അറബിപ്പൊന്ന് അകലുന്നു

സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികളുടെ കാലാവധി എട്ടുവര്‍ഷമാക്കാനുള്ള നീക്കത്തില്‍ രാജ്യമെങ്ങും ആശങ്ക ശക്തം. പ്രവാസികളെ ഏറെ പ്രതികൂലമായി ബാധിക്കുന്ന കരട് നിര്‍ദേശം നിരവധി ഇന്ത്യക്കാരെ ബാധിക്കുമെന്നതില്‍ സംശയമില്ല. സൗദി യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ നിരക്ക് കുറച്ചുകൊണ്ടുവരികയാണ് നിയമത്തിലൂടെ സൗദി ലക്ഷ്യമാക്കുന്നതെങ്കിലും അത് ഏറെ ദോഷകരമായി ബാധിക്കുക ഇന്ത്യയെ പോലുള്ള രാജ്യങ്ങളെയാണ്. വിദഗ്ധ തൊഴിലാളികളെക്കാള്‍ അവിദഗ്ധ തൊഴിലാളികളാണ് സൗദിയില്‍ തങ്ങുന്നതെന്ന പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്. സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ അനുമതി ലഭിച്ചാല്‍ പുതിയ വ്യവസ്ഥകള്‍ അധികം താമസമില്ലാതെ നടപ്പിലാവും.
ചെറിയ ജോലികളും കച്ചവടങ്ങളും നടത്തി ഉപജീവനം കണ്ടെത്തുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് സൗദിയിലുള്ളത്. പുതിയ നിയമം നടപ്പായാല്‍ ഇവര്‍ക്ക് നിയമ പരിരക്ഷയുണ്ടാകില്ല. ഇതോടെ  സൗദിയില്‍ നിന്ന് ലക്ഷക്കണക്കിനാളുകള്‍ തിരിച്ചുപോരേണ്ടി വരും. മാത്രമല്ല ഇവരില്‍ പലരുടെയും മുതല്‍ മുടക്ക് സൗദിയില്‍ ഉപേക്ഷിക്കേണ്ടി വരും. തിരിച്ചുവരുന്നവരെ പുനരധിവസിപ്പിക്കാന്‍ മതിയായ സംവിധാനങ്ങള്‍ നാട്ടിലില്ലാത്തത് അരക്ഷിതാവസ്ഥയുണ്ടാക്കും.
പ്രത്യേക പോയിന്റുകള്‍ നിശ്ചയിച്ചാണ് വിദേശ തൊഴിലാളികളെ സൗദി നിയന്ത്രിക്കാന്‍ നീക്കം നടക്കുന്നത്. ചന്ദ്രവര്‍ഷക്കണക്കില്‍ വിദേശ തൊഴിലാളിക്ക് പരമാവധി നേടാവുന്ന പോയിന്റ് മൂന്നാണ്. അഞ്ചുവര്‍ഷം മുതല്‍ ഇതു കണക്കാക്കിത്തുടങ്ങും. മൂന്നു പോയിന്റ് ലഭിക്കുന്നവര്‍ക്ക് ഇഖാമ പുതുക്കി നല്കുകയില്ല. അവര്‍ സൗദി വിടേണ്ടി വരും. എന്നാല്‍ പലസ്തീന്‍ പോലുള്ള രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ക്ക് ഈ നിയമം ബാധകമാവില്ല. പുതിയ നിയമമനുസരിച്ച് ഭാര്യയുമൊത്ത് സൗദിയില്‍ ജീവിക്കുന്ന വിദേശ തൊഴിലാളികളെ രണ്ടു തൊഴിലാളികളായി കണക്കാക്കും. ദമ്പതികള്‍ക്ക് 1.5 പോയിന്റും മക്കളുണ്ടെങ്കില്‍ കാല്‍ പോയിന്റ് വീതവും ലഭിക്കും.

Dubai international airport
ആറായിരമോ അതില്‍ കൂടുതലോ റിയാല്‍ ശമ്പളം ലഭിക്കുന്ന വിദേശി പുതിയ നിയമമനുസരിച്ച് 1.5 പോയിന്റിനുടമയാണ്. എന്നാല്‍ സൗദി അധികൃതര്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകരം നല്കിയ പ്രഫഷണലുകള്‍ നിയമത്തിന്റെ പരിധിയില്‍ പെടില്ല. അതിനാല്‍ തന്നെ വിദഗ്ധ തൊഴിലാളികളെ നിയമം കാര്യമായി ബാധിക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്ന സാധാരണ വിദേശ തൊഴിലാളിക്ക് 1.5 പോയിന്റ് ലഭിക്കും. ആറു വര്‍ഷം കൊണ്ട് രണ്ടരയും ഏഴു വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മൂന്നും പോയിന്റും ലഭിക്കും. എട്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പിന്നീട് തുടരാന്‍ അനുമതിയുണ്ടാകില്ല.

ഒരു വര്‍ഷം മുന്‍പു തന്നെ സൗദി വിടേണ്ടി വരുമെന്ന ഉറപ്പ് തൊഴിലാളികള്‍ക്ക് നല്കാനാകുന്നതിനാല്‍ അടിയന്തിര മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാകുമെന്നും സൗദി സര്‍ക്കാര്‍ കരുതുന്നു. അറബ് വസന്തമെന്ന ഓമനപ്പേരില്‍ ആഫ്രോ-അറബ് ഭരണാധികാരികളെ ഇളക്കി പ്രതിഷ്ഠിച്ച മുല്ലപ്പൂ വിപ്ലവമാണ് സഊദി അറേബ്യയെയും പുനരാലോചനയ്ക്കു പ്രേരിപ്പിച്ചത്. നാട്ടിലെ യുവാക്കള്‍ക്കിടയില്‍ തൊഴില്‍ രാഹിത്യം വര്‍ധിക്കുന്നത് ഭരണകൂട വിരുദ്ധ വികാരമുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് തൊഴില്‍ രംഗത്ത് സ്വദേശിവത്കരണത്തിന് സൗദി കൂടുതല്‍ ഊന്നല്‍ നല്കിയത്.

You must be logged in to post a comment Login