അഴിമതി അന്വേഷണം തുടങ്ങുമ്പോള്‍ പ്രചരണം നടത്തുന്നത് ക്രൂശിക്കാന്‍: മുഖ്യമന്ത്രി

 pinarayi-vijayan-1

തിരുവനന്തപുരം: അഴിമതിക്കെതിരായ അന്വേഷണം ആരംഭിക്കുമ്പോള്‍ തന്നെ അതിനെക്കുറിച്ച് പ്രചാരണം നടത്തുന്നത് അന്വേഷണം നേരിടുന്നയാളെ ക്രൂശിക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരാതി ലഭിച്ചാല്‍ അന്വേഷിക്കാതിരിക്കാന്‍ വിജിലന്‍സിനാവില്ല. അതുകൊണ്ട് അവര്‍ കുറ്റക്കാരാണെന്ന് പറയാനാകില്ല.

അടുത്തിടെ നടന്ന ഒരു പ്രധാന സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് താനിത് പറയുന്നത്. അഴിമതി അന്വേഷണം ആരംഭിക്കുമ്പോള്‍ അതിനെ പൊലിപ്പിച്ച് പ്രചരണം നടക്കുകയും കേസില്‍ അയാള്‍ കുറ്റക്കാരനല്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ അത് ചെറിയ വാര്‍ത്തയായി ഒതുക്കുകയും ചെയ്യുകയാണ് ചെയ്യുന്നതെന്നും വാര്‍ത്താ മാധ്യമങ്ങളെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി വിമുക്ത കേരളത്തിന് പ്രാമുഖ്യം നല്‍കും. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ മേഖലയിലും പൊതുജന പങ്കാളിത്തത്തോടെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ നടപടി ആരംഭിച്ചു കഴിഞ്ഞു.

അഴിമതി പുറത്തുകൊണ്ടുവരുന്നവര്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തും. ഇത്തരക്കാര്‍ക്ക് ധൈര്യമായി മുന്നോട്ടുവരാം. ഇടതുപക്ഷ സര്‍ക്കാര്‍ കൂടെയുണ്ടാകും. പ്രോ ആക്ടീവ് പോളിസി ഓഫ് സീറോ ടോളറന്‍സ് ടു കറപ്ഷന്‍ എന്ന ആശയത്തിലധിഷ്ടിതമായി അഴിമതിക്കെതിരായ പോരാട്ടത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു.

അഴിമതി നടന്ന ശേഷം അന്വേഷണം നടത്തുന്നതിനു പകരം അതിന് അവസരം നല്‍കാതെ ഉറവിടം കണ്ടെത്തി ഉന്മൂലനം ചെയ്ത് ക്രിയേറ്റിവ് വിജിലന്‍സ് എന്ന സങ്കല്‍പ്പത്തിലധിഷ്ടിതമായാണ് വിജിലന്‍സ് പ്രവര്‍ത്തിച്ചു വരുന്നത്. ഇത് വിജിലന്‍സിന്റെ വിശ്വാസ്യത വര്‍ധിപ്പിച്ചിട്ടുണ്ട്.

അഴിമതിക്കും കെടുകാര്യസ്ഥതക്കും സ്വജനപക്ഷപാതത്തിനും അവസരമൊരുക്കുന്ന ഉദ്യോഗസ്ഥരെയും പൊതുപ്രവര്‍ത്തകരെയും കണ്ടെത്താനുള്ള പദ്ധതിയാണ് കണ്‍കറന്റ് വിജിലന്‍സ് പ്രോഗ്രാം. ഇത് നല്ല രീതിയില്‍ തുടരാന്‍ സാധിക്കണം. സോഷ്യല്‍ ഓഡിറ്റിന്റെ തത്വങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

You must be logged in to post a comment Login