അലോക് വര്‍മയുടെ പ്രസ്താവനകള്‍ നല്ലതാണെന്ന് കരുതുന്നില്ലെന്ന് മുകുള്‍ റോഹ്ത്തഗി; തനിക്കെതിരെയുള്ളത് ബാലിശമായ ആരോപണങ്ങളാണെന്ന് അലോക് വര്‍മ്മ

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട അലോക് വര്‍മ്മയ്‌ക്കെതിരെ വിമര്‍ശനവുമായി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി രംഗത്ത് അലോക് വര്‍മയുടെ പ്രസ്താവനകള്‍ നല്ലതാണെന്ന് കരുതുന്നില്ലെന്ന് റോഹ്ത്തഗി വിമര്‍ശിച്ചു. പ്രധാനമന്ത്രിയും മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനും സിവിസി റിപ്പോര്‍ട്ട് കണ്ടതിന് ശേഷം എടുത്ത തീരുമാനത്തെ വിമര്‍ശിക്കേണ്ട ആവശ്യമില്ല. സര്‍ക്കാര്‍ ഈ വിഷയം നേരത്തേ തീര്‍പ്പാക്കണമായിരുന്നു. സിബിഐയുടെ സല്‍പ്പേര് മോശമാവാന്‍ ഇത് കാരണമായെന്നും റോഹ്ത്തഗി പറഞ്ഞു.

അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുന്‍ സിബിഐ ഡയറക്ടര്‍ ആലോക് വര്‍മ്മ പറഞ്ഞു. സി ബി ഐയില്‍ പുറമേ നിന്നുള്ള സ്വാധീനമുണ്ടായി. തന്നോട് ശത്രുതയുള്ള ഒരു ഉദ്യോഗസ്ഥന്റെ പരാതിയിലാണ് തനിക്കെതിരെ നടപടിയെടുത്തത്. തന്റെ നിലപാട് വിശദീകരിക്കാന്‍ അവസരം ലഭിച്ചില്ലെന്നും ആലോക് വര്‍മ്മ പറഞ്ഞു.

സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ബുധനാഴ്ച ജോലിയില്‍ പ്രവേശിച്ച അലോകിനെ വ്യാഴാഴ്ചയാണ് ഉന്നതാധികാരസമിതി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ജസ്റ്റിസ് എ കെ സിക്രി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരായിരുന്നു ഉന്നതാധികാരസമിതിയിലെ അംഗങ്ങള്‍. അലോകിനെ മാറ്റാനുള്ള തീരുമാനത്തെ ഖാര്‍ഗെ ശക്തമായി എതിര്‍ത്തിരുന്നു. പരസ്പരം അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് അലോക് വര്‍മ്മയെയും സി ബി ഐ സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും കേന്ദ്രം പദവികളില്‍നിന്ന് മാറ്റിനിര്‍ത്തിയത്.

സി ബി ഐയുടെ വിശ്വാസ്യത സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് താന്‍ നടത്തിയത്. എന്നാല്‍ അതിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായി.തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമായിരുന്നു. ആരോപണമുന്നയിച്ച ഉദ്യോഗസ്ഥന് തന്നോട് ശത്രുതയുണ്ടായിരുന്നതായി എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഇങ്ങനെയുള്ള ഒറ്റ ഉദ്യോഗസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ നടപടിയുണ്ടായത്. രാകേഷ് അസ്താന എന്ന ഈ ഉദ്യോഗസ്ഥന്റെ പരാതിയില്‍ തനിക്കെതിരെ നടപടിയുണ്ടാകുകയായിരുന്നു. തന്റെ വിശദീകരണം പോലും കേള്‍ക്കാതെയായിരുന്നു ഇതെന്നും അലോക് വ്യക്തമാക്കി.

You must be logged in to post a comment Login