ആടൈ എന്ന് പേരിട്ട സിനിമയില്‍ തുണിപോലും ഉടുക്കാതെ അമല പോള്‍; ഫസ്റ്റ്‌ലുക്കിനെ വിമര്‍ശിച്ചും അഭിനന്ദിച്ചും സോഷ്യല്‍മീഡിയ

രത്‌നകുമാര്‍ സംവിധാനം ചെയ്യുന്ന ആടൈയാണ് അമലാപോളിന്റെ അടുത്ത തമിഴ് സിനിമ. സിനിമയുടെ പോസ്റ്റര്‍ ഇതിനോടകം ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ആക്രമിക്കപ്പെട്ട അവസ്ഥയിലാണ് അമലാപോളിനെ കാണുന്നത്. തമിഴില്‍ വലിയൊരു വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന സിനിമയായിരിക്കും ആടൈ എന്നത് ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് റിലീസ് ചെയ്ത ഈ പോസ്റ്ററില്‍ നിന്നു തന്നെ വ്യക്തമാണ്.

സംവിധായകന്‍ വെങ്കട്ട് പ്രഭുവാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ട്വിറ്ററിലൂടെ പുറത്തു വിട്ടത്. ടോയലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന അമലാ പോളാണ് പോസ്റ്ററിലുള്ളത്. ആടൈ (വസ്ത്രം) എന്ന് പേരിട്ട് തുണിപോലും ഉടുക്കാതെ ഗ്ലാമറസായി നില്‍ക്കുന്ന അമലെ കളിയാക്കി നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഐ സ്പിറ്റ് ഓണ്‍ യുവര്‍ ഗ്രേവ് എന്ന ചിത്രത്തിന്റെ പതിപ്പാണിതെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്. ഹോളിവുഡും കടന്നുള്ള ചിന്തയാണ് തമിഴ് സിനിമയ്‌ക്കെന്നും അഭിനന്ദനങ്ങളെന്നും ചിലര്‍ പറഞ്ഞു.

അസാധാരണ തിരക്കഥയാണ് ആടൈയുടേത്. മനുഷ്യവികാരങ്ങളുടെ പല അവസ്ഥാന്തരങ്ങളെ അഭിനേതാവ് എന്ന നിലയില്‍ ഈ ചിത്രത്തിലൂടെ കൊണ്ടു വരാനാകുമെന്നു വിശ്വസിക്കുന്നെന്നു അമലാപോള്‍ പറഞ്ഞു.

‘കാമിനി എന്നാണ് ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ആ കഥാപാത്രത്തിന്റെ സങ്കീര്‍ണതയില്‍ എനിക്ക് മാത്രമല്ല സുഹൃത്തുക്കള്‍ക്കും പരിഭ്രമമുണ്ട്. രത്‌നകുമാറിന്റെ മേയാതമാന്‍ കണ്ടിട്ടുണ്ട്. ഏറെ ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രശൈലിയിലും ആവിഷ്‌കാരത്തിലുമുള്ള വിശ്വാസം കൊണ്ടു തന്നെ ഈ സിനിമയുടെ കഥ കേട്ട് മറ്റു പ്രോജക്ടുകളെല്ലാം വേണ്ടെന്നു വച്ചാണ് ആടൈ സ്വീകരിച്ചത്,’ നടി പറഞ്ഞു.

ചിത്രം ഒരു ഡാര്‍ക്ക് കോമഡിയായിരിക്കുമെന്നും അമലയ്ക്ക് ജോഡിയുണ്ടാകില്ലെന്നും നേരത്തെ തന്നെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.  കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗായകന്‍ പ്രദീപ് കുമാറാണ്.

You must be logged in to post a comment Login