അലങ്കാര മത്സ്യ കൃഷിയില്‍ ഇഷ്ട ഇനം ഗപ്പി  

അലങ്കാര മത്സ്യകൃഷിയിലെ ഇഷ്ട ഇനമാണ് ഗപ്പി. സാധാരണ ഇനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ന് നിറവൈവിധ്യങ്ങളുടെ ഗപ്പിയില്‍ മത്സ്യ കൃഷി എത്തിനില്‍ക്കുന്നു. ആയിരം രൂപ വില വരുന്ന ഗപ്പികള്‍ ഇന്ന് സുലഭമാണ്. പരിചരണത്തിലെ ശ്രദ്ധ കുറഞ്ഞ മുതല്‍ മുടക്കില്‍ മികച്ച വരുമാനം നേടാന്‍ സഹായിക്കും.

3-4 മാസം പ്രായമായ ഗപ്പികളെ വളര്‍ത്തിയെടുക്കുന്നതാണ് ബ്രീഡിങിന് അനുയോജ്യം. ബ്രീഡിങിനായി തിരഞ്ഞെടുക്കുന്ന മത്സ്യങ്ങള്‍ ഒരേ നിറമുള്ളവയായിക്കുന്നതാണ് നല്ലത്. 1:2, 1:1 ആണ്‍ പെണ്‍ അനുപാതത്തില്‍ ഗപ്പികളെ പ്രജനനത്തിനായി നിക്ഷേപിക്കാം. എന്നാല്‍ മൂന്ന് പെണ്‍ മത്സ്യങ്ങള്‍ക്ക് മുകളില്‍ നിക്ഷേപിക്കരുത്. പ്രജനന ടാങ്കില്‍ പായല്‍ പോലുള്ള ചെടികള്‍ ആവശ്യത്തിനുണ്ടായിരിക്കണം. വെള്ളത്തിന്റെ വൃത്തി എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. പ്രോട്ടീന്‍ അധികമായുള്ള ഭക്ഷണമാണ് ഗപ്പികള്‍ക്കാവശ്യം.

28 ദിവസമാണ് ഗപ്പികളുടെ ഗര്‍ഭകാലം. ഇനങ്ങളനുസരിച്ച് കുഞ്ഞുങ്ങളുടെ എണ്ണത്തിലും വ്യത്യാസമുണ്ടാകും. സാധാരണ ഇനങ്ങളില്‍ നിന്നും പത്തു മുതല്‍ അന്‍പതു കുഞ്ഞുങ്ങളെ ലഭിക്കുമ്പോള്‍ ആല്‍ബിനോ ഇനങ്ങളില്‍ കുഞ്ഞുങ്ങളുടെ എണ്ണം കുറവായിരിക്കും.

ജനിച്ചിറങ്ങുന്ന കുഞ്ഞുങ്ങളെ മറ്റൊരു ടാങ്കിലേക്ക് മാറ്റി പാര്‍പ്പിക്കുന്നത് വളര്‍ച്ച കൂടാന്‍ സഹായിക്കും. മൂന്നാഴ്ചയ്ക്ക് ശേഷമാണ് പൊടി രൂപത്തിലുള്ള തീറ്റ കുഞ്ഞുങ്ങള്‍ക്ക് നല്‍കി തുടങ്ങുന്നത്. ഭക്ഷണത്തിന്റെ അളവു കുറച്ച് നാല് നേരം എന്ന രീതിയില്‍ നല്‍കുന്നതായിരിക്കും ഉത്തമം.
മൂന്നു മാസം പ്രായമാകുമ്പോള്‍ വില്‍പന നടത്താം. പെണ്‍ മത്സ്യം വലിപ്പമുള്ളതാവും. ആഴ്ചയില്‍ 2-3 തവണ ലൈവ് ഫീഡുകള്‍ നല്‍കുന്നത് നല്ലതാണ്.

30 ലിറ്റര്‍ ശേഷിയുള്ള ടാങ്ക് ബ്രീഡിങ്ങിനായി തിരഞ്ഞെടുക്കാം. ടാങ്കില്‍ 1.5 അടി വെള്ളമുള്ളത് ഗപ്പികള്‍ക്ക് അനുയോജ്യമാണ്. കൃത്യമായ ഫില്‍ട്രേഷന്‍ സംവിധാനം വെള്ളം പുതിയത് നിറക്കുന്നതിനും മറ്റും സഹായകരമാക്കുന്നു.

രോഗ പ്രതിരോധ ശേഷി ഗപ്പിക്ക് കൂടുതലാണെങ്കിലും കാലാവസ്ഥ വ്യതിയാനം ജലം എന്നിവ രോഗത്തിന് കാരണമാകാറുണ്ട്. വെറ്റ് സ്‌പോട്ട് അല്ലെങ്കില്‍ ചൊറിച്ചിലാണ് പ്രധാന അസുഖം. മത്സ്യങ്ങള്‍ തങ്ങളുടെ ശരീരം ടാങ്കിലുള്ള വസ്തുക്കളില്‍ ഉരക്കുന്നത് കാണാം. ഈ സാഹചര്യത്തില്‍ ടാങ്കിലെ ചെടികള്‍ മാറ്റി അല്‍പം കല്ലുപ്പ് ഇടുന്നത് നല്ലതാണ്. 48 മണിക്കൂറിന് ശേഷം വെള്ളം മാറ്റാം.

You must be logged in to post a comment Login