‘അവര്‍ നല്ല മനുഷ്യര്‍, അക്രമികളല്ല’; ഗോരക്ഷകരുടെ വിളയാട്ടത്തെ പിന്തുണച്ച് ആര്‍എസ്എസ് തലവന്‍മോഹന്‍ ഭഗവത്

mohan
നാഗ്പൂര്‍: ജമ്മു കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. കശ്മീരിലെ നിയമലംഘനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് അതിര്‍ത്തിക്ക് അപ്പുറത്തുള്ളവരാണ്. ഇന്ത്യ വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യയുടെ സ്വാധീന ശക്തിയെ ലോകത്തിലെ ചില ശക്തികള്‍ ഭയപ്പെടുന്നതായും മോഹന്‍ ഭഗവത് പറഞ്ഞു. ഉറി ആക്രമണത്തിനു ശേഷം പാക് അധിനിവേശ കശ്മീരിലെ തീവ്രവാദ ക്യാമ്പുകള്‍ക്ക് നേരെ മിന്നലാക്രമണം നടത്തിയ സൈന്യത്തെയും അദ്ദേഹം അഭിനന്ദിച്ചു. തക്ക മറുപടിയാണ് ഭീകരവാദത്തിനെതിരെ സൈന്യം നല്‍കിയതെന്നും ഇന്ത്യന്‍ സൈന്യം കാണിച്ചത് വലിയ ധീരതയാണെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിലെ റെഷിംബാഗ് മൈതാനത്ത് നടക്കുന്ന വാര്‍ഷിക പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പശു സംരക്ഷണത്തിന് പേര് പറഞ്ഞ് രാജ്യമെങ്ങും അഴിഞ്ഞാടുന്ന ഗോരക്ഷകരെയും മോഹന്‍ ഭഗവത് പിന്തുണച്ചു. ഗോരക്ഷകര്‍ നല്ല മനുഷ്യരാണ്. അവരെക്കുറിച്ച് തെറ്റിദ്ധാരണങ്ങള്‍ പരത്താന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ട്. വ്യാജന്‍മാരില്‍ നിന്നും യഥാര്‍ത്ഥ ഗോരക്ഷകരെ തിരിച്ചറിയാന്‍ ശ്രമിക്കണമെന്നും മോഹന്‍ ഭാഗവത് പറയുന്നു.

ഗോരക്ഷാ നിയമം പാസാക്കിയത് നിലവിലെ സര്‍ക്കാരല്ല. പശുവിനെ സംരക്ഷിക്കാന്‍ ഗോരക്ഷകര്‍ക്ക് പ്രക്ഷോഭം നടത്തേണ്ടി വരും. ആരാണ് നിയമം ലംഘിക്കുന്നതെന്നും പ്രശ്‌നം സൃഷ്ടിക്കുന്നതെന്നും കണ്ടെത്താന്‍ അധികാരികള്‍ ജാഗരൂഗരാകണം. ഇവിടെ ചില സാമൂഹ്യ വിരുദ്ധരുണ്ട്, അവര്‍ ഗോരക്ഷകരല്ല. അവരാല്‍ വിഡ്ഢികളാകരുത്. അവര്‍ക്കെതിരാണ് ഗോരക്ഷകര്‍. ഇരുകൂട്ടരേയും ഒന്നായി കാണരുതെന്നും മോഹന്‍ ഭഗവത് പറഞ്ഞു.

ഗോരക്ഷകരുടെ അതിക്രമങ്ങള്‍ക്കെതിരെ രാജ്യമെങ്ങും വ്യാപക പ്രതിഷേധം അലയടിച്ചിരുന്നു. ജൂലൈയില്‍ പശുതുകല്‍ കൈവശം വെച്ചുവെന്ന് ആരോപിച്ച് ഗുജറാത്തില്‍ ദളിത് യുവാക്കളെ കെട്ടിയിട്ട് തല്ലിച്ചതച്ചതാണ് രാജ്യ വ്യാപകമായ പ്രതിഷേധത്തിന്റെ തുടക്കം. പ്രതിഷേധം കനത്തപ്പോള്‍ ഗോരക്ഷകര്‍ക്കെതിരെ പ്രതികരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍ബന്ധിതനായി. ഗോരക്ഷകരിലെ ചിലര്‍ സാമൂഹ്യവിരുദ്ധരാണെന്നായിരുന്നു അക്രമസംഭവങ്ങളെ അപലപിച്ചുള്ള മോഡിയുടെ പരാമര്‍ശം

You must be logged in to post a comment Login