യമായിരുന്നു.

ശൂരനാട് സംഭവം തോപ്പില്‍ ഭാസിയുടെ ജീവിതത്തിന്റെ വഴിത്തിരിവായിരുന്നു. ഒരു നാടിന്റെ വിപ്ലവ സങ്കല്പങ്ങള്‍ ചരിത്ര മൂഹുര്‍ത്തങ്ങളാക്കി തീര്‍ത്ത രക്തസാക്ഷികളുടെ നാടാണ് ശൂരനാട്. ആദര്‍ശത്തിന്റെ ബലിപീഠത്തില്‍ അര്‍പ്പിച്ച ചോരയുടെ ഈര്‍പ്പമുള്ള മണ്ണാണ് മധ്യതിരുവിതാം കൂറിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിത്തറ. അവിടെയാണ് തോപ്പില്‍ ഭാസിയെന്ന വിപ്ലവകാരി, കലാകാരന്‍, സഖാവ്. ഇഎംഎസ് അടക്കമുള്ള നേതാക്കളുമായി നല്ല വ്യക്തിബന്ധമായിരുന്നു തോപ്പില്‍ ഭാസിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ആശയപരമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ അതൊരിക്കലും തങ്ങളുടെ ബന്ധത്തെ ബാധിക്കരുതെന്ന നിശശ്ചയദാര്‍ഢ്യമുണ്ടായിരുന്നു. ഇഎംഎസ് എന്ന ഒറ്റ വ്യക്തി വിചാരിച്ചാല്‍ ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഒന്നാകും എന്നു പലപ്പോഴും തോപ്പില്‍ ഭാസി പറയുമായിരുന്നു. തോപ്പില്‍ ഭാസി മെഡിക്കല്‍ കോളജില്‍ കിടക്കുമ്പോള്‍ കാണുവാനെത്തിയ ഇഎംഎസിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ സംഭവം ഇന്നും ഹൃദയസ്പര്‍ശിയാണെന്നു സോമന്‍ പറയുന്നു. അന്നും തോപ്പില്‍ ഭാസി ആവശ്യപ്പെട്ടത് ഒന്നുമാത്രമാണ്, കമ്മ്യൂണിസ്്റ്റ് പാര്‍ട്ടികള്‍ ഒന്നാകണം.

അച്ഛന്റെ ഓര്‍മ്മകളുടെ വീര്യത്തില്‍ തന്നെയാണ് ഇപ്പോഴും ഈ മകന്‍.

 

You must be logged in to post a comment Login