ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥിനികള്‍…

gghss,ekm, tribal visit 1കൊച്ചി:  ‘നിന്റെ മുടി ദാ, ഇങ്ങനെ സ്‌പൈക്ക് അടിക്ക്…ഇങ്ങനെ.. നോക്കൂ… ഇപ്പോ എന്താ ഒരു      ഭംഗി….’  തന്റെ മുടി വിരലുകളില്‍ കോര്‍ത്ത് മുകളിലേക്കുയര്‍ത്തിവച്ച് വാത്സല്യത്തോടെ   ചങ്ങാത്തം കൂടുന്ന നഗരത്തിലെ ചേച്ചിമാരോട് അജയന് വല്ലാത്തൊരു സ്‌നേഹം തോന്നി. അവന്റെമുഖം  സന്തോഷഭരിതമായി.

കുട്ടമ്പുഴ ആദിവാസി ഊരിലെ ഏകാദ്ധ്യാപക വിദ്യാലയത്തില്‍ ഇക്കഴിഞ്ഞ ദിവസം കണ്ട കാഴ്ചയാണിത്. അവിടത്തെ കുട്ടികളെ സ്വന്തം കൂടപ്പിറപ്പുകളെപ്പോലെ   ചേര്‍ത്തുനിര്‍ത്തി ചങ്ങാത്തം കൂടാനെത്തിയത് എറണാകുളത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ സ്‌കൂളായ ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം വോളന്റിയര്‍മാരായ വിദ്യാര്‍ത്ഥിനികളാണ്.

തുടര്‍ച്ചയായി മൂന്നാം തവണയാണ് ഈ സ്ൂളിലെ എന്‍എസ്എസ് പ്രവര്‍ത്തകര്‍  കുട്ടമ്പുഴ ആദിവാസി ഊരുകളിലെ കുഞ്ഞുങ്ങള്‍ക്ക് പഠനോപകരണങ്ങള്‍ക്കൊപ്പം സ്‌നേഹവും സൗഹൃദവും സമ്മാനിക്കാനെത്തിയത്. ജില്ലാ അതിര്‍ത്തിയായ ഇളംപല്‍ശ്ശേരി,    അഞ്ചരക്കണ്ടി, മേറ്റ്‌നാപാറ എന്നിവിടങ്ങളിലെ മൂന്ന് ഏകാദ്ധ്യാപക വിദ്യാലയങ്ങളിലേക്കായി സ്വരൂപിച്ച പഠനോപകരണങ്ങളും സ്‌കൂള്‍ബാഗ്, കമ്പിളിപ്പുതപ്പ്, വസ്ത്രങ്ങള്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, സ്റ്റീല്‍ പ്ലേറ്റുകള്‍ എന്നിവയടക്കം അരലക്ഷം രൂപയോളം വരുന്ന സാമഗ്രികളാണ്  ഇവര്‍ വിതരണം ചെയ്തത്.

കോതമംഗലം ടൗണില്‍നിന്ന് 34 കിലോമീറ്ററോളം കാട്ടിലേക്ക് പോകണം ഈ ഊരുകളിലെത്താന്‍. പരിമിതമായ സൗകര്യങ്ങളേ ഇവിടത്തെ ഏകാദ്ധ്യാപക വിദ്യാലയങ്ങളിലുള്ളൂ. ഒറ്റമുറികളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളില്‍ ഒന്നുമുതല്‍ നാലു വരെ ക്ലാസുകളിലായി അറുപതോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. പോഷകാഹാരത്തിന്റെ അഭാവം     മേഖലയിലെ മിക്ക ആദിവാസി ഊരുകളിലുമുണ്ടെന്ന് ഊരുമൂപ്പന്‍ രാജ്മണി പറഞ്ഞു.

പതിനാല് വര്‍ഷമായി മേറ്റ്‌നാപാറ ഏകാദ്ധ്യാപക വിദ്യാലയത്തില്‍ ജോലിചെയ്യുന്ന ലില്ലിജോസ്  ഇപ്പോള്‍ കാന്‍സര്‍ രോഗത്തിന് ചികില്‍സയിലാണ്. ലില്ലിടീച്ചറോട് സ്‌നേഹം കൂടിയും കയ്യില്‍ കരുതിയ ചെറിയ തുക ധനസഹായമായി ഏല്പിച്ചുമാണ് പ്രിന്‍സിപ്പാള്‍ കെ.എം. ശിവരാമന്‍, അദ്ധ്യാപകരായ എസ്. സജന്‍, ബെനിസണ്‍, വി.എം. ജയപ്രദീപ്, പി.ബി അനിത, എസ്. ബിനുകുമാര്‍, പിടിഎ പ്രസിഡന്റ് എ. അജിത്കുമാര്‍,നാഷണല്‍ സര്‍വീസ് സ്‌കീം  വോളന്റിയര്‍ ക്യാപ്റ്റന്‍മാരായ ഫാത്തിമ നസ്‌റിന്‍, അശ്വതി.കെ. ഷാനവാസ് എന്നിവരടങ്ങിയ സംഘം മടങ്ങിയത്.

പടം ക്യാപ്ഷന്‍
കുട്ടമ്പുഴ ആദിവാസി ഊരിലെ ഏകാധ്യാപക വിദ്യാലയം സന്ദര്‍ശിക്കാനെത്തിയ എറണാകുളം ഗവ. ഗേള്‍സ് ഹൈസ്‌ക്കൂളിലെ എന്‍.എസ്.എസ് വോളന്റിയര്‍മാര്‍.

You must be logged in to post a comment Login