അശ്ലീല വീഡിയോ വിവാദം: രാജിവെക്കില്ല, മാധ്യമങ്ങള്‍ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് കര്‍ണാടക മന്ത്രി

thanveer

ബംഗലൂരു: ടിപ്പു ജയന്തി ആഘോഷ ചടങ്ങിനിടെ അശ്ലീല വീഡിയോ കണ്ടെന്ന ആരോപണത്തില്‍ വിശദീകരണവുമായി കര്‍ണാടക മന്ത്രി തന്‍വീര്‍ സേട്ട് രംഗത്ത്. ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്ക് നേരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും പ്രതിപക്ഷ ആരോപണങ്ങളില്‍ ഭയപ്പെട്ട് രാജിവെക്കില്ലെന്നുമാണ് മന്ത്രിയുടെ വിശദീകരണം. താന്‍ അശ്ലീല വീഡിയോ കണ്ടിട്ടില്ല, സത്യം പുറത്ത് വരിക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ടിപ്പു ജയന്തി ആഘോഷ ചടങ്ങിനിടെ അശ്ലീല വീഡിയോ കണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് കര്‍ണാടക പ്രൈമറി സെക്കന്ററി വിഭാഗം വിദ്യാഭ്യാസ മന്ത്രി തനവീര്‍ സേട്ട് വിവാദത്തില്‍ അകപ്പെടുന്നത്.

ചടങ്ങിനിടെ മന്ത്രിയുടെ ഫോണ്‍ വാര്‍ത്ത ചാനല്‍ ക്യാമറാമാന്‍ പകര്‍ത്തുകയായിരുന്നു. എന്നാല്‍ താന്‍ ടിപ്പു ജയന്തി ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെയ്ക്കുകയാണുണ്ടായതെന്നാണ് തന്‍വീര്‍ സേട്ട് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. മുമ്പ് നിയസഭയില്‍ അശ്ലീല വീഡിയോ കാണുന്ന ബിജെപി അംഗങ്ങളുടെ ചിത്രങ്ങള്‍ പുറത്ത് വന്നതും കര്‍ണാടകയില്‍ വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

അതേസമയം സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടിയായ ബിജെപി വിഷയം ഏറ്റെടുത്ത് രംഗത്തെത്തിയിട്ടുണ്ട്. ടിപ്പു ജയന്തി ആഘോഷം നിര്‍ത്തിവയ്ക്കണമെന്നും വിവാദത്തിലായ മന്ത്രി രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് വേദിക്ക് സമീപം ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുകയും ചെയ്തു. ഇത്തരത്തിലൊരു മന്ത്രിയെ സംസ്ഥാനത്തെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുന്നത് വിദ്യാഭ്യാസ വകുപ്പിന് നാണക്കേടുണ്ടാക്കുന്നതാണെന്നുവെന്നാണ് ബിജെപി ആരോപിക്കുന്നത്.

You must be logged in to post a comment Login