അര്‍ജന്റീനയ്ക്കായി മെസി അടുത്ത ലോകകപ്പില്‍ ബൂട്ടണിയുമോ ? ; പ്രതികരണവുമായി പുതിയ പരിശീലകന്‍

 

റഷ്യന്‍ മണ്ണിലെ കാല്‍പന്താരവത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയാതെയാണ് അര്‍ജന്റീനിയല്‍ ഇതിഹാസം ലയണല്‍ മെസി നാട്ടിലേക്ക് മടങ്ങിയത്. താരത്തിന്റെ അവസാന ലോകകപ്പാകും കഴിഞ്ഞ് പോയത് എന്ന് അഭ്യൂഹങ്ങള്‍. മത്സരത്തില്‍ പ്രതീക്ഷിച്ച രീതിയില്‍ തിളങ്ങാന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയ താരം വിരമിക്കുമെന്ന് പറഞ്ഞിരുന്നു. ആരാധകര്‍ക്ക് വളരെ നിരാശ നല്‍കുന്നതായിരുന്നു താരത്തിന്റെ ഈ നിലപാട്.

എന്നാല്‍, താരം തന്നെ നിലപാട് മാറ്റി രംഗത്ത് വന്നിരുന്നു. ലാകകപ്പ് നേടാതെ തൃപ്തനാവില്ലെന്നും, രാജ്യത്തിന് ലോക കിരീടം നേടിക്കൊടുത്തിട്ടേ വിരമിക്കുകയുള്ളുവെന്നും റഷ്യയില്‍ നിന്ന് തന്നെ മെസി പറഞ്ഞിരുന്നു. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ താരത്തിന് അടുത്ത ലോകകപ്പ് കളിക്കാന്‍ സാധിക്കുമോ എന്നതാണ് ഇപ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്നത്. അര്‍ജന്റീനിയന്‍ ടീമില്‍ മെസി തുടരുമോയെന്ന കാര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പുതിയ പരിശീലകന്‍ ലയണല്‍ സ്‌കലോനി.

ടീമില്‍ കളിക്കുന്നതിനെ കുറിച്ച് മെസിയോട് ചോദിച്ചിട്ടില്ല, അതിനുള്ള സമയം ആയിട്ടില്ല എന്നതായിരുന്നു സ്‌കലോനിയുടെ പ്രതികരണം. കൊളംബിയ, ഗ്വാട്ടിമാല എന്നിവര്‍ക്കെതിരായ സൗഹൃദ മത്സരമാണ് ഈ വര്‍ഷം അര്‍ജന്റീനയ്ക്ക് മുന്നിലുള്ളത്. എന്നാല്‍ ഈ മത്സരങ്ങള്‍ക്കുള്ള ടീമിനെ സംബന്ധിച്ച് ഇതുവരെ ഒരു തീരുമാനം എടുത്തിട്ടില്ല. ടീമിന് രൂപം നല്‍കിയതിന് ശേഷം എന്താണ് ചെയ്യേണ്ടതെന്ന് മെസിയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മെസിയെ എനിക്ക് അടുത്തറിയാം. അതുകൊണ്ട് മെസിയുമായി സംസാരിക്കുന്നതില്‍ ഒരു ആശങ്കയുമില്ല. മെസി അര്‍ഹിക്കുന്ന രീതിയില്‍ തന്നെയാണ് ഞങ്ങള്‍ അദ്ദേഹത്തെ പരിഗണിക്കുക. എന്നാല്‍ മെസി കളിക്കുമോ എന്നത് കാത്തിരിന്ന് കാണണം എന്ന നിലയിലാണ് സ്‌കലോനിയുടേയും പ്രതികരണം. 2005 ലാണ് മെസി അന്താരാഷ്ട്ര ഫുട്ബളില്‍ അരേങ്ങറിയത്. 30 വയസുകാരനായ മെസി താന്‍ വിരമിക്കാന്‍ പോകുന്നതായാണ് സൂചന നല്‍കിയിരുന്നത്.

തന്റെ രാജ്യത്തിന്റെ മാധ്യമങ്ങള്‍ അര്‍ജന്റീനയുടെ നേട്ടങ്ങളെ വിലകുറച്ച് കാണുന്നതായി മെസി പലപ്പോഴും വ്യക്തമാക്കിയരുന്നു. കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനലില്‍ ചിലിയോട് പരാജയപ്പെട്ടതിനെ തുടര്‍ന്ന് മെസി 2016 ജൂണ്‍ 27ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു. അന്ന് ആരാധകരും അര്‍ജന്റീനയും നടത്തിയ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് മെസി തിരിച്ചു വന്നത്.

