അഷിത അപൂര്‍ണ്ണ വിരാമം

ഡോ. ബി. ഇഫ്തിഖാര്‍ അഹമ്മദ്

”നീ ഭസ്മം തൊടുമ്പോള്‍ മനസ്സിലെന്താണ് ധ്യാനിക്കാറ്, വിനി?” അവരുടെ ശബ്ദം അതീവകോമളവും ആര്‍ദ്രവുമായിരുന്നു. ഒരു നിമിഷം, പണ്ടത്തെപ്പോലെ, നിശ്ചിന്തമായ ഒരുത്തരം വിനീത പറഞ്ഞു.
”നമശ്ശിവായ എന്ന് അല്ലാതെന്താ പറയുക?”
ഒരു നുള്ള് ഭസ്മം അവളുടെ കൈവെള്ളയിലേക്ക് ഇട്ടുകൊണ്ട് അവര്‍ പറഞ്ഞു: ”ഇനിമേല്‍ ഭസ്മം തൊടുമ്പോള്‍” സ്വയം ഓര്‍മിപ്പിച്ചുകൊണ്ട്… ”ഇതാണ് ഞാന്‍, ഇതുമാത്രമാണ് ഞാന്‍” വിനീത തരിച്ചു നിന്നു.
ഇത്? ചാരം? ഇത്രമാത്രം!
അവര്‍ തിരിഞ്ഞു നടന്നു കഴിഞ്ഞിരുന്നു. വിനീതയുടെകൈവെള്ളയില്‍ ഒരുനുള്ള് ഭസ്മമിരുന്ന്തിളങ്ങി.
(ഭസ്മക്കുറികള്‍ – അഷിത)
ആധുനികാനന്തര മലയാള കഥാസാഹിത്യത്തിലെ നിറ സാന്നിദ്ധ്യമായിരുന്ന സ്ത്രീ എഴുത്തുകാരിയെയാണ,് അഷിതയുടെ മരണത്തിലൂടെ നമുക്ക് നഷ്ടമാവുന്നത്. താനെഴുതിയ പ്രിയപ്പെട്ട രചനകളില്‍ ഒന്നിന്റെ തലക്കെട്ട് ‘അപൂര്‍ണ്ണ വിരാമങ്ങള്‍’ എന്നായിപ്പോയത് തികച്ചും യാദൃശ്ചികമായിരുന്നോഎന്ന,് കഥാകാരിയുടെ ജീവിതവും കഥാപരിസരങ്ങളും വിശകലനം ചെയ്യുന്ന ഒരാള്‍ക്ക് സംശയം തോന്നിയാല്‍ അതില്‍ അതിശയോക്തിപരമായി ഒന്നും തന്നെയില്ല.
സ്ത്രീ ജീവിതത്തിന്റെ സ്വത്വപരിസരങ്ങളും, ആത്മചേതനയും, അതിന്റെ ഭയവിഹ്വലതകളും, വേവലാതികളുമാണ് അഷിതയുടെ കഥകളിലെ പ്രധാന പ്രമേയക്കൂട്ടുകള്‍. പക്ഷെ, അതൊരിക്കലും, വെറുംശരീര നിബദ്ധമായ ഒരു വ്യാകുലതയുടെ അടയാളപ്പെടുത്തലുകളായിരുന്നില്ല. ഏതൊരു പെണ്ണെഴുത്തിലും, കാമനകളും, വിഫലമാക്കപ്പെട്ട മോഹങ്ങളും,അവയുടെ ഭംഗങ്ങളും, കുടുംബം എന്ന ചട്ടക്കൂടിന്റെ വേലിക്കെട്ടുകളും മറ്റുമൊക്കെയായി സ്‌ത്രൈണതയെക്കുറിച്ചുള്ള ഉണര്‍ത്തുപാട്ടുകളെ ആഘോഷിക്കുന്ന കാലത്താണ്, സ്ത്രീയുടെ അടയാളപ്പെടുത്തലുകളില്‍ അവ മാത്രമല്ല മുഖ്യധാരയിലേക്ക് ഉയര്‍ത്തപ്പെടേണ്ടതെന്നും, മറിച്ച്, സ്ഥൈര്യമാര്‍ന്ന വ്യക്തിത്വമുള്ള ഒരു സ്വത്വം ഏതൊരുരുസ്ത്രീയിലും നിലനില്ക്കും എന്നും ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട്, അഷിത, വേറിട്ട വഴികളിലൂടെ സഞ്ചരിച്ചത്.
