ആണാകട്ടെ, പെണ്ണാകട്ടെ, നല്ലതും അല്ലാത്തതുമായ സ്പര്‍ശനങ്ങള്‍ കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക: ലൈംഗിക ചൂഷണത്തിനെതിരെ ബോധവത്കരണ സന്ദേശവുമായി റിമ (വീഡിയോ)

കൊച്ചി: സാക്ഷരതയിലും ആയുര്‍ദൈര്‍ഘ്യത്തിലും ഒന്നാമതാണെങ്കിലും കുട്ടികളോടുള്ള ലൈംഗികചൂഷണത്തില്‍ കേരളം ഇന്ത്യയില്‍ അഞ്ചാം സ്ഥാനത്താണ്. പത്രങ്ങളില്‍ ദിനംതോറും നമ്മള്‍ കാണുന്ന പീഡനവാര്‍ത്തകള്‍ ഇത് ശരിവെയ്ക്കുന്നതാണ്. പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കം പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും മാധ്യമങ്ങളില്‍ നിറയുന്നത്.

ഈ പശ്ചാത്തലത്തിലാണ് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെതിരെ ബോധവത്കരണ സന്ദേശവുമായി എത്തുന്ന വീഡിയോ ശ്രദ്ധിക്കപ്പെടുന്നത്. ചലച്ചിത്രതാരം റിമ കല്ലിങ്കല്‍ ആണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. യൂണിസെഫിന്റെ പിന്തുണയോടെ എസ് എച്ച് സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആണ് ഈ ബോധവത്ക്കരണ ചിത്രം തയ്യാറാക്കിയത്.

റിമയുടെ വാക്കുകള്‍:

‘സാക്ഷരതയിലും ആയുര്‍ദൈര്‍ഘ്യത്തിലും നമ്മുടെ കേരളം ഒന്നാമതാണ്. എന്നാല്‍, കുട്ടികളോടുള്ള ലൈംഗികചൂഷണത്തില്‍ അതേകേരളം ഇന്ത്യയില്‍ അഞ്ചാം സ്ഥാനത്താണ്. ഇത് ഞെട്ടിക്കുന്നതാണ്, പക്ഷേ സത്യം അതാണ്. നമ്മള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും. നമ്മള്‍ തന്നെ അതിന് പരിഹാരം കണ്ടെത്തണം. നമ്മുടെ കുട്ടികളെ, അത് ആണാകട്ടെ, പെണ്ണാകട്ടെ, സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ്. നല്ലതും അല്ലാത്തതുമായ സ്പര്‍ശനങ്ങള്‍ കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക. ശരീരത്തിലെ സ്വകാര്യ ഇടങ്ങള്‍, അതായത് നെഞ്ചിലും കാലിന്റെ ഇടുക്കുകളിലും പിന്‍ഭാഗത്തും അമ്മയും അച്ഛനുമല്ലാതെ ആരെയും സ്പര്‍ശിക്കാന്‍ അനുവദിക്കരുതെന്ന് അവരെ പറഞ്ഞു മനസിലാക്കണം.

കാരണം കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതില്‍ അമ്പതു ശതമാനം ആളുകളും അവര്‍ക്ക് പരിചയമുള്ളവരാണ്, അപരിചിതര്‍ അല്ല. നിങ്ങളുടെ കുട്ടികള്‍ നിങ്ങളോട് സംസാരിക്കാറുണ്ടോ? കാരണം ലൈംഗികചൂഷണത്തിനിരയായ 72 ശതമാനം കുട്ടികളും അത് ആരോടും തുറന്നു പറഞ്ഞിട്ടില്ല. നിങ്ങളുടെ കുട്ടികള്‍ക്ക് നിങ്ങളോട് തുറന്ന് ഭയമില്ലാതെ സംസാരിക്കാനുള്ള സാഹചര്യം ഒരുക്കി കൊടുക്കണം. നമ്മുടെ കുട്ടികളെ ബോധവാന്മാരാക്കുക, അല്ലാതെ ഭയമുള്ളവരാക്കുകയല്ല വേണ്ടത്.’

You must be logged in to post a comment Login