ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച് ഇ ഹെല്‍ത്ത് രജിസ്റ്റര്‍: മന്ത്രി ശൈലജ

കൊച്ചി: സംസ്ഥാനത്തെ എല്ലാ പൗരന്‍മാരുടെയും ആരോഗ്യപ്രശ്‌നങ്ങള്‍, പ്രത്യേകതകള്‍ എന്നിവ ഇലക്‌ട്രോണിക് രീതിയില്‍ രേഖപ്പെടുത്തുന്ന ഇ ഹെല്‍ത്ത് രജിസ്റ്റര്‍ നടപ്പാക്കുമെന്ന് ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച് നടപ്പാക്കുന്ന ഇ രജിസ്റ്റര്‍ വ്യക്തികളുടെ സമഗ്ര ആരോഗ്യ രേഖയായിരിക്കും. അടിയന്തിര ഘട്ടങ്ങളില്‍ ആശുപത്രികളില്‍ എത്തുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ മറ്റ് രേഖകളൊന്നുമില്ലാതെ വിരല്‍സ്പര്‍ശത്തില്‍ ലഭ്യമാക്കാന്‍ ഇ ഹെല്‍ത്ത് രജിസ്റ്റര്‍ വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ കാത് ലാബിന്റെയും അഡ്വാന്‍സ്ഡ് ഇന്‍വേസീവ് കാര്‍ഡിയാക് കെയര്‍ യൂണിറ്റിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
എറണാകുളം അടക്കം ഏഴു ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ ഇ ഹെല്‍ത്ത് രജിസ്റ്റര്‍ നടപ്പാക്കുക. പ്രാഥമികതലത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍, ചികിത്സ, മരുന്നുകള്‍ തുടങ്ങിയവ രജിസ്റ്ററിലുണ്ടാകുമെന്നതിനാല്‍ മെഡിക്കല്‍ കോളേജ് അടക്കമുള്ള മറ്റ് ആശുപത്രികളില്‍ കാലതാമസമില്ലാതെ വിദഗ്ധ ചികിത്സ ലഭിക്കും. വിവിധ തലങ്ങളെ സ്പര്‍ശിക്കുന്ന സമഗ്ര ആരോഗ്യ നയം പണിപ്പുരയിലാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ ജില്ലാ, താലൂക്ക് ആശുപത്രികളുടെ അവസ്ഥ സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. ഇതിന്റെ തുടര്‍ച്ചയായി താഴെത്തലത്തിലും പരിശോധന നടക്കും. 1961ലെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചാണ് ഇപ്പോഴും സര്‍ക്കാര്‍ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ അടിയന്തിരമായി മാറ്റം വരുത്തിയാല്‍ മാത്രമേ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാകൂ. രാജ്യത്ത് ഏറ്റവും മികച്ച പൊതുജനാരോഗ്യ സംവിധാനം കേരളത്തിലാണെങ്കിലും ആശുപത്രികളില്‍ തിരക്കൊഴിയുന്നില്ല. പഠന, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കേണ്ട മെഡിക്കല്‍ കോളേജുകളിലേക്ക് രോഗികളുടെ ഒഴുക്ക് നിയന്ത്രിക്കണമെങ്കില്‍ ജില്ലാ, താലൂക്ക് ആശുപത്രികളുടെ നിലവാരം മെച്ചപ്പെടണം. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കിലുള്ള ചികിത്സ എല്ലാ തലങ്ങളിലും ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ഫാമിലി ഹെല്‍ത്ത് സെന്ററുകളാക്കുന്നത് ഇതിന്റെ ആദ്യപടിയാണ്. ഈ കേന്ദ്രങ്ങളുടെ പരിധിയിലുള്ളവരുടെ ആരോഗ്യസ്ഥിതി നിരീക്ഷണ വിധേയമാക്കി തുടര്‍ പരിശോധനകള്‍ ഉറപ്പാക്കും. ഭക്ഷണക്രമീകരണം, യോഗ തുടങ്ങിയവയും ചികിത്സയുടെ ഭാഗമായി പ്രോത്സാഹിപ്പിക്കും. നിലവില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളാക്കി ഉയര്‍ത്തിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സ്റ്റാഫ് പാറ്റേണ്‍ പുതുക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
താലൂക്ക് ആശുപത്രികളെ സ്‌പെഷ്യാലിറ്റി ആശുപത്രികളും ജില്ല ആശുപത്രികളെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളുമാക്കി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ആശുപത്രികളില്‍ എം.പി, എം.എല്‍.എ ഫണ്ടും മറ്റ് വികസന നിധികളും ഉപയോഗിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതിന് ഏകോപിത രൂപമില്ല. മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി നിലവിലുള്ള സൗകര്യങ്ങള്‍ സംയോജിപ്പിച്ച് ആശുപത്രികള്‍ മികവുറ്റതാക്കണം. സംസ്ഥാനത്തെ ആശുപത്രികളുടെ പശ്ചാത്തല വികസനത്തിന് സഹായകമായ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍ ചികിത്സാ സൗകര്യങ്ങളില്‍ മാത്രമല്ല കെട്ടിലും മട്ടിലും മികച്ചതും മനോഹരവുമായിരിക്കണം. ദാരിദ്ര്യവും രോഗവും പ്രതിഫലിപ്പിക്കുന്നതാകരുത് ആശുപത്രിയുടെ അന്തരീക്ഷം. രോഗികള്‍ക്ക് സാന്ത്വനമേകാന്‍ കഴിയുന്ന സാന്നിധ്യമാകണം ആശുപത്രി. ആശുപത്രി വികസന സമിതികള്‍ക്ക് ഇക്കാര്യത്തില്‍ കാര്യമായ ഇടപെടല്‍ നടത്താനാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ആശുപത്രികള്‍ സ്‌പെഷ്യാലിറ്റി സൗകര്യത്തോടെ വികസിപ്പിക്കുമ്പോള്‍ വിദഗ്ധ ഡോക്ടര്‍മാരുടെ അഭാവം പ്രശ്‌നമാണ്. സ്വകാര്യ മേഖലയിലെ ലേലം വിളിയും വന്‍ ശമ്പളവും സര്‍ക്കാര്‍ മേഖലയില്‍ നടക്കില്ല. പി.ജി പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ മൂന്നു വര്‍ഷം സര്‍ക്കാര്‍ സര്‍വീസില്‍ പ്രവര്‍ത്തിക്കണമെന്ന നിബന്ധന കൊണ്ടുവരാനുദ്ദേശിക്കുന്നത് ഈ പ്രതിസന്ധി തരണം ചെയ്യാനാണ്. ഇത്തരത്തില്‍ പഠനവും സേവനവും പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന ഡോക്ടര്‍മാരെ സര്‍ക്കാര്‍ സര്‍വീസിലേക്കെടുക്കുന്നതിന് പി.എസ്.സിയുമായി ആലോചിച്ച് സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

You must be logged in to post a comment Login