‘അള്ളാഹു’ മുസ്‌ലീംങ്ങള്‍ക്കു മാത്രമെന്നു മലേഷ്യന്‍ കോടതി

ദൈവത്തെ വിശേഷിപ്പിക്കാന്‍ മുസ്‌ളീങ്ങളല്ലാത്തവര്‍ അള്ളാ എന്ന വാക്ക് ഉപയോഗിക്കരുതെന്ന് മലേഷ്യന്‍ കോടതി ഉത്തരവിട്ടു. മലയ് ഭാഷയിലുള്ള ദ ഹെറാള്‍ഡ് എന്ന ക്രിസ്ത്യന്‍ പത്രത്തിന് അള്ളാ എന്ന വാക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയ 2009ലെ കീഴ്‌ക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് അപ്പീല്‍ കോടതിയുടെ ഉത്തരവ്. 2009 ല്‍ ദ ഹെറാള്‍ഡ് എന്ന ക്രിസ്ത്യന്‍ പത്രം ഇപ്രകാരം ഉപയോഗിച്ചതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ പത്രത്തിനനുകൂലമായിരുന്നു വിധി. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് കോടതിയുടെ പുതിയ വിധി.

അറബിക് ഭാഷയില്‍ ദൈവത്തെ സൂചിപ്പിക്കാന്‍ പൊതുവെ ഉപയോഗിക്കുന്ന അള്ളാഹ് എന്ന നാമം മലയ് ഭാഷയിലെ ചില ക്രിസ്ത്യന്‍ പത്രങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് വിധി. അള്ളാ എന്ന വാക്ക് ക്രിസ്ത്യന്‍ മതക്കാരുടെ അവിഭാജ്യ ഘടകമല്ലെന്ന് മൂന്ന് മുസ്‌ളീം ജഡ്ജിമാരടങ്ങിയ കോടതി വ്യക്തമാക്കി. മറ്റു മതക്കാര്‍ അള്ളാ എന്ന വാക്ക് ഉപയോഗിക്കുന്നത് സമൂഹത്തില്‍ കുഴപ്പങ്ങള്‍ക്ക് കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു.

എന്നാല്‍,കോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. അറബിയില്‍ നിന്ന മലായ് ഭാഷയിലേക്ക് കടം കൊണ്ട വാക്കാണ് അള്ളാ എന്നും അത് ഉപയോഗിക്കാന്‍  അനുമതി നിഷേധിക്കുന്നത് തങ്ങളുടെ അവകാശങ്ങളുടെ മേലുള്ള കടന്നു കയറ്റമാണെന്ന് ക്രിസ്ത്യാനികള്‍ വാദിക്കുന്നു. കോടതി വിധിക്കെതിരെ മലേഷ്യയിലെ പരമോന്നത കോടതിക്ക് അപ്പീല്‍ നല്‍കുമെന്നും അവര്‍ പറഞ്ഞു.

You must be logged in to post a comment Login