അലന്‍ മാവോയിസത്തിലേക്ക് ആകര്‍ഷിച്ച ഒരു എസ്എഫ് ഐക്കാരനെ കാണിച്ചുതരാമോ…?; പി ജയരാജനെതിരേ അലന്റെ മാതാവ്

കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് പന്തീരാങ്കാവ് പോലിസ്
അറസ്റ്റ് ചെയ്ത് യുഎപിഎ ഉള്‍പ്പെടുത്തി ജയിലിലടച്ച സിപിഎം പ്രവര്‍ത്തകന്‍
അലന്റെ മാതാവ് സിപിഎം നേതാവ് പി ജയരാജനെതിരേ രംഗത്ത്. കഴിഞ്ഞ ദിവസം
കോഴിക്കോട് കടപ്പുറത്ത് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിന്റെ
സംവാദത്തിനിടെ പി ജയരാജന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായാണ് സബിത
ശേഖര്‍ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. അലന്‍ എസ്എഫ് ഐയില്‍ ഒരിക്കലും
സജീവമായിരുന്നില്ലെന്നും അലന്‍ മാവോയിസത്തിലേക്ക് ആകര്‍ഷിച്ച ഒരു എസ്എഫ്
ഐക്കാരനെ കാണിച്ചുതരാമോന്നുമാണ് സബിതയുടെ ചോദ്യം. സഖാവ് പി ജയരാജന്‍
വായിച്ചറിയുവാന്‍ എന്നു തുടങ്ങുന്ന പോസ്റ്റില്‍ സഖാവ് ഒരു വേദിയില്‍
കാര്യങ്ങള്‍ പറയുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും
ഓര്‍മിപ്പിക്കുന്നുണ്ട്. അലനും താഹയും എസ്എഫ് ഐയില്‍ പ്രവര്‍ത്തിച്ച്
മാവോവാദം പ്രചരിപ്പിച്ചവരാണെന്നും വെറുതെയല്ല യുഎപിഎ ചുമത്തി
കേസെടുത്തതുമെന്നുമായിരുന്നു ജയരാജന്റെ പരാമര്‍ശം.

അലന്റെ മാതാവ് സബിത ശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സഖാവ് പി ജയരാജന്‍ വായിച്ചറിയുവാന്‍…

താങ്കള്‍
ഇന്നലെ കെഎല്‍എഫ് വേദിയില്‍ പറഞ്ഞത് വാര്‍ത്തകളിലൂടെ അറിഞ്ഞു. ‘ അലന്‍
എസ്എഫ്‌ഐയില്‍ നിന്നു കൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തി ‘ സഖാവ്
മനസ്സിലാക്കേണ്ട കാര്യം അലന്‍ എസ്എഫ്‌ഐയില്‍ ഒരിക്കലും സജീവമായിരുന്നില്ല.
ഞങ്ങളുടെ വീടിന് അടുത്തുള്ള പ്രാദേശിക സിപിഐഎമ്മുമായി ചേര്‍ന്നാണ് അവന്‍
പ്രവര്‍ത്തിച്ചിരുന്നത്. പാലയാട് കാംപസിലും അവന്‍ സജീവ
എസ്എഫ്‌ഐക്കാരനായിരുന്നില്ല. അങ്ങനെ എസ്എഫ്‌ഐയില്‍ കാര്യമായി
പ്രവര്‍ത്തിക്കാത്ത ഒരാള്‍ക്ക് എങ്ങനെയാണ് എസ്എഫ്‌ഐക്കാരെ മാവോയിസ്റ്റാക്കി
മാറ്റാന്‍ സാധിക്കുക. താങ്കള്‍ വിചാരിക്കുന്നത് എസ്എഫ്‌ഐക്കാര്‍ക്ക് തീരെ
സംഘടനാബോധം ഇല്ല എന്നാണോ?. അലന്‍ മാവോയിസത്തിലേക്ക് ആകര്‍ഷിച്ച ഏതെങ്കിലും
ഒരു എസ്എഫ്‌ഐ ക്കാരനെ ഉദാഹരണമായി കാണിക്കാമോ. സഖാവ് ഒരു വേദിയില്‍
കാര്യങ്ങള്‍ പറയുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായിരുന്നു. സഖാവേ അവന്റെ
കൂടെയുള്ളത് സത്യസന്ധമായി മതേതരമായി ജീവിക്കുന്ന അമ്മയും അച്ഛനുമാണുള്ളത്
… അവന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഞങ്ങള്‍ പോരാടുക തന്നെ ചെയ്യും .

അലന്റെ അര്‍ബന്‍ സെക്കുലര്‍ അമ്മ

You must be logged in to post a comment Login