ആണ്‍കുട്ടികള്‍ക്കും ഹോം സയന്‍സ് നിര്‍ബന്ധിത പാഠ്യ വിഷയമാക്കുന്നു

ന്യൂഡല്‍ഹി: പെണ്‍കുട്ടികള്‍ക്കൊപ്പം രാജ്യത്തെ ആണ്‍കുട്ടികള്‍ക്കും ഹോം സയന്‍സ് നിര്‍ബന്ധിത പാഠ്യ വിഷയമാക്കാന്‍ ഒരുങ്ങുന്നു. വനിത ശിശു വികസന മന്ത്രാലയം തയ്യാറാക്കിയ ശുപാര്‍ശകള്‍ക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭിച്ചാല്‍ രാജ്യത്തെ ആണ്‍കുട്ടികള്‍ നിര്‍ബന്ധമായും ഹോം സയന്‍സ് പഠിക്കേണ്ടതായി വരും.

മന്ത്രിമാര്‍ ഒപ്പിട്ട ദേശീയ വനിതാ നയത്തിന്റെ കരട് കാബിനറ്റിന്റെ അനുമതിക്കായി അയച്ചിട്ടുണ്ടെന്ന് വനിത ശിശു വികസന മന്ത്രാലയ വക്താവ് അറിയിച്ചു. 15 വര്‍ഷത്തിനു ശേഷമാണ് ദേശീയ വനിതാ ശിശു നയം പുന:പരിശോധിക്കുന്നത്. ചെറുപ്രായത്തില്‍ തന്നെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കല്‍പിച്ചിരിക്കുന്ന ഗൃഹാധിഷ്ഠിത ജോലികളെ ഉടച്ചു വാര്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള ശുപാര്‍ശകളാണ് കരടിലുള്ളത്.

ഹോം സയന്‍സിനോടൊപ്പം ഫിസിക്കല്‍ എജുക്കേഷനും സ്‌കൂളില്‍ നിര്‍ബന്ധിത പാഠ്യ വിഷയമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. വിധവകള്‍ക്കും വിവാഹമോചനം നേടിയ സ്ത്രീകള്‍ക്കും നികുതിയില്‍ ഇളവുകളും പുതിയ വനിതാ നയത്തിന്റെ കരടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സ്‌കൂള്‍ ബസ്സുകളില്‍ വനിതാ ഡ്രൈവര്‍മാരെ നിയോഗിക്കാനുമുള്ള നിര്‍ദേശങ്ങളും ഇതിലുള്‍പ്പെടുന്നു. സ്‌കൂള്‍ കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നത് ചെറിയ അളവിലെങ്കിലും ഇതിലൂടെ തടയാനാവുമെന്നാണ് പ്രതീക്ഷ വനിതാ നയം നിലവില്‍ വന്ന 2001നു ശേഷം ആദ്യമായാണ് നയം പുനപരിശോധിക്കുന്നത്.

നയത്തിന്റെ കരട് രൂപം 2016ലാണ് തയ്യാറാവുന്നത്. ഇതില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്താനും അവലോകനം ചെയ്യാനും പ്രധാനമന്ത്രിയുടെ ഓഫീസ് മന്ത്രിമാരെ ചുമതലപ്പെടുത്തിയിരുന്നു. മാറ്റങ്ങള്‍ക്ക് ശേഷം ഒപ്പിട്ട രൂപമാണ് കാബിനറ്റിന്റെ അനുമതിക്കായി കാത്തിരിക്കുന്നത്.

You must be logged in to post a comment Login