സ്ത്രീപക്ഷ രചനകളില്‍ അവര്‍ അവലംബിച്ച വ്യതിരിക്തത, അമേരിക്കന്‍ കവയിത്രി എമിലി ഡിക്കിന്‍സനോടുണ്ടായിരുന്ന തീവ്ര ആരാധനയിലൂടെ ഉടലെടുത്തതാവാനാണ് സാധ്യത. മരണത്തെ പ്രണയിനിയാക്കിയ എമിലിയെ, താന്‍ പഠിച്ച ഇംഗ്ലിഷ് സാഹിത്യത്തിന്റെ ക്ലാസ്സ്‌റൂമുകളില്‍ മാത്രമൊതുങ്ങുമായിരുന്ന അക്കാദമിക് വ്യവഹാരങ്ങളില്‍ നിന്നും സ്വതന്ത്രയാക്കി, കൂടെക്കൂട്ടിയാണ് അഷിത മഹാരാജാസിന്റെ ക്യാമ്പസില്‍ നിന്നും പടിയിറങ്ങിയത്.
ശരീര നിബദ്ധമായ വിഷയങ്ങളെക്കുറിച്ച് വെട്ടിത്തുറന്ന് പറഞ്ഞ്, ഒരുമ്പെട്ടവളെന്ന ‘ദുഷ്‌പ്പേര്’ സമ്പാദിച്ച്, നാലപ്പാട്ടെ തറവാട്ടുമുറ്റത്തുനിന്നും വിശ്വസാഹിത്യ ചക്രവാളത്തിലേക്ക് പറന്നുയര്‍ന്ന വിപ്ലവ നക്ഷത്രമായ കമലാ സുരയ്യയുമായിട്ടായിരുന്നു അഷിതയുടെ മല്‍സരം. ശരീരത്തില്‍ നിന്നും ആത്മാവിനെ അന്വേഷിച്ച് നടക്കുന്നതിനിടയില്‍ അഷിതയുടെകഥകളിലും വെട്ടിത്തുറന്ന പറച്ചിലുകളുണ്ടായി… വെളിപാടുകളുണ്ടായി…
പക്ഷെ ഇത്തരമൊരു കഥാകാരിയായിരുന്നു, ശരാശരിബോധമൂല്യങ്ങളിലും സദാചാര ബിംബങ്ങളിലും മാത്രമായി പ്രതിഷ്ഠിച്ച മലയാളിയുടെ, പെണ്‍ശബ്ദങ്ങളായിമാറേണ്ടിയിരുന്നത്എന്നത്, കമലയെപ്പോലെ അഷിതയും ചരിത്രവല്ക്കരിച്ചു. എഴുപതുകളില്‍ നിലനിന്നിരുന്ന ട്രെന്‍ഡുകളെ പൊളിച്ചടുക്കി, ഈ നേര്‍ത്ത ശബ്ദം സമൂഹത്തിലെ ചില ആരും കാണാത്തകോണുകളിലെ പെണ്‍ മനസ്സുകളെ കെട്ടുറപ്പുള്ള കഥകളിലൂടെ കയറൂരിവിട്ടു.. ആത്മീയം എന്നതിനെ പ്രശ്‌നവല്ക്കരിക്കാന്‍ മുതിരുന്നത് പോലും കൊടും പാപമാണെന്ന് കരുതിയിരുന്ന പ്രസ്തുത പതിറ്റാണ്ടില്‍, ഗുരു നിത്യചൈതന്യ യതിയുമായുണ്ടായ സൗഹൃദ, സമ്പര്‍ക്കങ്ങള്‍ മൂലമാവണം, അഷിത അദ്ധ്യാത്മികമായി വിശുദ്ധവല്ക്കരിക്കപ്പെട്ടത്.
പ്രതിഭയുള്ളവരുടെ തുറന്നുപറച്ചിലുകള്‍ സമൂഹത്തില്‍ചില അനുരണനങ്ങള്‍ ഉണ്ടാക്കും എന്നത് തീര്‍ച്ചയാണ്.സ്വന്തം ശരീരത്തെ കാര്‍ന്നുതിന്നുകയായിരുന്ന അര്‍ബുദത്തിന് മുമ്പില്‍ അടിയറവ് പറയാതെ, വിസ്‌ഫോടനം തന്നെ സൃഷ്ടിക്കുമാറ് ചില ആത്മകഥന മുഹൂര്‍ത്തങ്ങള്‍, പതിയെ പുറത്തെടുത്ത് വിളമ്പിത്തുടങ്ങുന്നതിനിടയിലാണ് ഒരു അപൂര്‍ണ്ണ വിരാമമായി അഷിത വിടവാങ്ങിയത്.