എട്ട് സ്പാനിഷ് ലീഗ് കിരീടങ്ങള്‍,നാല് ചാംപ്യന്‍സ് ലീഗ് കിരീടം, അഞ്ചു തവണ ലോകഫുട്‌ബോളര്‍ .പ്രതിഭാസമെന്നും ഇതിഹാസമെന്നുമെല്ലാം വിളിക്കപ്പെടുമ്പോഴും ജന്മനാടിന് ഒരു കിരീടംവാങ്ങിനല്‍കാന്‍ കഴിയാതിരുന്നത് ഒരു സ്വകാര്യദുഃഖം കൂടിയായരുന്നു. ബാര്‍സയ്ക്കുവേണ്ടിമാത്രം ഗോളടിക്കുന്നവന്‍, നാട്ടിലെത്തുമ്പോള്‍ കളിമറക്കുന്നവന്‍ എന്നിങ്ങനെ വിമര്‍ശനങ്ങള്‍ അധികമാകുമ്പോഴും കിരീടം നേടാന്‍ മനസുകൊണ്ട് ആഗ്രഹിച്ച വ്യക്തിയാണ് മെസി.

എന്നാല്‍, റഷ്യന്‍ മണ്ണില്‍ പ്രതിരോധ നിരയുടെ അലംഭാവവും കളിക്കാരുടെ പിഴവുകളും സാംപോളിയുടെ ആത്മവിശ്വാസകുറവും അര്‍ജന്റീനയുടെ റഷ്യന്‍ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. ഫുട്‌ബോളിലെ മിശിഹ ഒപ്പം പന്തുതട്ടുന്നതിന്റെ ഊര്‍ജത്തില്‍ അഗ്‌നിപരീക്ഷകള്‍ കടന്ന് പ്രീക്വാര്‍ട്ടറിലെത്തിയ നീലപ്പട ആദ്യചുവടില്‍ കാലിടറിവീണു. ആദ്യഘട്ട മത്സരത്തിലെ വീഴ്ചയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റെങ്കിലും ഇനിയൊരു ഉയര്‍ത്തെഴുന്നേല്‍പ്പിന് സമയമില്ലാതെ പ്രീക്വാര്‍ട്ടറില്‍ തന്നെ യാത്ര പറയേണ്ടി വന്നു.

ആരാധകരെ നിരാശരാക്കി ഏഴു ഗോളുകള്‍ പിറന്ന കളിയില്‍ അര്‍ജന്റീനയെ ആധികാരികമായി കീഴടക്കിയാണ് ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ (4-3) ചുവടുറപ്പിച്ചത്.

ഗ്രീസ്മാന്റെ പെനാല്‍റ്റി ഗോളിലാണ് ഫ്രാന്‍സ് ആദ്യം ലീഡ് നേടിയത്. ഡി മരിയയിലൂടെ അര്‍ജന്റീന തിരിച്ചുവന്നു. രണ്ടാം പകുതിയില്‍ മെര്‍ക്കാഡോ അര്‍ജന്റീനയെ മുന്നിലെത്തിച്ചു. പിന്നീട് പവാര്‍ഡിലൂടെ ഫ്രാന്‍സ് വീണ്ടും ലീഡ് നേടി. ഇരട്ടഗോളോടെ എംബാപ്പെയാണ് ഫ്രാന്‍സിന്റെ ജയം ഉറപ്പിച്ചത്. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ അഗ്യുറോ ഒരു ഗോള്‍ മടക്കിയെങ്കിലും ഫലമുണ്ടായില്ല.

മെസ്സിയുടെ അവസാന ലോകകപ്പാകും ഇതെന്നാണു സൂചനകള്‍. അടുത്ത ലോകകപ്പാകുമ്പോള്‍ മെസ്സിക്കു 35 വയസ്സാകും. പെലെ, മറഡോണ തുടങ്ങിയ ഇതിഹാസങ്ങള്‍ക്കൊപ്പം വാഴ്ത്തപ്പെടാന്‍ ലോകകപ്പ് കിരീടം വേണമെന്ന വാദങ്ങള്‍ ബാക്കിയാക്കിയാണ് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി ലോകകപ്പില്‍നിന്നു പുറത്തായത്. ഫ്രാന്‍സിനു വേണ്ടി ഇരട്ടഗോള്‍ നേടി മൈതാനവും ആരാധകരുടെ മനസ്സും കീഴടക്കിയ കിലിയന്‍ എംബപെ എന്ന പത്തൊന്‍പതുകാരന്റെ താരോദയത്തിനും ഈ മല്‍സരം വേദിയായി.

2-1നു ലീഡ് നേടിയ ശേഷമായിരുന്നു അര്‍ജന്റീനയുടെ കീഴടങ്ങല്‍. ഗോളടിച്ചും തിരിച്ചടിച്ചും ഇഞ്ചോടിഞ്ചു പൊരുതിയ ആദ്യപകുതിയില്‍ ഇരുടീമും 11 സമനില പിടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ അര്‍ജന്റീന 21നു മുന്നിലെത്തി. പിന്നീടുള്ള 10 മിനിറ്റിനിടെ മൂന്നു ഗോളുകള്‍ തുടരെ നേടി ഫ്രാന്‍സ് കളം പിടിച്ചു.

You must be logged in to post a comment Login