അലയന്‍സ് അരീനയില്‍ മാനെ മാജിക്ക്; ലിവര്‍പൂള്‍ ബ്രില്യന്‍സില്‍ മുങ്ങി ബയേണ്‍ മ്യൂണിക്

മ്യൂണിക്ക്: ആദ്യ പാദത്തില്‍ ആന്‍ഫീല്‍ഡിലെത്തി ലിവര്‍പൂളിനെ ഗോളടിപ്പിക്കാതെ ബയേണ്‍ മ്യൂണിക്ക് സമനിലയില്‍ പൂട്ടിയപ്പോള്‍ ഫുട്‌ബോള്‍ വിദഗ്ധര്‍ രണ്ടാം പാദത്തിലെ ലിവര്‍പൂളിന്റെ തോല്‍വിയാണ് പ്രവചിച്ചത്. പക്ഷേ അലയന്‍സ് അരീനയില്‍ ലിവര്‍പൂള്‍ മറ്റൊരു ചരിത്രമാണ് എഴുതിയത്. ജര്‍മന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്തെറിഞ്ഞ് ഇംഗ്ലീഷ് കരുത്തരായ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറിലേക്ക് മുന്നേറി.

ലിവര്‍പൂളിന്റെ ഹോമില്‍ നടന്ന മത്സരത്തില്‍ ഗോള്‍രഹിത സമനില വഴങ്ങേണ്ടി വന്നതിനാല്‍ ഇന്ന് കൂടുതല്‍ സാധ്യത കല്‍പ്പിച്ചിരുന്നത് ബയേണ്‍ മ്യൂണിക്കിനായിരുന്നു. എന്നാല്‍ ആ സാധ്യതകളൊന്നും ക്ലോപ്പിന്റെ ടീമിനെതിരെ നിലനിന്നില്ല. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അലയന്‍സ് അരീനയില്‍ ലിവര്‍പൂള്‍ വിജയിച്ച് കയറിയത്. ആദ്യ പകുതിയില്‍ ഒപ്പത്തിനൊപ്പം നിന്ന പ്രകടനമായിരുന്നെങ്കില്‍ രണ്ടാം പകുതി ലിവര്‍പൂള്‍ അക്ഷരാര്‍ഥത്തില്‍ കൈയടക്കുകയായിരുന്നു.

ഇരട്ട ഗോളുകളുമായി സെനഗല്‍ താരം സാദിയോ മാനേ ലിവര്‍പൂളിന്റെ ഹീറോയായി. ഗോള്‍ നേട്ടത്തോടൊപ്പം ഒരു റെക്കോര്‍ഡും മാനെ സ്വന്തം പേരിലാക്കി. ലിവര്‍പൂളിനായി യൂറോപ്യന്‍ പോരില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍!ഡാണ് മാനെ സ്വന്തമാക്കിയത്. ബയേണിനെതിരെ ആദ്യ ഗോള്‍ നേടി സ്റ്റീവന്‍ ജെറാര്‍ഡ്, സഹ താരം റോബര്‍ട്ടോ ഫിര്‍മിനോ എന്നിവര്‍ക്കൊപ്പം ആറ് ഗോളുകളുമായി റെക്കോര്‍ഡ് പങ്കിട്ട മാനെ പിന്നീട് രണ്ടാം പകുതിയിലെ ഗോളോടെ നേട്ടം ഒറ്റയ്ക്ക് കൈക്കലാക്കുകയായിരുന്നു.

കളിയുടെ 26ആം മിനുട്ടിലാണ് ആദ്യ ഗോള്‍ വീണത്. വാന്‍ ഡെക് നല്‍കിയ പാസ് സ്വീകരിച്ച മാനെ ബയേണ്‍ ഗോള്‍കീപ്പര്‍ മാനുവല്‍ നൂയറിനെ കബളിപ്പിച്ച് ആളില്ലാത്ത ഗോള്‍ പോസ്റ്റിലേക്ക് പന്ത് എത്തിക്കുകയായിരുന്നു. സെനഗല്‍ താരത്തിന്റെ ക്ലാസ് മുഴുവന്‍ വെളിവാക്കപ്പെട്ട ഗോളായിരുന്നു അത്. കണക്കുകൂട്ടല്‍ ഒട്ടും പിഴക്കാതെ അളന്നു മുറിച്ചൊരു സുന്ദരന്‍ ഗോള്‍.