കവിതയുടെ വിശ്വചക്രവാളത്തെ പ്രണയിക്കുന്നവര്‍ക്ക് ജാപ്പനീസ് സംഭാവനയായ ഹൈക്കു എന്ന, കുഞ്ഞുവരികളില്‍ ഒതുങ്ങി വലിയ ആശയങ്ങള്‍ സമ്മാനിച്ച കവിതാരൂപത്തെ മലയാളിക്ക് പരിചയപ്പെടുത്തിയതില്‍ അഷിതയുടെ പങ്ക് നിര്‍ണ്ണായകമായിരുന്നു. റഷ്യന്‍ കവി അലക്‌സാണ്ടര്‍ പുഷ്‌ക്കിനെയും, സൂഫികവി ജലാലുദ്ദീന്‍ റൂമിയെയും ഇതര കാവ്യശബ്ദങ്ങളെയും ഈ നാട് അനുഭവിച്ചറിഞ്ഞതിന് പിന്നിലും അഷിത എന്ന മൊഴിമാറ്റ പ്രതിഭയുണ്ട്. ട്രാന്‍സലേഷന്‍ സ്റ്റഡീസ് എന്ന അക്കാദമിക് രൂപം ഈ മണ്ണില്‍ വേരുറപ്പിക്കാന്‍ കാരണങ്ങളായവരില്‍ ഒരാളും അഷിതയായിരുന്നു. ചെറുകഥയുംചെറുകവിതയും ചില കെറുവിക്കലുകളുമൊക്കെയായി അഷിത വായനക്കാരോടും ചുറ്റുമുള്ള പ്രകൃതിയോടുമായി സൗമ്യമായി സംവദിച്ചു.
കുട്ടികള്‍ക്ക് വേണ്ടി ജാതകകഥകളും ഐതിഹ്യമാലയും ഭാഗവതവും രാമായണവുമൊക്കെ ലളിതവല്ക്കരിച്ചു. ‘അത് ഞാനായിരുന്നു’ന്നുഎന്ന പേരില്‍ ആത്മകഥനവും നടത്തിയിട്ടാണ് സമയത്തിന്റെ അനിവാര്യമായ വിളിക്ക് ഉത്തരം നല്കി അഷിത വിരാമമിടുന്നത്.
സ്ത്രീജീവിതങ്ങളുടെ അന്ത:സംഘര്‍ഷങ്ങളുടെയും അതിനെ അതിജീവിക്കാനുള്ള നിരന്തര പോരാട്ടങ്ങളുടെയും തുറന്ന് പറച്ചിലുകളാണ് അഷിതയുടെ കഥകള്‍. വിസ്മയചിഹ്നങ്ങള്‍, അപൂര്‍ണ്ണ വിരാമങ്ങള്‍, ഒരു സ്ത്രീയും പറയാത്തത്, മഴമേഘങ്ങള്‍, വിവാഹം ഒരു സ്ത്രീയോട് ചെയ്യുന്നത് തുടങ്ങിയ കൃതികളുടെ അന്ത:സത്തയും ഈ പ്രമേയങ്ങള്‍തന്നെ.
സൗമ്യമായ ഭാവന, ലളിതമായ ഭാഷ, എന്നാല്‍ അതിതീക്ഷ്ണമായ രചനാ ചാതുരി – ഒറ്റവാചകത്തില്‍ അവരുടെ രചനാ ലോകത്തെ ഇങ്ങനെ ആറ്റിക്കുറുക്കി വിലയിരുത്താം. എഴുത്തിനൊക്കുന്ന സാഹചര്യങ്ങള്‍ക്കായി, പുരുഷകേന്ദ്രീകൃത സാമൂഹ്യവ്യവസ്ഥിതിയില്‍ നിന്നുകൊണ്ട് താന്‍ നടത്തിയ പോരാട്ടങ്ങളെക്കുറിച്ചും, അതിനിടയില്‍ ലഭിച്ച ഭീകരമായ പ്രതികരണാനുഭവങ്ങളെക്കുറിച്ചും പതുക്കെ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിലാണ്, ഒരുരുവിരാമം കൂടി അപൂര്‍ണ്ണമാക്കിഅഷിത പടിയിറങ്ങിയത്.. പ്രസ്തുത അപൂര്‍ണ്ണതകളില്‍ പൂര്‍ണ്ണതയുടെയോ, അര്‍ദ്ധവിരാമങ്ങളുടെയോ കാടുകള്‍ പൂക്കുന്ന തരത്തില്‍ എന്തെങ്കിലും ഒളിഞ്ഞിരിക്കുന്നുണ്ടോ എന്ന അന്വേഷണം അവരുടെ രചനകളുടെ വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കാന്‍ നമുക്ക് സാധിക്കേണ്ടിയിരിക്കുന്നു.

 

You must be logged in to post a comment Login