ആട് ആന്റണി കുറ്റക്കാരനാണെന്ന് കോടതി; ശിക്ഷ 22ന്

aadu1കൊല്ലം: പൊലിസ് ഡ്രൈവര്‍ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണി കുറ്റക്കാരനാണെന്ന് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു. 22ന്  ശിക്ഷ വിധിക്കും. കൊലപാതകം, കൊലപാതക ശ്രമം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി പറഞ്ഞു. അതേസമയം തെളിവ് നശിപ്പിച്ചു എന്ന പ്രോസിക്യൂഷന്റെ വാദം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2012 ജൂണ്‍ 26 ന് കൊല്ലം പാരിപ്പള്ളിയില്‍ മോഷണം നടത്തിയ ശേഷം വാനില്‍ കടന്നുകളയുകയായിരുന്ന ആട് ആന്റണിയെ ഗ്രേഡ് എസ്.ഐ ജോയിയും പൊലിസ് ഡ്രൈവറായിരുന്ന മണിയന്‍പിള്ളയും ചേര്‍ന്ന് തടഞ്ഞു. എന്നാല്‍ വാനിലുണ്ടായിരുന്ന കമ്പിപ്പാര എടുത്ത് ആന്റണി ജോയിയേയും മണിയന്‍പിള്ളയെയും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. മണിയന്‍പിള്ള തല്‍ക്ഷണം തന്നെ മരിച്ചു. ജോയി പരുക്കുകളോടെ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പിന്നീട് പൊലിസ് പിന്‍തുടര്‍ന്നതോടെ വാന്‍ ഉപേക്ഷിച്ച് ആന്റണി കടന്നുകളയുകയായിരുന്നു. കൊല നടത്തി രക്ഷപ്പെട്ട ഇയാളെ പിന്നെ പിടികൂടിയത് മൂന്നരവര്‍ഷത്തിന് ശേഷം പാലക്കാട്ടെ ഗോപാലപുരത്ത് നിന്നായിരുന്നു. ഗോപാലപുരത്തെ ഭാര്യ വീട്ടില്‍ നിന്നാണ് പിടികൂടിയത്. മോഷണം, കൊലപാതകം എന്നിവയുള്‍പ്പടെ ഇരുനൂറിലധികം കുറ്റകൃത്യങ്ങളിലെ പ്രതിയാണ്. ആന്റണി വര്‍ഗ്ഗീസ് എന്നാണ് യഥാര്‍ഥ പേര്.

You must be logged in to post a comment Login