ആദ്യ ഏകദിനം: ഇന്ത്യക്ക് ബാറ്റിംഗ്; ടീമിൽ സർപ്രൈസ്

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് നായകൻ ആരോൺ ഫിഞ്ച് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളും ശക്തമായ ഫൈനൽ ഇലവനെയാണ് രംഗത്തിറക്കിയിരിക്കുന്നത്.

ഇന്ത്യൻ നിരയിൽ മൂന്ന് ഓപ്പണർമാരും ഇടം നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ക്യാപ്റ്റൻ വിരാട് കോലി ലോകേഷ് രാഹുലിനു പിന്നാലെ നാലാം നമ്പറിൽ ഇറങ്ങിയേക്കും. പേസ് ഡിപ്പാർട്ട്മെൻ്റിൽ നവദീപ് സെയ്നിയെ മറികടന്ന് ഷർദ്ദുൽ താക്കൂർ ഇടം നേടിയതാണ് ഇന്ത്യൻ ടീമിലെ സർപ്രൈസ്. സമീപകാലത്ത് ബാറ്റിംഗിൽ ഷർദ്ദുൽ കാഴ്ച വെക്കുന്ന പ്രകടനങ്ങൾ ഈ തീരുമാനത്തിനു സഹായകരമായിട്ടുണ്ടെന്ന് കരുതപ്പെടുന്നു. കുൽദീപ് യാദവാണ് സ്പെഷ്യലിസ്റ്റ് സ്പിന്നർ. രവേന്ദ്ര ജഡേജ ഓൾറൗണ്ടറായി ടീമിൽ ഇടം നേടി. ബുംറയും ഷമിയും പേസ് ഡിപ്പാർട്ട്മെൻ്റിനെ നയിക്കും.

ഓസീസ് ടീമിൽ മാർനസ് ലബുഷാനെ ഇടം നേടി. കഴിഞ്ഞ വർഷം ടീമിനായി ടെസ്റ്റ് മത്സരങ്ങളിൽ സ്ഥിരതയാർന്ന പ്രകടനങ്ങൾ കാഴ്ച വെച്ച ലബുഷാനെക്കൊപ്പം ടോപ്പ് ഓർഡറിൽ വാർണറും ഫിഞ്ചും ഇറങ്ങും. സ്റ്റീവൻ സ്മിത്ത് നാലാം നമ്പറിലാണ്. ആദം സാംബ സ്പെഷ്യലിസ്റ്റ് സ്പിന്നറാവുമ്പോൾ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, കെയിൻ റിച്ചാർഡ്സൺ എന്നിവർ പേസ് ഡിപ്പാർട്ട്മെൻ്റ് കൈകാര്യം ചെയ്യും. ആഷ്ടൺ ടേണർ, ആഷ്ടൺ ആഗർ എന്നിവരും ഓസീസ് നിരയിൽ കളിക്കും.

You must be logged in to post a comment Login