അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍ എന്ന ഹമ്മിങ്‌ബേഡ്

ലോകത്തിലെ ഏറ്റവും ചെറിയ പക്ഷി എന്നു വിളിച്ചാലും അതൊന്നും നമുക്ക് കുഴപ്പമില്ലെന്ന മട്ടില്‍ വായുവില്‍ കിടന്ന് അഭ്യാസം കാണിക്കുന്ന ഹമ്മിങ്‌ബേഡിന് മറ്റൊരു പ്രധാനപ്പെട്ട പ്രത്യേകത കൂടിയുണ്ട്. റിവേഴ്‌സ് ഗിയറുള്ള ഏക പക്ഷിയാണ് ഹമ്മിങ്‌ബേഡ്. അനായാസമായി പിന്നോട്ട് പറക്കാന്‍ ഇവയ്ക്കാകു സാധിക്കും.

വെറുതെ ചിറകടിച്ചല്ല ഇവയുടെ പറക്കുക. ആവശ്യത്തിന് ചിറക് കറക്കിയും പ്രാണികള്‍ക്ക് സമാനമായ ചില സൂത്രപ്പണികളൊക്കെ കാണിച്ചുമാണ് ഹമ്മിങ്‌ബേഡ് കുതിക്കുക. ചിറകുകളിലെ അസ്ഥികളെ നെഞ്ചുമായി ബന്ധിപ്പിക്കുന്ന പേശികളുടെ ഭാരം മാത്രം അവയുടെ ശരീരഭാരത്തിന്റെ ഏകദേശം മുപ്പത് ശതമാനം വരും. പറക്കുന്ന കാര്യത്തില്‍ മറ്റ് പക്ഷികളേക്കൊണ്ടൊക്കെ ‘ആശാന്‍’ എന്ന് വിളിപ്പിക്കാന്‍ തക്ക പ്രകടനം നടത്താന്‍ അവയെ സഹായിക്കുന്നതും ഈ മസില്‍ കരുത്തുതന്നെ. അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍ എന്നാണ് ഇതിനു വിളി പേരുണ്ട്.ഹാരി പോട്ടര്‍ സിനിമകളിലെ ഗോള്‍ഡന്‍ സ്‌നിച്ചിനെപോലെ ചറപറ പാറിനടക്കുന്ന ഈ കുഞ്ഞന്‍പക്ഷികളുടെ മെറ്റബോളിസം തോത് മൃഗങ്ങളേക്കാള്‍ ഉയര്‍ന്നതാണ്.

മഞ്ഞുകാലത്തെ അതിജീവിക്കാന്‍ ഹമ്മിങ്‌ബേഡുകള്‍ക്ക് ഒരു വിദ്യയുണ്ട്. ഫോണുകളിലും മറ്റുമൊക്കെ ഉള്ളതുപോലെ ഒരു ‘എനര്‍ജി സേവിങ് മോഡ്’. ടോര്‍പര്‍ എന്നറിയപ്പെടുന്ന ഈ അവസ്ഥയില്‍ സാധാരണ ശരീരതാപനിലയായ 107 ഡിഗ്രി ഫാരന്‍ഹീറ്റില്‍ നിന്ന് നേരെ 48 ഡിഗ്രി ഫാരന്‍ഹീറ്റിലേക്ക് താഴും. കൂടാതെ ഹൃദയമിടിപ്പിന്റെ തോതും വല്ലാതെ കുറയും. ചില ഹമ്മിങ്‌ബേഡുകളില്‍ ഇത് മിനിട്ടില്‍ 1260 എന്നതില്‍നിന്ന് 50 മുതല്‍ 180 വരെയായി കുറയും. ഇണയെ ആകര്‍ഷിക്കാന്‍ വേണ്ടി വാലിലെ മനോഹരമായ തൂവലുകളുടെ പ്രദര്‍ശനവും ആദ്യം പറഞ്ഞതുപോലെയുള്ള അഭ്യാസപ്രകടനങ്ങളും നടത്തുന്ന റൊമാന്റിക് ആക്ഷന്‍ ഹീറോസാണിവര്‍. ഇതൊന്നും കൂടാതെ പരാഗണത്തിലൂടെ ചില സസ്യങ്ങളെ നിലനിര്‍ത്തുന്നതില്‍ ഇവറ്റകള്‍ വഹിക്കുന്ന പങ്ക് ചില്ലറയല്ല. ദൂരെനിന്നും പരാഗരേണുക്കള്‍ കൊണ്ടുവന്നാണ് അവയുടെ ഈ ചെടിസംരക്ഷണം.

You must be logged in to post a comment Login