ആധാരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന വിജ്ഞാപനം വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ആധാരങ്ങള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം നല്‍കിയെന്ന വാര്‍ത്ത വ്യാജമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആഗസ്റ്റ് 14നകം ആധാരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നായിരുന്നു പ്രചരണം. ആധാറുമായി ബന്ധിപ്പിക്കാത്തത് ബിനാമി ഇടപാടായി കണക്കാക്കുമെന്നുമായിരുന്നു പ്രചരിച്ചത്.

കൂടാതെ ഇതുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ കേന്ദ്രസർക്കാർ ചീഫ് സെക്രട്ടറിമാർ, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, ലഫ്റ്റനന്റ് ഗവർണർമാർ, നീതി ആയോഗ് സെക്രട്ടറിമാർ എന്നിവർക്ക് അയച്ചുവെന്നും വാർത്തകളുണ്ടായിരുന്നു. ദേശീയ മാധ്യമങ്ങൾ അടക്കം പ്രാധാന്യത്തോടെ ഈ വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ രംഗത്തെത്തിയത്.

എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഡിസംബര്‍ 31 നകം എല്ലാ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണം. അല്ലാത്ത പക്ഷം നിലവിലുള്ള അക്കൗണ്ടുകള്‍ അസാധുവാകും. പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആധാരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന വ്യാജ വാര്‍ത്തയെത്തിയത്.

You must be logged in to post a comment Login