അവസാന പന്തിന് മുമ്പ് മലിംഗയോട് അക്കാര്യം പറഞ്ഞു; വെളിപ്പെടുത്തലുമായി രോഹിത്

 

ഹൈദാരാബാദ്: ഐപിഎൽ ഫൈനലിലെ അവസാന ഓവർ വിജയകരമായി എറിഞ്ഞ് താരമായിരിക്കുകയാണ് ലസിത് മലിംഗ. നിർണായകമായ ഓവറിൽ ചെന്നൈക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 9 റൺസാണ്. നന്നായി പന്തെറിഞ്ഞ മലിംഗ പക്ഷേ അവസാന പന്ത് എറിയുന്നതിന് മുമ്പ് അൽപം സമ്മർദ്ദത്തിലായിരുന്നു.

ഒരു ബോളിൽ ചെന്നൈക്ക് ജയിക്കാൻ വേണ്ടിയിരുന്നത് രണ്ട് റൺസാണ്. സിംഗിൾ എടുത്താൽ പോലും മത്സരം സൂപ്പർ ഓവറിലെത്തും. ഒടുവിൽ മലിംഗയെറിഞ്ഞ സ്ലോ ബോൾ ശാർദൂലിനെ കബളിപ്പിച്ചു. എൽബിഡബ്ല്യു ആയി ശാർദൂൽ പുറത്തായതോടെ മത്സരം മുംബൈ വിജയിച്ചു.

അവസാന പന്ത് എറിയുന്നതിന് മുമ്പ് മലിംഗയുമായി വിശദമായി സംസാരിച്ചിരുന്നുവെന്ന് മുംബൈ നായകൻ രോഹിത് ശർമ പറഞ്ഞു. “ശാർദൂൽ താക്കൂർ എവിടെ അടിക്കാൻ ശ്രമിക്കുമെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. സ്ലോ ബോൾ എറിയാൻ ആണ് മലിംഗയുമായി ആലോചിച്ച് തീരുമാനിച്ചത്. അത് മലിംഗ കൃത്യമായി ചെയ്യുകയും ചെയ്തു,” രോഹിത് ശർമ പറഞ്ഞു. അടിക്കാൻ ശ്രമിച്ചാലും ക്യാച്ചാവും എന്നായിരുന്നു രോഹിതും മലിംഗയും പദ്ധതിയിട്ടത്.

You must be logged in to post a comment Login