അവസരങ്ങള്‍ നിഷേധിച്ചാല്‍ താൻ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പാർവതി

 

ഒരു നടിയെന്ന നിലയിൽ തൻ്റെ അവസരങ്ങള്‍ നിഷേധിച്ചാല്‍ താൻ സ്വയം അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വ്യക്തമാക്കി നടി പാര്‍വതി രംഗത്ത്. താരസംഘടനയായ എഎംഎംഎയെ വിമര്‍ശിച്ചതിൻ്റെ പേരില്‍ ഡബ്ല്യു.സി.സിയില്‍ അംഗങ്ങൾക്കും പിന്തുണയ്ക്കുന്ന മറ്റുള്ള നടീനടന്മാ‍ര്‍ക്കും സിനിമ നഷ്ടപ്പെട്ടു എന്ന തുറന്നു പറച്ചിലിൻ്റെ പിന്നാലെ ആണ് പാര്‍വതി ഇക്കാര്യത്തിൽ തൻ്റെ നിലപാട് പരസ്യമായി വ്യക്തമാക്കിയത്. മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് താരം തൻ്റെ നിലപാട് വെളിപ്പെടുത്തിയത്.

അവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍ നടന്ന സംഘടിത ശ്രമങ്ങളുടെ തകര്‍ച്ച കാണേണ്ടി വരുമെന്ന് നടി തുറന്നടിച്ചു. കൂടാതെ അഭിനയത്തിനൊപ്പം തന്നെ സിനിമാ സംവിധാന നിര്‍മാണ രംഗങ്ങളിലും ചുവട് ഉറപ്പിക്കാനുള്ള നീക്കത്തിലാണ് താനെന്നും പാര്‍വതി സംഭാഷണങ്ങളിലൂടെ വ്യക്തമാക്കി. പാര്‍വതി നായികയാകുന്ന ഉയരെ 26ന് തീയേറ്ററുകളിലെത്താനൊരുങ്ങുകയാണ്. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥയാണ് ഉയരെ പറയുന്നത്. ഈ ചിത്രത്തെക്കുറിച്ച് സംസാരിക്കവെയാണ് പാര്‍വതി തൻ്റെ നിലപാട് വ്യക്തമാക്കിയത്.

ഡബ്ല്യു.സി.സിയെ പിന്തുണച്ചതിൻ്റെ പേരില്‍ അതില്‍ അംഗങ്ങളല്ലാത്ത സ്ത്രീകൾക്കും പുരുഷന്മാര്‍ക്കും വരെ സിനിമ നഷ്ടപ്പെട്ടുവെന്നും സംഘടി‌തമായും സ്വാധീനം ചെലുത്തിയുമാണ് അത്തരം ശ്രമങ്ങള്‍ നടന്നതെന്നും നടി ചൂണ്ടിക്കാട്ടി. എന്നാൽ അതിൻ്റെ എല്ലാം തകര്‍ച്ച വരും വര്‍ഷങ്ങളില്‍ കാണേണ്ടി വരുമെന്നും പാര്‍വതി പറഞ്ഞു.

സിനിമയാണ് പ്രധാനമെന്നും സിനിമയ്ക്ക് അതീതമായി വ്യക്തികള്‍ക്ക് പ്രാധാന്യം ഇല്ലെന്നും പാര്‍വതി അടിവരയിട്ട് ചൂണ്ടിക്കാട്ടി. അടുത്ത വര്‍ഷത്തോടെ സിനിമാ സംവിധാന നിര്‍മാണ രംഗങ്ങളിലേക്കുള്ള തൻ്റെ കടന്നുവരവും പാര്‍വതി സംസാരത്തിനിടെ സൂചിപ്പിച്ചു.

You must be logged in to post a comment Login