അവര്‍…അന്ന് എന്നെ വിവാഹത്തിലേക്ക് നയിച്ചു,ഇപ്പോള്‍ വൈധവ്യത്തിലേക്കും

വിധിയെന്നു പറയാന്‍ കഴിയില്ല ഒരുകൂട്ടം നരാധമന്‍മാര്‍ കവര്‍ന്നെടുത്ത ജീവിതം, അതാണ് കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയുടെ ഇപ്പോഴത്തെ അവസ്ഥ. പാതിവഴിയില്‍ ആദര്‍ശം വഴിപിരിച്ച ജീവിതം. ജീവിത ത്രാസില്‍ ഏറ്റ കുറച്ചിലുകള്‍ക്കൊടുവില്‍ ആദര്‍ശമാണോ ജീവിതമാണോ ജയിച്ചത്. രമയ്ക്ക് ഉത്തരമില്ല. എന്നാലും ഭര്‍ത്താവ് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന ടി പി ചന്ദ്രശേഖരന്‍ കാണിച്ച വഴിയിലൂടെ മുന്നോട്ട് പോകാനാണ് തളര്‍ന്ന മനസ്സില്‍ നിന്ന് ഉയര്‍ന്ന ദൃഢ പ്രതിജ്ഞ.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ആദര്‍ശം ചോരുന്നുവെന്ന് മനസിലാക്കിയപ്പോള്‍ ബദലായി പാര്‍ട്ടിയുണ്ടാക്കിയ നേതാവാണ് സഖാവ് ടി പി.
ടി പി ആദര്‍ശം ജീവിതമാക്കിയപ്പോള്‍ അവസാനം ശേഷിച്ചത് ചേതനയറ്റ ശരീരം മാത്രം. ഒന്നല്ല പത്തല്ല നൂറ് കണക്കിന് ആളുകള്‍ ഇങ്ങിനെ ഈ ലോകത്തോട് വിട പറഞ്ഞു. പോയവര്‍ പോയി പോയവര്‍ക്കും പോയി. ’51 വെട്ടുകള്‍ കളം വരച്ച’ മുഖം കണ്ടപ്പോള്‍ ചന്ദ്രേട്ടനല്ല എന്ന് മനസില്‍കരുതി’ കെ കെ രമ പറയുന്നു. ആ മുഖം തുന്നിച്ചേര്‍ത്തപ്പോള്‍ ടി പി യാണെന്ന് വിശ്വസിക്കാന്‍ അവര്‍ക്ക് കഴിയില്ലായിരുന്നു. ഇറച്ചി കഷ്ണങ്ങള്‍ തുന്നിച്ചേര്‍ത്ത യക്ഷിക്കഥയിലെ ഭീകര രൂപം. ടി പി ചന്ദ്രശേഖരനുമായി ഒരു സാമ്യവുമില്ലെങ്കിലും ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളേണ്ടി വന്നു, ടി പി തന്നെയെന്ന്.
കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമ്പോഴാണ് വേട്ടയാടപ്പെട്ടവരുടെ മനസിന് ജീവന്‍ വയ്ക്കുക. താളം തെറ്റിയ ജീവിതത്തിന് സാന്ത്വനം ലഭിക്കുക. കെ കെ രമയ്ക്ക് ഇന്ന് ദിവസങ്ങള്‍ കഴിയുംതോറും രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടുകെട്ട് നല്‍കുന്നത് ദുഖഭാരം മാത്രം. കണ്‍മുമ്പില്‍ എന്ത് കാണാന്‍ മടിക്കുന്നുവോ അതു കാണുക, എന്ത് കേള്‍ക്കെരുതെന്ന് ആഗ്രഹിക്കുന്നുവോ അതു കേള്‍ക്കുക. മനുഷ്യ മനസിന് മതിഭ്രമം വരാന്‍ മറ്റൊന്നു വേണ്ട. രമയ്ക്ക് മുമ്പിലുള്ള ഇന്നത്തെ അവസ്ഥ ഇതാണ്. ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഇന്ന് ജയിലില്‍ സുഖവാസം അനുഭവിക്കുന്നു. നീതി ലഭിക്കേണ്ട രമ ഇന്ന് കുറ്റവാളികള്‍ക്ക് ലഭിക്കേണ്ട എല്ലാ ക്രൂരതകളും അനുഭവിക്കുന്നു. യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപെട്ടു പോകാന്‍ ടി പി അവശേഷിപ്പിച്ച ധൈര്യം മാത്രം.
രമ ഇങ്ങനെ പറയുന്നു.
‘ഒരിക്കല്‍ ചേച്ചിയുടെ കൂടെയാണ് ആദ്യമായി ചന്ദ്രേട്ടന്‍ വീട്ടില്‍ വരുന്നത്, ആദ്യമായി കാണുന്നതും അന്നാണ്. എസ് എഫ് ഐയിലെ സജീവ പ്രവര്‍ത്തകയായിരുന്നു ചേച്ചി. ചന്ദ്രേട്ടനെ ആദ്യം കണ്ടപ്പോള്‍ തന്നെ എന്റെ മനസ്സില്‍ ഒത്തിരി ഇഷ്ടം തോന്നി. മാന്യതയോടെയുള്ള സംസാരം പിന്നെ തേജസ്സോടെയുള്ള ആ നില്‍പ്പ്. എങ്കിലും മനസില്‍ തോന്നിയ ഇഷ്ടം പറഞ്ഞില്ല. എങ്കിലും കാലം ഞങ്ങളെ ഒരുമിപ്പിച്ചു. കോളേജില്‍ പഠിക്കുന്ന കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനവുമായി ചന്ദ്രേട്ടന്‍ വരാറുണ്ടായിരുന്നു. മനസിലെ ഇഷ്ടം പുറത്തു പറഞ്ഞിരുന്നില്ല.

