ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മികവ്;ഗോകുലത്തിന്‍റെ പെൺപട കപ്പടിച്ചത് കളിത്തട്ടിലെ കരുത്തോടെ

ബെംഗളൂരു: ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മികവ് കാട്ടിയാണ് ഗോകുലം
കേരള എഫ്.സി വനിതകളുടെ ഐലീഗിൽ ജേതാക്കളായത്. എതിരാളികളുടെ വല 31 തവണ
കുലുക്കിയ ഗോകുലത്തിന്‍റെ പെൺപട, ഗോൾവഴങ്ങിയത് നാല് തവണ മാത്രം. കഴിഞ്ഞ
ദിവസം നടന്ന ഐലീഗ് വനിതാ ഫൈനലിൽ മണിപ്പൂരി ക്ലബ് ക്രിപ്സയെ രണ്ടിനെതിരെ
മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് ഗോകുലം എഫ്.സി ആദ്യമായി കേരളത്തിലേക്ക്
കിരീടം കൊണ്ടുവന്നത്.

ആറ് ടീമുകൾ ഉൾപ്പെട്ട ബി ഗ്രൂപ്പിലാണ് ഗോകുലം കേരള എഫ്.സി മാറ്റുരച്ചത്.
ലീഗ് ഘട്ടത്തി. അഞ്ചിൽ അഞ്ച് കളിയും ജയിച്ചായിരുന്നു ഗോകുലം കേരള സെമിയിൽ
സ്ഥാനം ഉറപ്പിച്ചത്. ലീഗ് ഘട്ടത്തിൽ 26 ഗോൾ നേടിയ ഗോകുലം വഴങ്ങിയതാകാട്ടെ
വെറും രണ്ടു ഗോൾ മാത്രം.

സെമിയിൽ നിലവിലെ ജേതാക്കളായ മധുര സേതു എഫ്.സിയുമായിട്ടായിരുന്നു പോരാട്ടം.
എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് സേതുവിനെ വീഴ്ത്തി കലാശപ്പോരിന് യോഗ്യത
നേടി. ഫൈനലിൽ ക്രിസ്പയെ ആധികാരികമായി തന്നെ ഗോകുലം കേരള എഫ്.സി
തോൽപ്പിക്കുകയായിരുന്നു.

തുടക്കത്തിൽ തന്നെ രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയെങ്കിലും സെൽഫ് ഗോൾ
വിനയായപ്പോൾ ഇടവേളയ്ക്ക് പിരിയുമ്പോൾ 2-1 ആയിരുന്നു സ്കോർ. 75-ാം മിനിട്ടിൽ
രത്തൻവാല ക്രിസ്പയ്ക്ക് സമനില ഗോൾ നേടുകയും ചെയ്തു. എന്നാൽ കളി തീരാൻ
മൂന്ന് മിനിട്ട് മാത്രം ബാക്കിനിൽക്കെ ഗോകുലത്തിന്‍റെ ഗോൾ മെഷീനായ നേപ്പാൾ
താരം സബിത്ര ഭണ്ഡാരിയിലൂടെ വിജയം കേരള ടീമിനെ തേടിയെത്തുകയായിരുന്നു.
ഫൈനലിലെ വിജയഗോൾ ഉൾപ്പടെ 18 ഗോളടിച്ചുകൂട്ടിയ സബിത്രയാണ് ടൂർണമെന്‍റിലെ
ടോപ് സ്കോറർ.

You must be logged in to post a comment Login