അവള്‍ സ്നേഹിക്കപ്പെടുന്നുണ്ട്, പക്ഷേ ബഹുമാനിക്കപ്പെടുന്നില്ല; വീട്ടമ്മമാരുടെ നേര്‍ക്കാഴ്ചയുമായ് ഷോര്‍ട്ഫിലിം

അവള്‍ സ്നേഹിക്കപ്പെടുന്നുണ്ട്, പക്ഷേ ബഹുമാനിക്കപ്പെടുന്നില്ല; വീട്ടമ്മമാരുടെ നേര്‍ക്കാഴ്ചയുമായ് ഷോര്‍ട്ഫിലിം

സ്വന്തം വ്യക്തിത്വത്തെ ഉയര്‍ത്തിക്കാണിക്കാന്‍ കഴിയാതെ ഇന്നും അലിഖിതനിയമങ്ങളില്‍ കുടുങ്ങി കിടക്കുന്ന വീട്ടമ്മമാരുടെ വിയര്‍പ്പുമുട്ടലില്‍ നിന്നും രൂപപ്പെട്ട നേര്‍ചിത്രമാണ് ‘ഹേര്‍ട്ടീസ് ഡേയ് ഔട്ട്’

“എനിക്കെന്തെങ്കിലും ഒന്ന് ചെയ്ത് കാണിക്കണം” ഒരു രംഗത്തില്‍ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഹേര്‍ട്ടി പറയുന്ന ഡയലോഗാണിത്. അവളുടെ വ്യക്തിത്വം ഏറ്റവും ബഹുമാനിക്കപ്പെടേണ്ടതാണെന്ന സന്ദേശം പകരുന്ന ചിത്രം യൂട്യൂബില്‍ വൈറല്‍ ആയിരിക്കൊണ്ടിരിക്കുകയാണ്.

സ്വന്തം വ്യക്തിത്വത്തെ പ്രകടിപ്പിക്കാന്‍ കഴിയാതെ പോകുന്ന, ജീവിതത്തിന്‍റെ വേദിയില്‍ റോട്ടീന്‍ ടൈംടേബിളുമായ് മാത്രം ഒതുങ്ങേണ്ടി വരുന്ന, തന്‍റെ സന്തോഷങ്ങള്‍ക്ക് പരിഗണന ലഭിക്കപ്പെടാതെ പോകുന്ന വീട്ടമ്മമാരെയാണ് പലപ്പോഴും നമുക്ക് കാണാന്‍ കഴിയുക. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ സ്വയം ഒഴിഞ്ഞുമാറി സാഹചര്യങ്ങളുമായ് പൊരുത്തപ്പെട്ടു പോകുന്ന വീട്ടമ്മമാരില്‍ നിന്നും വ്യതസ്തയായ് തന്‍റെ വ്യക്തിത്വത്തെ പ്രകടിപ്പിക്കാന്‍ ധൈര്യം കാണിക്കുന്നിടത്താണ് ചിത്രത്തിന്‍റെ കാമ്പ്.

ഒരു പിതാവ് തന്‍റെ മകള്‍ വീട്ടമ്മയായതിനു ശേഷവും അവള്‍ക്കുണ്ടാവുന്ന ചെറിയ നേട്ടങ്ങളില്‍ സന്തോഷം പ്രകടിപ്പിക്കുന്നതും അതിന് ഊര്‍ജം നല്‍കുന്നതും ചിത്രത്തെ വേറിട്ടു നിര്‍ത്തുന്നു. ഒപ്പം വളർന്നുവന്ന് സ്വതന്ത്രരായിട്ടും മാതാപിതാക്കൾ മക്കളുടെ കാര്യത്തില്‍ എത്രത്തോളം ആകാംഷയും ഉത്കണ്ഠയും കാണിക്കുന്നു എന്നതിലേക്കും ചിത്രം വെളിച്ചം വീശുന്നു. ഏറെ സുന്ദരമായി ഇതിനെ വരച്ചു കാണിക്കാന്‍ ‘ഹേര്‍ട്ടീസ് ഡേയ് ഔട്ട്’ ന് സാധിച്ചിട്ടുണ്ട്.

വിവേക് ജോസഫ് വറുഗീസാണ് ഹസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിരവധി ഫിലിം ഫെസ്റ്റിവെലുകളിലേക്ക് ഇതിനോടകം തന്നെ ചിത്രത്തിന് ക്ഷണം ലഭിച്ചു കഴിഞ്ഞു. കല്‍ക്കട്ട ഇന്‍റര്‍നാഷണല്‍ കള്‍ട്ട് ഫിലിം ഫെസ്റ്റിവെലില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും നേടിയ ചിത്രം മറ്റു ഫെസ്റ്റിവെലുകളിലും നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹമായി

You must be logged in to post a comment Login