പിന്നീട് ഒരിക്കല്‍ വിവാഹ ആലോചനയുമായി പാര്‍ട്ടിയുടെ സമ്മതപ്രകാരം സി എച്ച് അശോകനും, എം മോഹനന്‍ മാസ്റ്ററും അടക്കമുള്ള സഖാക്കളുമായി അവര്‍ വീട്ടില്‍ വന്നു. എന്നെ വിവാഹം ആലോചിച്ചു. അങ്ങിനെ 1994 ഒക്‌ടോബര്‍ 14 ന് ഞങ്ങളുടെ വിവാഹം നടന്നു.  വിവാഹത്തിനുശേഷം ഞാന്‍ തികച്ചും വീട്ടമ്മയായി. രാഷ്ട്രീയത്തില്‍ നിന്ന് താല്‍ക്കാലികമായി മാറിനിന്നു. ഭര്‍ത്താവും കുട്ടികളും അമ്മയും എല്ലാവരും അടങ്ങുന്നലോകത്ത് സുഖമായി ജീവിച്ചു.  ഒരു വീട് കുടുംബം എന്നത് തികച്ചും ആസ്വദിച്ചുവരികയായിരുന്നു. ചന്ദ്രേട്ടന്‍ ഉള്ളപ്പോള്‍ ഒരിക്കല്‍ പോലും ജീവിതത്തില്‍ ദുഖിക്കേണ്ടിവന്നിട്ടില്ല.

നാട്ടുകാര്‍ക്കായാലും വീട്ടിലായാല്‍പോലും ഒരുകാര്യത്തിനും ഒരിക്കലും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിട്ടില്ല. എല്ലാ തിരക്കിനിടയിലും ഞങ്ങള്‍ ഒരുമിച്ച് ചെറിയ യാത്രകള്‍ നടത്തുമായിരുന്നു. പക്ഷേ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും 2012 മെയ് 4 ന് അവസാനിച്ചു. അല്ല അവര്‍ അവസാനിപ്പിച്ചു. എനിക്ക് ആരെല്ലാമാണോ ആ ജീവിതം തന്നത് അവര്‍തന്നെ എന്റെ ജീവിതവും എടുത്തു. മോഹനന്‍ മാസ്റ്ററും, സി എച്ച് അശോകനും അടക്കമുള്ളവരാണ് എനിക്ക് ചന്ദ്രേട്ടനുമായുള്ള വിവാഹം നടത്തിത്തന്നത്. അവര്‍ തന്നെ എന്റെ ജീവിതവും കവര്‍ന്നെടുത്തു. എന്തിനായിരുന്നു അവര്‍ അത് ചെയ്തത്?. എന്റെ മകന്‍ അച്ചന്റെ സ്‌നേഹം കിട്ടാതെ വളരണ്ടേ?. ഇപ്പോള്‍ എന്നെയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണി കത്തുകള്‍ വരുന്നു.

ഞാന്‍ കാരണം ജയിലുള്ള പ്രതികളുടെ ജീവിതം നശിക്കാന്‍ പാടില്ലെന്ന്. അവര്‍ കാരണമല്ലെ എന്റെ ജീവിതം നശിച്ചത്. അതിന് അവര്‍ക്ക് വേദനയില്ലേ? അവര്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ക്ക് മനസ്സും സ്‌നേഹവുമില്ലേ? അവര്‍ക്ക് ഒരുനിമിഷം ആലോചിച്ചാല്‍ പോരെ ഞാനും മനുഷ്യസ്ത്രീയാണെന്ന്. അവരും മനുഷ്യരല്ലെ അവര്‍ക്ക് ജയിലില്‍ കിടക്കാന്‍ കഴിയുന്നില്ല. സ്വാതന്ത്ര്യം വേണം. ശരി അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കാം അപ്പോള്‍ ഞാന്‍ എല്ലാം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവളോ?. എനിക്ക് വേദനയില്ലേ?. ചന്ദ്രേട്ടന്‍ മുന്നോട്ടുവെച്ച ആശയം അവര്‍ക്ക് തോല്‍പ്പിക്കാനാകില്ല. മാത്രവുമല്ല. എനിക്കാവുന്ന കാലത്തോളം ആ ആശയങ്ങള്‍ ഉയര്‍ത്തി പിടിക്കും’.

