അശാസ്ത്രീയ നിര്‍മ്മാണങ്ങളാണ് ഉരുള്‍പൊട്ടലുകള്‍ക്ക് കാരണമായത്: ജിഎസ്‌ഐ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍

പ്രളയത്തിനൊപ്പം ഉണ്ടായ ഉരുള്‍പൊട്ടലുകള്‍ക്ക് കാരണം അശാസ്ത്രീയ നിര്‍മ്മാണങ്ങളാണെന്ന് കേരളത്തില്‍ പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് പഠിക്കാനെത്തിയ സംഘത്തിന്റെ റിപ്പോര്‍ട്ട്. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ചെളി നിറഞ്ഞ മണ്ണ് ധാരാളമുള്ള മൂന്നാറില്‍ പ്രത്യേക ശ്രദ്ധ വേണം. നിരവധി ഉരുള്‍പൊട്ടലുകള്‍ ഉണ്ടായ ഇടുക്കിയില്‍ ഒരു മാസത്തോളം ജി എസ് ഐ പഠനം നടത്തും എന്നും അറിയിച്ചു.

സാധാരണ ഉരുള്‍പൊട്ടലുകള്‍ ഉണ്ടാകുന്നത് മഴയും ഭൂമികുലുക്കവും സ്‌ഫോടനങ്ങളുമൊക്കെ ഉണ്ടാകുമ്പോളാണ്. എന്നാല്‍ കനത്ത മഴയാണ് കേരളത്തിലുണ്ടായ ഉരുള്‍ പൊട്ടലുകള്‍ക്കു കാരണം. കുന്നിടിച്ച് വലിയ നിര്‍മ്മാണങ്ങള്‍ നടത്തും മുമ്പ് മണ്ണ് നീക്കം ചെയ്യുന്നതിന് ബദലായി സ്വീകരിക്കേണ്ട ശാസ്ത്രീയ മര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. ശാസ്ത്രീയമായി കെട്ടിടം എവിടെയും നിര്‍മ്മിക്കാം. ഉരുള്‍പൊട്ടിയ പ്രദേശത്ത് പോലും. എന്നാല്‍ കേന്ദ്ര ഭൂമിശാസ്ത്ര സംഘം നല്‍കിയ നിര്‍ദേശങ്ങള്‍ പലപ്പോഴും പാലിക്കപ്പെട്ടിട്ടില്ല.

മൂന്നാറില്‍ ഏറ്റവും അധികം മണ്ണിടിച്ചില്‍ ഉണ്ടായ മൂന്നാര്‍ കോളജ് പരിസരത്തും സംഘം പരിശോധന നടത്തി. മൂന്നാറിലെ മണ്ണിന്റെ ഘടന വ്യത്യസ്തമാണ്. അതുകൊണ്ടാണ് മണ്ണിടിച്ചില്‍ വര്‍ധിക്കുന്നത് എന്നും അവര്‍ പറഞ്ഞു. മൂന്ന് പേരടങ്ങുന്ന സംഘം ഇടുക്കിയില്‍ പഠനം തുടരും. പഠനം പൂര്‍ത്തിയാക്കിയാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും മൂന്നാറിലെ ഭൂരിഭാഗം റോഡുകളും തകര്‍ന്ന അവസ്ഥയിലാണ്. ഇരവികുളം ദേശീയോദ്യാനത്തിലേക്ക് ഉള്‍പ്പെടെ ഗതാഗതം അതീവദുഷ്‌കരമാണ്. തകര്‍ന്ന പാലങ്ങളുടെ പുനര്‍നിര്‍മാണം വൈകുന്നതിനാല്‍ പല മേഖലകളും ഒറ്റപ്പെട്ട നിലയിലാണ് ഇപ്പോഴും. അതേസമയം ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മൂന്നാര്‍ ഗവണ്മെന്റ് കോളേജിലെ അധ്യയനം പുനരാരംഭിക്കാത്തതോടെ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ് . കോളേജ് സ്ഥിതി ചെയ്യുന്ന പ്രദേശം ഇപ്പോഴും അപകടാവസ്ഥയിലാണ്. പുതിയ കെട്ടിടം കണ്ടെത്തി ക്ലാസുകള്‍ വീണ്ടും ആരംഭിക്കണം എന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

You must be logged in to post a comment Login