അരവണപ്പായസം

14317379_728149967323204_5190655752591143042_n

ആവശ്യമുള്ള സാധനങ്ങള്‍:
ഉണക്കലരി 125 ഗ്രാം
ശര്‍ക്കര ഞാനെടുത്തത് 625ഗ്രാം. അതായത് അരിയുടെ അഞ്ചിരട്ടി (ചിലയിടങ്ങളില്‍ ആറിരട്ടിയും എട്ടിരട്ടിയുമൊക്കെ ചേര്‍ക്കും)
നെയ്യ് 5075 ഗ്രാം
കൊട്ടത്തേങ്ങ ഒരു മുറി. കൂടുതല്‍ വേണമെങ്കില്‍ ആവാം.
ഉണക്കമുന്തിരി(കറുത്തത്) 50 ഗ്രാം.
ചുക്കുപൊടി 1 സ്പൂണ്‍
ജീരകം വറുത്തുപൊടിച്ചത് 1 സ്പൂണ്‍
ഏലക്കായ 1 സ്പൂണ്‍
കല്‍ക്കണ്ടം കുറച്ച് (ചെറിയ ക്രിസ്റ്റലുകളായി വാങ്ങാന്‍ കിട്ടും)
ഉണ്ടാക്കുന്ന വിധം:
ഉണക്കലരി കഴുകി, അരിച്ച്(ഉണക്കലരിയില്‍ കല്ലുണ്ടാവാറുണ്ട് മിക്കപ്പോഴും) വൃത്തിയാക്കി വെള്ളം തോരാന്‍ വയ്ക്കുക.
ശര്‍ക്കര ഉരുക്കി അരിച്ച് പാനിയാക്കി വയ്ക്കുക. ഒരു കട്ടിയുള്ള പത്രത്തില്‍ കുറച്ചു നെയ്യൊഴിച്ച് കൊട്ടത്തേങ്ങ അരിഞ്ഞത് ചുവക്കെ വറുത്തു കോരുക. അതിനുശേഷം മുന്തിരിയും വറുത്തെടുക്കുക.
അതേ നെയ്യിലേക്ക് ഉണക്കലരിയിട്ട് ഇളക്കുക. കുറച്ചുകൂടി നെയ്യൊഴിക്കാം. തുടര്‍ച്ചയായി ഇളക്കി അരി വറുക്കണം. നെയ്യിന്റെ സ്വാദ് അരിയില്‍ നന്നായി പിടിക്കാനും, അരി വെന്തു കുഴയാതിരിക്കാനുമാണ് വറുക്കുന്നത്. തീ കുറച്ചുവയ്ക്കുക.
അരി നന്നായി പൊരിഞ്ഞുവരുമ്പോള്‍ വെള്ളമൊഴിക്കുക. ചെറുതീയിലിരുന്ന് അരി വേവട്ടെ. ഉണക്കരി വേവാന്‍ അധികം സമയമൊന്നുമെടുക്കില്ല. ഒരുപാട് വെന്തു മലര്‍ന്നുപോകരുത്. ദേ ഇതാണ് പരുവം. വെന്തോന്ന് ചോദിച്ചാല്‍ വെന്തു; അത്രയേ ആകാവൂ.
ഇനി ഇതിലേക്ക് ശര്‍ക്കരപ്പാനി ഒഴിക്കാം. തീ മീഡിയത്തില്‍ത്തന്നെ ഇരിക്കട്ടെ കേട്ടോ. സാവധാനമിരുന്ന് പാകമായാലാണ് പായസത്തിന് രുചി കൂടുക. കരുതി വച്ചിരിക്കുന്ന നെയ്യ് മുഴുവന്‍ കുറേശ്ശേയായി ചേര്‍ത്തുകൊടുക്കണം
പായസം കുറുകാന്‍ തുടങ്ങിയാല്‍ വാങ്ങാം. വറുത്തുവച്ചിരിക്കുന്ന തേങ്ങാക്കൊത്തും മുന്തിരിയും ചേര്‍ക്കുക. ചുക്ക്ജീരകംഏലക്കായ ഇത്യാദി പൊടികളും ചേര്‍ക്കുക. പൊടികളുടെ അളവ് ഞാന്‍ എഴുതിയിരിക്കുന്നത് അതേപടി തന്നെയേ ചേര്‍ക്കാവൂ എന്നില്ല. എല്ലാത്തിന്റേയും സമ്മിശ്രരുചി പായസത്തിനുണ്ടായിരിക്കണം. അതിലാണ് കാര്യം. അതിനനുസരിച്ചുള്ള അളവ് ചേര്‍ക്കുക.
അങ്ങനെ, നമ്മുടെ കടുംപായസമിതാ റെഡിയായിക്കഴിഞ്ഞു. ചൂടാറിയശേഷം കല്‍ക്കണ്ടം ചേര്‍ക്കുക. ചൂടോടെ ചേര്‍ത്താല്‍ കല്‍ക്കണ്ടം അലിഞ്ഞുപോകും.
കുറിപ്പ്:
നല്ല ഇരുണ്ട നിറത്തിലുള്ള ശര്‍ക്കരയാണെങ്കില്‍ പായസത്തിന് കറുത്ത നിറം കിട്ടും. (ശബരിമലയിലെ അരവണ പോലെ). പക്ഷേ ഈയിടെയായി അത്തരം ശര്‍ക്കര കടകളില്‍ കാണാനില്ല.
പായസം കുറുകാന്‍ തുടങ്ങുമ്പോള്‍ വാങ്ങണം. അല്ലെങ്കില്‍ തണുക്കുമ്പോള്‍ കട്ടിയായി കല്ലുപോലെയാവും.
അഥവാ പായസം കൂടുതല്‍ മുറുകിപ്പോയാല്‍ തിളപ്പിച്ച വെള്ളം നല്ല ചൂടോടെതന്നെ ചേര്‍ത്തിളക്കിയശേഷം അടുപ്പത്തുവച്ച് ഒന്നു ചൂടാക്കി വാങ്ങിവയ്ക്കുക.

You must be logged in to post a comment Login