Embedded video

Liverpool FC

@LFC

1️⃣0️⃣ Games
1️⃣0️⃣ Goals

SADIO MANE 👏👏👏

1,782 people are talking about this

എന്നാല്‍ ആ ഗോളിനോട് മികച്ച രീതിയില്‍ പ്രതികരിക്കാന്‍ ബയേണിന് സാധിച്ചു. 39ാം മിനുട്ടില്‍ ഒരു സെല്‍ഫ് ഗോളിലൂടെ ബയേണ്‍ ലിവര്‍പൂളിനൊപ്പം എത്തി. ഗ്‌നാബിറിയുടെ ഷോട്ട് ലിവര്‍പൂള്‍ താരം മാറ്റിപ്പിന്റെ കാലില്‍ തട്ടി സ്വന്തം വലയിലേക്ക് വീണതോടെ ബയേണ്‍ തിരിച്ചുവരവിന്റെ പാതയിലാണെന്ന് തോന്നിപ്പിച്ചു.

രണ്ടാം പകുതിയില്‍ കളി മെച്ചപ്പെടുത്താന്‍ ലിവര്‍പൂളിനായതോടെ വാന്‍ഡെക് നിയന്ത്രിക്കുന്ന ഡിഫന്‍സിനെ ഒന്ന് പരീക്ഷിക്കാന്‍ പോലും ബയേണിന് സാധിച്ചില്ല. മറുവശത്ത് ഡൈനാമിക്ക് പാസുകളുമായി കളിയുടെ വേഗം വര്‍ധിപ്പിച്ച് ലിവര്‍പൂള്‍ കടിഞ്ഞാണ്‍ മുറുക്കിയതോടെ അലയന്‍സ് അരീനയില്‍ ആതിഥേയര്‍ ഛിന്നഭിന്നം.

ഒരു വശത്ത് മികച്ച പ്രതിരോധം തീര്‍ത്ത വാന്‍ ഡൈക് കളിയുടെ 69ാം മിനുട്ടില്‍ മറുവശത്ത് ചെന്ന് ഗോളടിച്ച് ലിവര്‍പൂളിന്റെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. 69ാം മിനുട്ടില്‍ ഒരു കോര്‍ണറില്‍ നിന്നായിരുന്നു വാന്‍ഡെകിന്റെ ഗോള്‍. കോര്‍ണറില്‍ നിന്ന് വന്ന പന്ത് കരുത്തുറ്റ ഹെഡ്ഡറിലൂടെ താരം ബാവേറിയന്‍ വലയിലേക്ക് കുത്തിയിട്ടു.

വീണ്ടും ബയേണ്‍ ഡിഫന്‍സിനെ കീഴ്‌പ്പെടുത്താന്‍ ലിവര്‍പൂളിനായി. 83ാം മിനുട്ടില്‍ മാനെ ആണ് വീണ്ടും ബയേണ്‍ വല കുലുക്കിയത്. സലാ നല്‍കിയ അത്ഭുത ബോള്‍ ഹെഡ്ഡറിലൂടെ മാനെ വലയിലിട്ടതോടെ ജര്‍മന്‍ അതികായരുടെ പതനം പൂര്‍ണം.

ലിവര്‍പൂളും ജയിച്ചതോടെ ഈ സീസണിലെ ചാമ്ബ്യന്‍സ് ലീഗിലെ ഇംഗ്ലീഷ് ടീമുകളുടെ അത്ഭുത മുന്നേറ്റം പൂര്‍ണമായി. ക്വാര്‍ട്ടറിലെത്തിയ എട്ടില്‍ നാല് ടീമുകളും പ്രീമിയര്‍ ലീഗിലെ അതികായരാണ്. ലിവര്‍പൂളിന് പുറമെ നേരത്തെ മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ടോട്ടനം ടീമുകളും അവസാന എട്ടില്‍ ഇടം പിടിച്ചിരുന്നു.

You must be logged in to post a comment Login