അസ്ലം വധം; ലീഗ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം; നിയമം കൈയ്യിലെടുക്കാന്‍ ആഹ്വാനം ചെയ്ത് കെഎംസിസി നേതാവിന്റെ വാട്ട്‌സാപ്പ് സന്ദേശം വിവാദമാവുന്നു

muhammad-aslamകോഴിക്കോട്: നാദാപുരം മുഹമ്മദ് അസ്‌ലമിന്റെ കൊലപാതകത്തിന് പിന്നാലെ കെഎംസിസി നേതാവിന്റെ വാട്ട്‌സ് അപ്പ് ഓഡിയോ സന്ദേശം വിവാദമാവുന്നു. നിയമം കയ്യിലെടുക്കാന്‍ആഹ്വാനം ചെയ്തുള്ള നേതാവിന്റെ സന്ദേശമാണ് വിവാദമാവുന്നത്. ലീഗ് നേതൃത്വത്തിന് എതിരെയും കടുത്ത പരാമര്‍ശങ്ങളടങ്ങുന്നതാണ് സന്ദേശം. സമാധാനം എന്നൊക്കെ പറഞ്ഞ് നടക്കുന്ന പാര്‍ട്ടി നേതൃത്വം പ്രവര്‍ത്തകരെ സംരക്ഷിക്കുന്നില്ലെന്നും കെഎംസിസി ബഹറൈന്‍ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റിന്റെ ഓഡിയോ സന്ദേശത്തില്‍ പറയുന്നു.

‘കേസുണ്ടാകും അടിയുണ്ടാകും കൊലയുണ്ടാകും, നേതൃത്വം പ്രവര്‍ത്തകരെ തിരിഞ്ഞു നോക്കുന്നില്ല’ കെഎംസിസി നേതാവിന്റെ വാട്ട്‌സാപ്പ് സന്ദേശം ഇങ്ങനെ തുടങ്ങുന്നു. കുടുംബത്തേയും തിരിഞ്ഞു നോക്കുന്നില്ല അതുപോര, അവര്‍ക്കു വേണ്ടി എല്ലാ സഹായവും ചെയ്യണം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ചെയ്യുന്നതു പോലെ. മാസങ്ങളോളം വാഹനം വാടകയ്‌ക്കെടുത്താണ് ഈ പൊന്നു മോനെ കൊന്നത്. നമ്മുടെ പാര്‍ട്ടിക്ക് മരിച്ചാല്‍ മയ്യത്തെടുത്തതോടെ എല്ലാ തീരുമെന്നും പറഞ്ഞാണ് അബൂബക്കര്‍ ഹാജിയുടെ വാട്ട്‌സാപ്പ് സന്ദേശത്തില്‍ ലീഗ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തുന്നത്.

നേതൃത്വം പറയുന്നത് സമാധാനം എന്നാണ്. നമ്മുടെ യുവാക്കള്‍ വെട്ടു കൊണ്ട് മരിക്കുമ്പോള്‍ നമുക്കെങ്ങനെ ജീവിക്കാന്‍ സാധിക്കും എന്നു ചോദിച്ചാണ് നിയമം കൈയ്യിലെടുക്കാന്‍ നേതാവ് ആഹ്വാനം ചെയ്യുന്നത്. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിനെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വാട്ട്‌സാപ്പ് സന്ദേശം അവസാനിക്കുന്നത്. അതേസമയം സന്ദേശത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ അത് ഒരു വൈകാരിക നിമിഷത്തെ പ്രതികരണമാണെന്ന് അബൂബക്കര്‍ ഹാജി പ്രതികരിച്ചു.

You must be logged in to post a comment Login