ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട സമയ പരിധി നീട്ടി

ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട സമയ പരിധി നീട്ടി. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള സമയം. ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്നലെ അര്‍ധരാത്രിയോടെ അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ സമയ പരിധി നീട്ടിയത്.

പുതിയ ഉത്തരവ് അനുസരിച്ച് 2019 മാര്‍ച്ച് 31 ആണ് അവസാന തീയ്യതി. ഇത് അഞ്ചാം തവണയാണ് സര്‍ക്കാര്‍ സമയം നീട്ടി നല്‍കുന്നത്. ആദ്യ ഉത്തരവ് പ്രകാരം 2017 ജൂലൈ 31നകമായിരുന്നു ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടിയിരുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാര്‍ പാര്‍ലമെന്റിന് മുന്നില്‍ അവതരിപ്പിച്ച കണക്ക് പ്രകാരം 33 കോടി പാന്‍ കാര്‍ഡുകളില്‍ 16.65 കോടി പാന്‍ കാര്‍ഡുകള്‍ മാത്രമേ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളു. 87.79 കോടി ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

ആധാറുമായി പാന്‍ കാര്‍ഡിനെ ബന്ധിപ്പിച്ചാല്‍ മാത്രമേ ആദായ നികുതിയടക്കാന്‍ കഴിയൂ. നേരത്തെ ഇത് സംബന്ധിച്ച ഹര്‍ജിയില്‍ സമയ പരിധി നീട്ടാന്‍ ആകില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ എടുത്തത്. എന്നാല്‍ ഹര്‍ജികള്‍ തീര്‍പ്പാക്കും വരെ സമയം നല്‍കാന്‍ കോടതി ഉത്തരവ് ഇടുകയായിരുന്നു. ആധാര്‍ നിര്‍ബന്ധമാക്കാമോയെന്നത് അടക്കമുള്ള ഹരജിയില്‍ സുപ്രീംകോടതി വൈകാതെ ഉത്തരവ് പറയാനിരിക്കുകയാണ്.

You must be logged in to post a comment Login