ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍വല കാക്കുന്നത് ആര്? ഡേവിഡും സംശയത്തില്‍?

ഐഎസ്എല്‍ പുതിയ സീസണിന് തുടക്കം കുറിക്കാന്‍ ദിവസങ്ങള്‍ മാത്രമാണുള്ളത്. അതിന്റെ ആവേശത്തിലാണ് ആരാധകര്‍. കേരളം ഒന്നടങ്കം പുതിയ സീസണെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ ഇപ്പോഴെ തുടങ്ങി കഴിഞ്ഞു. മഞ്ഞപ്പട ആരാധകര്‍ ഇത്തവണ ഏറെ പ്രതീക്ഷയിലാണ്. കഴിഞ്ഞ വര്‍ഷത്തെ കലിപ്പടക്കാന്‍ ബ്ലാസ്റ്റേഴ്‌സ് കച്ചക്കെട്ടി ഇറങ്ങുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ആരാധകരുടെ പ്രതീക്ഷ ഹൃദയത്തിലേറ്റി ബ്ലാസ്റ്റേഴ്‌സും മികച്ച വിജയം കൊയ്യാനുള്ള തീവ്ര ശ്രമത്തിലാണ്. അവസാനവട്ട ഒരുക്കത്തിലാണ് ടീമുകളെല്ലാം.

തായ്‌ലന്‍ഡില്‍ പ്രീസീസണ്‍ കളിക്കുന്നതിന്റെ തിരക്കിലാണ് ബ്ലാസ്റ്റേഴ്‌സ്. ഈ സീസണില്‍ യുവതാരങ്ങളെ അണിനിരത്തിയാണ് ജെയിംസ് ടീമിനെ അവതരിപ്പിച്ചിരിക്കുന്നത്. യുവതാരങ്ങളുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമാകുന്നത് ഗോള്‍വലയ്ക്കു മുന്നിലാകും. രണ്ടു യുവ ഇന്ത്യന്‍ ഗോള്‍കീപ്പര്‍മാരാണ് ഇത്തവണ ടീമിലുള്ളത്. ധീരജ് സിംഗും നവീന്‍ കുമാറും. ഇന്ത്യന്‍ അണ്ടര്‍ 17 ടീമിനായി ലോകകപ്പില്‍ കാഴ്ച്ചവച്ച തകര്‍പ്പന്‍ പ്രകടനമാണ് ധീരജിന്റെ കൈമുതല്‍. നവീന്‍ കുമാറാകട്ടെ ഐഎസ്എല്ലില്‍ അപരിചിതനല്ല. കഴിഞ്ഞ സീസണില്‍ ഗോവയുടെ പോസ്റ്റിന് കാവല്‍ നിന്നത് ഈ യുവതാരമാണ്.

Image result for Naveen Kumar IN BLASTERS

കട്ടിമണിയുടെ കൈകള്‍ക്ക് ചോര്‍ച്ച സംഭവിച്ചപ്പോള്‍ ഗ്ലൗ അണിഞ്ഞ നവീന്‍ നിരവധി സേവുകളിലൂടെ ആരാധകരുടെ മനംകവര്‍ന്നു. ഇത്തവണ ആദ്യ മത്സരത്തില്‍ ഇവരില്‍ ആരാകും ഗോള്‍വലയ്ക്കു മുന്നില്‍ നില്‍ക്കുക. തീരുമാനം എടുക്കാന്‍ ജെയിംസ് വിഷമിക്കുമെങ്കിലും ആദ്യ പരിഗണന നവീന്‍ കുമാറിന് ലഭിക്കാനാണ് സാധ്യത. ഐഎസ്എല്ലില്‍ ധീരജ് പുതുമുഖം ആണെന്നത് തന്നെയാകും പ്രധാന കാരണം.

ആദ്യ മത്സരത്തില്‍ തന്നെ ധീരജിന് വലിയ സമ്മര്‍ദം കൊടുക്കേണ്ടെന്ന് ജെയിംസ് തീരുമാനിച്ചാല്‍ നവിന്‍കുമാര്‍ വലകാക്കും. പ്രീസീസണിലെ കാഴ്ചകള്‍ സൂചകമാണെങ്കില്‍ ലീഗില്‍ ധീരജും നവീനും മാറിമാറി ബ്ലാസ്റ്റേഴ്‌സ് വലയ്ക്ക് കാവല്‍ നില്‍ക്കാനാണ് സാധ്യത.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം എഡിഷന്‍ സെപ്റ്റംബര്‍ അവസാനത്തോടെ തുടങ്ങും. സെപ്റ്റംബര്‍ 29ന് തുടങ്ങുന്ന ടൂര്‍ണമെന്റിന് ഇത്തവണ ആറ് മാസത്തോളം ദൈര്‍ഘ്യമുണ്ടാകും. 2019 മാര്‍ച്ച് പകുതിയോടെയാകും ഐഎസ്എല്‍ സമാപിക്കുക. ഇഎന്നാല്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ ഉണ്ടാകില്ല എന്നതാകും ഇത്തവണത്തെ പ്രത്യേകത. മത്സരത്തിന് മൂന്ന് ഇടവേളകളുണ്ടാകും എന്ന പ്രത്യേകതയുമുണ്ട്.

ഇന്ത്യന്‍ ടീമിന്റെ രണ്ട് സൗഹൃദ മത്സരങ്ങള്‍ നടക്കുന്നതിനാല്‍ ഒക്ടോബറിലും നവംബറിലും ചെറിയ ഇടവേളയും അരങ്ങേറുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യ കളിക്കുന്നതുമൂലം വലിയൊരു ഇടവേളയ്ക്കും ടൂര്‍ണമെന്റ് സാക്ഷ്യം വഹിക്കും. ഡിസംബര്‍ പകുതിയോടെ നിര്‍ത്തിവെക്കുന്ന ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ ഫെബ്രുവരി വരെ ആരാധകര്‍ കാത്തിരിക്കേണ്ടിവരും.അതെസമയം അഞ്ചാം സീസണില്‍ പുതിയ ടീമുകള്‍ക്ക് ഐഎസ്എല്‍ പ്രവേശനം സാധ്യമാകില്ല.

ഐഎസ്എല്‍ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ലിമിറ്റഡ് ഈ വര്‍ഷം പുതിയ ടീമുകളെ ക്ഷണിക്കേണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ കൊല്‍ക്കത്ത വമ്പന്‍മാരായ ഈസ്റ്റ് ബംഗളിന്റെ ഐഎസ്എല്‍ മോഹങ്ങള്‍ക്ക് ഈ സീസണില്‍ മങ്ങലേറ്റു. കഴിഞ്ഞ വര്‍ഷം നടന്ന സൂപ്പര്‍ കപ്പില്‍ രണ്ടാമതെത്താന്‍ ഈസ്റ്റ് ബംഗാളിന് കഴിഞ്ഞിരുന്നു. ഇതോടെ ടീമിലേക്ക് വലിയ നിക്ഷേപമാണ് എത്തിയത്.

അതെസമയം, ഐഎസ്എല്‍ അഞ്ചാം സീസണായി വിവിധ ക്ലബുകള്‍ കൈമെയ് മറന്നുളള ഒരുക്കത്തിലാണ്. ഇന്ത്യയിലെ തന്നെ ആദ്യ പ്രീസീസണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ച് ബ്ലാസ്റ്റേഴ്‌സും സ്പാനിഷ് പര്യടനം നടത്തുന്ന ബെംഗളൂരു എഫ്‌സിയുമാണ് വലിയ മുന്നൊരുക്കം നടത്തുന്നത്.

You must be logged in to post a comment Login