rama 2
? കെ കെ ലതിക എം എല്‍ എ നിങ്ങളെ പോലെ ഒരു ഭാര്യയും സ്ത്രീയുമല്ലേ. അവര്‍ ഭര്‍ത്താവ് എം മോഹനന്‍ മാസ്റ്ററെ കണ്ടത് വിവാദമായതിനെക്കുറിച്ച്
=  അവര്‍ക്ക് ഭര്‍ത്താവിനെ കാണാതിരിക്കാന്‍ കഴിയില്ല അല്ലേ? ഏതൊരുസ്ത്രീക്കും അതുതന്നെയാണ് അവസ്ഥ. ഒരുനേരം അവര്‍ രണ്ടു പേരും ചിന്തിക്കട്ടെ സ്‌നേഹത്തിന്റെ വില എന്തെന്ന്. അവര്‍ക്ക് ഇന്നല്ലെങ്കില്‍ നാളെ ഭര്‍ത്താവിനെ കാണാന്‍കഴിയും. എനിക്കോ?
? കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണും, ഫേയ്‌സ് ബുക്ക് ചാറ്റിങ്ങും നടത്തുന്നു.
= സ്വാതന്ത്ര്യം ഉണ്ടെങ്കിലേ ജീവിക്കാന്‍ കഴിയൂ. എന്റെ സ്വതന്ത്ര്യവും സ്വപ്നവും ജീവിതവും തകര്‍ത്തവരാണ്. മനുഷ്യരാണെങ്കില്‍ ചിന്തിക്കട്ടെ സ്വാതന്ത്ര്യത്തിന്റെ വില എന്തെന്ന്. ഒരാളുടെ സര്‍വ്വസ്വം പിച്ചിച്ചീന്തി എന്നിട്ട് ഒരുനിമിഷം പോലും അവര്‍ക്ക് സ്വാതന്ത്ര്യം കിട്ടാതെ ജീവിക്കാന്‍ കഴിയുന്നില്ല.  ഈ ലോകത്തിലെ സുഖസൗകര്യങ്ങള്‍ അവര്‍ക്ക് വേണം.
? ജീവിതത്തില്‍ എന്നെങ്കിലും അവരെ കണ്ടിരുന്നോ?
= ഒരിക്കലും അവരെ കണ്ടിട്ടില്ല. കോടതിയില്‍ ഹാജരാക്കിയപ്പോഴും അവരുടെ മുഖത്ത് നോക്കാന്‍ വെറുപ്പായിരുന്നു. ജീവിതത്തില്‍ ഒരിക്കലും അവരുടെ മുഖം എന്റെ മുമ്പില്‍ കാണാന്‍ ഇടയാകരുത്.
? ടി പി കൊല്ലപ്പെട്ട ആ ദിവസം
= അന്ന് വൈകീട്ടോടെ ചുറ്റുപാടും ആളുകളെ കൊണ്ട് നിറഞ്ഞു. ചന്ദ്രേട്ടനെ ഇവിടെ കിടത്തിയപ്പോള്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.  മരിച്ചു കിടക്കുന്ന ചന്ദ്രേട്ടനെ കണ്ടിട്ടില്ല. മുഖം വികൃതമായ ഒരു രൂപം. ചിലപ്പോഴൊക്കെ മനസില്‍ കരുതും അദ്ദേഹം തിരിച്ചു വരുമെന്നും വാതിലിന് മുട്ടി എന്നെ വിളിക്കുമെന്നും. ചന്ദ്രേട്ടന്റെ അമ്മയുടെ കണ്ണുനീര്‍തോര്‍ന്ന സമയമില്ലിതുവരെ.
? ടി പിയുടെ വധം എന്ന സഹതാപത്തിലുപരി ആര്‍ എം പിയ്ക് വളരാന്‍ കഴിഞ്ഞിട്ടുണ്ടോ
=തീര്‍ച്ചയായും. ഈ അടുത്തല്ലെ ഔദ്യോഗികമായി പാര്‍ട്ടിയുടെ രൂപീകരണം കഴിഞ്ഞത്. കൂടുതല്‍ ആളുകള്‍ വരുന്നുണ്ട്. പാര്‍ട്ടിയുടെ രൂപീകരണം കഴിയാന്‍ വേണ്ടി കാത്ത് നില്‍ക്കുകയായിരുന്നു. ഞങ്ങള്‍ വളരും, ആശയങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കും.

വിജീഷ് പന്നൂര്‍

You must be logged in to post a comment Login