ആക്ടിവയോടു മത്സരിക്കാന്‍ യമഹ സ്യൂമ

റേ സ്കൂട്ടറുകളുടെ വന്‍ വിജയം യമഹ മോട്ടോര്‍ ഇന്ത്യയുടെ മനസാകെ മാറ്റിയിരിക്കുകയാണ്. മോട്ടോര്‍ സൈക്കിളിനെ വിട്ട് ഗീയര്‍ലെസ് സ്കൂട്ടര്‍ വിപണിയില്‍ ശ്രദ്ധിക്കാനാണ് ഇപ്പോള്‍ ജപ്പാന്‍ കമ്പനിയുടെ തീരുമാനം. അതില്‍ തെറ്റു പറയാനില്ല. ഈ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള വില്‍പ്പനയില്‍ 42 ശതമാനം വളര്‍ച്ച യമഹയ്ക്കു നേടിക്കൊടുത്തതില്‍ റേ സ്കൂട്ടറുകള്‍ക്ക് മുഖ്യപങ്കുണ്ട്.

ഹോണ്ട ആക്ടിവയോടു മത്സരിക്കാന്‍ യോഗ്യമായ മോഡലാണ് യമഹയില്‍ നിന്നു ഇനി വരുന്നത്. ഈ മോഡല്‍ ഫെബ്രുവരിയിലെ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കും.

ഇന്ത്യയില്‍ 2015 ആകുമ്പോഴേക്കും ഇരുചക്രവാഹനവിപണിയില്‍ 40 ശതമാനം ഓഹരി സ്കൂട്ടറുകള്‍ നേടുമെന്ന കണക്കുകൂട്ടലിലാണ് യമഹ സ്കൂട്ടറുകള്‍ക്കു പിന്നാലെ പോകുന്നത്. നിലവില്‍ സ്കൂട്ടര്‍ വിപണിയില്‍ അഞ്ച് ശതമാനമാണ് യമഹയുടെ വിഹിതം. സ്കൂട്ടര്‍ വിപണിയിലെത്തി ഒരു വര്‍ഷം കൊണ്ടാണ് യമഹ ഇത്രയും വിപണിവിഹിതം നേടിയതെന്നത് ശ്രദ്ധേയമാണ്. 2016 ല്‍ സ്കൂട്ടര്‍ വിപണിയുടെ 20 ശതമാനം കമ്പനി ലക്ഷ്യം വയ്ക്കുന്നു.

എന്തായാലും യമഹയില്‍ നിന്ന് പുതിയ മോട്ടോര്‍സൈക്കിള്‍ പ്രതീക്ഷിച്ചവര്‍ക്ക് നിരാശപ്പെടാനാണ് വിധി. കുറച്ചുകാലത്തേക്ക് നിലവിലുള്ള മോഡലുകളുടെ പരിഷ്കരിച്ച പതിപ്പ് മാത്രമേ യമഹ പുറത്തിറക്കാന്‍ സാധ്യതയുള്ളൂ.

ഇതോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിലുള്ളത് ആഗോളവിപണിയില്‍ യമഹ പുറത്തിറക്കുന്ന സ്യൂമ എന്ന മോഡലാണ്.

 

You must be logged in to post a comment Login