ആദ്യ അഞ്ചലോട്ടക്കാരി


സോനു കെ. തോമസ്

1960-കളില്‍ വെളുത്ത് കൊലുന്നനെയുള്ള, സിന്ദൂരപ്പൊട്ടിട്ട് കൊങ്കിണിപ്പൂ ചൂടിയ ഒരു യുവതി ആലപ്പുഴ നഗരവീഥികളിലൂടെ തപാല്‍ ഉരുപ്പടികളുമായി സൈക്കിളില്‍ യാത്രചെയ്തിരുന്നു. കേരളത്തിലെ ആദ്യത്തെ പോസ്റ്റ് വുമണായ കെ.ആര്‍. ആനന്ദവല്ലി. ഇപ്പോള്‍ 85-കാരിയായ ആനന്ദവല്ലി തപാല്‍വിതരണത്തിന്റെആ പ്രതാപകാലം അയവിറക്കിക്കൊണ്ട് ആലപ്പുഴ ജില്ലയിലെ മുഹമ്മയില്‍ വിശ്രമജീവിതം നയിക്കുകയാണ്.
‘അന്നൊക്കെ കിലോമീറ്ററുകളോളം സൈക്കിളില്‍യാത്രചെയ്താണ് കത്തുകളും മറ്റും ഞങ്ങള്‍ കൈമാറിയിരുന്നത്. ഇന്നതെല്ലാം എത്രയെളുപ്പമായി! നിമിഷങ്ങള്‍കൊണ്ട് വിവരങ്ങളും സന്ദേശങ്ങളും കൈമാറാം. ചിത്രങ്ങളും പേജുകളോളമുള്ള ഫയലുകളും ഞൊടിയിടയില്‍ എവിടെ വേണമെങ്കിലും എത്തിക്കാം. ഓര്‍ക്കുമ്പോള്‍ അവിശ്വസനീയം’ -ആനന്ദവല്ലിയുടെ പ്രായംതളര്‍ത്താത്ത കണ്ണുകളില്‍ അദ്ഭുതത്തിന്റെ തിളക്കം.
ആലപ്പുഴ തത്തംപള്ളി അവലൂക്കുന്ന് കുന്നേപറമ്പില്‍ ആയുര്‍വേദ വൈദ്യകലാനിധി കെ.ആര്‍. രാഘവന്‍ വൈദ്യരുടെ ഏഴുമക്കളില്‍ മൂത്തവളായി 1933 സെപ്റ്റംബര്‍ ആറിനാണ് ആനന്ദവല്ലിയുടെ ജനനം. ആലപ്പുഴ എസ്.ഡി.വി. ഹൈസ്‌കൂളില്‍നിന്ന് മെട്രിക്കുലേഷനും എസ്.ഡി. കോളേജില്‍നിന്ന് കൊമേഴ്‌സില്‍ ബിരുദവും പാസായി. ചെറുപ്പംമുതലേ തപാല്‍ജോലിയോട് ആനന്ദവല്ലിക്ക് വല്ലാത്ത ഒരിഷ്ടമായിരുന്നു.
ഇതിനിടെയാണ് 1967 ആഗസ്ത് 17-ന് സംസ്‌കൃതാധ്യാപകനും പണ്ഡിതനുമായ മുഹമ്മ തോട്ടുമുഖപ്പില്‍ കൊച്ചാപ്പന്റെ മകന്‍ വി.കെ. രാജന്റെ ജീവിതസഖിയായത്. നെറ്റിയില്‍ വട്ടപ്പൊട്ടും മുടിയില്‍ ഓറഞ്ചുനിറമുള്ള കനകാംബരപ്പൂവും ധരിച്ച് സൈക്കിളില്‍ നഗരംചുറ്റുന്ന വെളുത്ത സുന്ദരി അന്ന് ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു.
പോസ്റ്റ് വുമണായിരുന്നപ്പോള്‍ ലഭിച്ച ആദ്യശമ്പളം 97 രൂപ 50 പൈസയായിരുന്നു. അതിനുശേഷം പതിനാറുവര്‍ഷം കഴിഞ്ഞാണ് ശമ്പളം നാലക്കം കടന്നത്. ഇന്ന് തുടക്കക്കാര്‍തന്നെ അഞ്ചക്കശമ്പളം കൈപ്പറ്റുന്നുണ്ട്.
എത്രയോ പെന്‍ഷനുകള്‍, കത്തുകള്‍, രജിസ്‌ട്രേഡ് കത്തുകള്‍, മണിയോര്‍ഡറുകള്‍ എല്ലാം ആനന്ദവല്ലിയുടെ കൈകളിലൂടെ കൃത്യമായി ഉടമസ്ഥര്‍ക്ക് എത്തിച്ചുകൊടുത്തിരിക്കുന്നു.
ആലപ്പുഴയിലെ വിവിധ പോേസ്റ്റാഫീസുകളില്‍ ക്‌ളാര്‍ക്കും പോസ്റ്റുമിസ്ട്രസുമായി സേവനമനുഷ്ഠിച്ച ആനന്ദവല്ലി 1991-ല്‍ മുഹമ്മ പോസ്റ്റോഫീസില്‍നിന്ന് പോസ്റ്റ്മിസ്ട്രസായി വിരമിച്ചു.
മകന്‍ ആര്‍. ധനരാജിനൊപ്പമാണ് ആനന്ദവല്ലി ഇപ്പോള്‍ താമസിക്കുന്നത്.

You must be logged in to post a comment Login