ആത്മഹത്യ ചെയ്ത വിമുക്തഭടന്റെ കുടുംബത്തെ കാണാനെത്തിയ രാഹുല്‍ഗാന്ധിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു(വീഡിയോ)

ന്യൂഡല്‍ഹി: ആത്മഹത്യ ചെയ്ത വിമുക്ത ഭടന്‍ രാം കിഷന്‍ ഗ്രെവാളിന്റെ കുടുംബാംഗങ്ങളെ കാണാന്‍ ആസ്പത്രിയിലെത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ റാം മനോഹര്‍ ആസ്പത്രിയിലെത്തിയപ്പോള്‍ പൊലീസ് ആസ്പത്രിയുടെ ഗേറ്റ് അടക്കുകയും പ്രവേശനം നിഷേധിക്കുകയുമായിരുന്നു. കുറച്ച് സമയം പോലീസുദ്യോഗസ്ഥരുമായി അദ്ദേഹം തര്‍ക്കിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ഇതേ തുടര്‍ന്ന് അകത്തുകടക്കാന്‍ ബലപ്രയോഗം നടത്തിയതോടെയാണ് പൊലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്.

പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്താന്‍ ശ്രമിച്ചതിനാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തതെന്ന് ഡല്‍ഹി പൊലീസിലെ അഴിമതി വിരുദ്ധ സേനാ തലവന്‍ എം.കെ. മീണ വ്യക്തമാക്കി. ഡ്യൂട്ടി തടസപ്പെടുത്തുക എന്നതല്ല ജനാധിപത്യത്തിന്റെ അര്‍ഥം. ശക്തി പ്രകടനം നടത്താനുള്ള സ്ഥലമല്ല ആശുപത്രിയെന്ന് നേതാക്കള്‍ മനസിലാക്കണമെന്നും മീണ ആവശ്യപ്പെട്ടു. രാഷ്ട്രീയ നേതാക്കളുടെ സന്ദര്‍ശനം ആശുപത്രി പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നതിനാലാണ് ഇവരെ അകത്തുകടക്കാന്‍ അനുവദിക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

rahul-at-rml-hospital

ഇത് ജനാധിപത്യ വിരുദ്ധ മാനസികാവസ്ഥയാണെന്ന് രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരു പുതിയ ഇന്ത്യയാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നതെന്നും മോദിയുടെ ഇന്ത്യയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. എന്തുവിലകൊടുത്തും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കാണും. വിമുക്ത ഭടന്‍മാരുടെ ആവശ്യമനുസരിച്ച് ഏറ്റവും അര്‍ഥവത്തായ രീതിയില്‍ ഒരേ റാങ്ക്, ഒരേ പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍ ഏര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് ജന്തര്‍ മന്തറില്‍ സമരം നടത്തിവന്ന ഹരിയാന സ്വദേശിയായ രാം കിഷന്‍ ഗ്രെവാള്‍ ഇന്നലെ രാത്രിയാണ് മരിച്ചത്. പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് സൂചന. ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. വിമുക്ത ഭടന്മാരുടെ പ്രശ്‌നം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സൈനികരുടെ ക്ഷേമത്തിനുവേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും ആത്മഹത്യാ കുറിപ്പിലുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

ex-servicemen-protest_bbb24f7a-a0da-11e6-b234-3982876c2dbb

You must be logged in to post a comment Login